പാലക്കാട്: റാങ്ക്ലിസ്റ്റ് നിലവിലിരിക്കെ സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പില്‍ സര്‍വേയര്‍/ഡിജിറ്റലൈസര്‍ തസ്തികയില്‍ 3900 പേരെ ദിവസകൂലിക്ക് നിയമിക്കാന്‍ നീക്കം. സംസ്ഥാനത്തെ എട്ടുജില്ലകളിലെ 130 വില്ലേജുകളിലായാണ് 3900 ഒഴിവുകളിലേക്ക് 300 രൂപ ദിവസവേതനത്തിന് എംപ്ലോയ്മെന്റ് മുഖേന താല്‍ക്കാലിക നിയമനം നടത്താന്‍ ഒരുങ്ങുന്നത്. പിഎസ്സി ആര്/എല്‍ നമ്പര്‍: 309/2008/ഇആര്ഐ തിയതി 15.11.2008 കാറ്റഗറി നമ്പര്‍ 215/2005 പ്രകാരമുള്ള റാങ്ക്ലിസ്റ്റിന്റെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കാനിരിക്കെ പിന്‍വാതില്‍ നിയമനവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നടപടി ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കും.
2008 നവംബര്‍ 15 ന് നിലവില്‍ വന്ന രണ്ടാംതരം സര്‍വേയര്‍ റാങ്ക് പട്ടികയില്‍ 2612 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 721 പേര്‍ക്കുമാത്രമാണ് ഇതുവരെയായി നിയമനം ലഭിച്ചത്. ലിസ്റ്റ് കാലാവധി ഈ നവംബര്‍ 15 ന് തീരേണ്ടതാണെങ്കിലും സര്‍ക്കാര്‍ ദീര്ഘിപ്പിച്ചതനുസരിച്ച് ഡിസംബര്‍ 31 വരെ നിലനില്ക്കും. ഒരുവശത്ത് റാങ്ക്ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുകയും മറുവശത്ത് താല്‍ക്കാലിക നിയമനം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും കഴിഞ്ഞ 19 ന് ഇറങ്ങിയ ഉത്തരവില്‍(നമ്പര്‍: എല്‍ 3/29372/2011/ഡിഇ) എട്ടുജില്ലകളിലെ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍മാരോട് താല്‍ക്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടിക തയ്യാറാക്കി 28 നകം ഡയറക്ടറേറ്റില്‍ പ്രത്യേക ദൂതന്‍വശം എത്തിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വില്ലേജ് തിരിച്ചുള്ള ഒഴിവുകളാണ് കത്തില്‍ പറയുന്നത്. മൊത്തം വരുന്ന 3900 ഒഴിവുകളിലേക്കായി 11,700 ഉദ്യോഗാര്‍ഥികളുടെ പട്ടിക തയ്യാറാക്കാനാണ് നിര്‍ദേശം.
ഇതുപ്രകാരം താല്‍ക്കാലിക നിയമനം നടത്തുന്നപക്ഷം നിലവില്‍ റാങ്ക്ലിസ്റ്റിലുള്ള ഭൂരിഭാഗം പേര്‍ക്കും ഇനി സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം തന്നെ ഇല്ലാതാവും. ഇനിയൊരു തസ്തികക്ക് അപേക്ഷിക്കാന്‍ കഴിയാത്തവിധം പ്രായപരിധി എത്തിയവരാണ് ലിസ്റ്റിലുള്ളതില്‍ ഭൂരിഭാഗവും. സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പില്‍ സര്‍വേ അസിസ്റ്റന്റ് എന്ന രീതിയില്‍ 2009 ലും ദിവസകൂലിക്ക് നിയമനം നടത്താന്‍ നീക്കം നടന്നിരുന്നു. അന്ന് 200 രൂപയാണ് വേതനമായി നിശ്ചയിച്ചിരുന്നത്. റാങ്ക്ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ഇത് ചോദ്യംചെയ്തുകൊണ്ട് കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു.
2003 നവംബര്‍ 19 ന് പുറത്തിറങ്ങിയ ജിഒ(പി) നമ്പര്‍: 34/2003 പി ആന്റ് എആര്‍ഡി ഉത്തരവ് പ്രകാരം റീസര്‍വെ വകുപ്പില്‍ 654 തസ്തികകള്‍ കുറവ് ചെയ്തിരുന്നു. പിന്നീട് പലപ്പോഴായി വകുപ്പില്‍ 722 തസ്തികകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സര്‍വേ ഡയറക്ടര്‍ റവന്യൂ(ഇ) വകുപ്പിലേക്ക് ശുപാര്‍ശ നല്‍കിയെങ്കിലും ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. അതിനിടെ സര്‍വേ അദാലത്ത് എല്‍ആര്‍എം ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ താലൂക്ക് ഓഫീസുകളിലേക്ക് മാറ്റി അതിലേക്ക് 2010 ജൂണില്‍ സര്‍വെ വകുപ്പില്‍ നിന്നും ആയിരത്തോളം ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ താലൂക്ക് ഓഫീസുകളില്‍ നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെ സര്‍വെ വകുപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റിയ സ്ഥിതിയിലാണ്.
കെ.കെ. പത്മഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: