ഗൃഹസ്ഥാശ്രമിയായി ഇരുന്നുകൊണ്ടുതന്നെ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ കഴിയും. പക്ഷേ, ശരിയായ ഗൃഹസ്ഥാശ്രമിയായിരിക്കണം. ഗൃഹത്തെ ആശ്രമമായി കാണണം. എന്നാല്‍ ഇന്ന് യഥാര്‍ത്ഥ ഗൃഹസ്ഥാശ്രമികള്‍ ആരുണ്ട്? ശരിയായ ഗൃഹസ്ഥാശ്രമിക്ക് യാതൊന്നിനോടും ബന്ധമില്ല. എല്ലാം ഈശ്വരേച്ഛയായി കാണുന്നു. തന്റെ ജീവതം പൂര്‍ണ്ണമായി ഈശ്വരന് സമര്‍പ്പിച്ചുകഴിഞ്ഞശേഷം ചെയ്യുന്ന കര്‍മ്മങ്ങളോട് യാതൊരു അലട്ടലുമില്ല. ജീവിതത്തില്‍ ധര്‍മ്മത്തിനാണ് പ്രാധാന്യം. കുടുംബത്തില്‍ കഴിയുന്നുണ്ടെങ്കിലും മനസ്സുമുഴുവന്‍ ഈശ്വരനിലാണ്. ഭാര്യയെയും കുട്ടികളെയും നോക്കുന്നതിലും ലോകസേവനത്തിലും യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല. കാരണം, അത് ഈശ്വരന് തനിക്ക് നല്കിയ ഡ്യൂട്ടിയായി കാണുന്നു. അത് ശ്രദ്ധയോടെ ചെയ്യും. മറിച്ച് ഇന്നുള്ളവരെപ്പോലെ അതില്‍ ഒട്ടിനില്ക്കുന്നില്ല.
തത്ത്വം ഉള്‍ക്കൊണ്ട് നീങ്ങിയാല്‍ ഗൃഹത്തിലിരുന്നും നിരന്തരം സാധന ചെയ്യാം. പക്ഷേ, വിചാരിക്കുന്നതുപോലെ ഇതത്ര എളുപ്പമല്ല. ടെലിവിഷന്‍ ഓണാക്കിവച്ചിട്ട്, അതിന്റെ മുന്നിലിരുന്ന് ജോലിചെയ്താല്‍, നമ്മള് അതില്‍ നോക്കിപ്പോകും. അഥവാ നോക്കാതിരിക്കണമെങ്കില്‍ അത്ര വൈരാഗ്യം വേണം.
കാരണം, നമ്മുടെ വാസനയാണ്. ഗൃഹത്തില്‍ എല്ലാ പ്രാരബ്ധങ്ങളുടെയും നടുവില്‍ ഇരുന്നുകൊണ്ട് ഈശ്വരന് വിളിക്കാന്‍ കഴിയുന്നതുതന്നെ ഒരു വലിയ കാര്യമാണ്. അമ്മയുടെ അടുത്തുവരുന്ന എത്രയോ ഗൃസ്ഥമക്കള്, മുടങ്ങാതെ ധ്യാനവും പൂജയും ജപവും അര്‍ച്ചനയും നടത്തുന്നു. അര്‍ച്ചന നടത്താതെ ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല എന്നാണ് പലരുടെയും ചിട്ട. അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം നിറയും. ബ്രഹ്മചാരികളായ നിങ്ങളാകട്ടെ, സ്വയം, പൂര്‍ണമായും ലോകത്തിന് സമര്‍പ്പിക്കാന്‍ വേണ്ടിവന്നവരാണ്. മനസ്സിനെ പൂര്‍ണ്ണമായും ഈശ്വരനില്‍ ബന്ധിക്കണം. മറ്റൊരു ചിന്തയ്ക്കും ഇടം കൊടുക്കരുത്.
– അമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: