കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നടപടികളുണ്ടാകുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഇ.ശ്രീധരന് പറഞ്ഞു. നോര്‍ത്ത് മേല്‍പ്പാലം പണിയുടെ പുരോഗതി വിലയിരുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 മാസത്തിനകം എല്ലാ പ്രാരംഭ ജോലികളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മാണം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും. ദല്‍ഹി, ബാംഗ്ലൂര്‍ നഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെ താരതമ്യേന ഇടുങ്ങിയ റോഡുകള്‍ മെട്രോ നിര്‍മാണ പ്രവൃത്തികള്‍ സുഗമമായി നടത്താന്‍ യാതൊരുവിധത്തിലും തടസമാകാതെ നോക്കേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് ജലാംശം കൂടിയ മണ്ണായതിനാല്‍ കൊച്ചിയില്‍ പെയിലിംഗ് ജോലികള്‍ കൂടുതലുണ്ടാകും. മെട്രോ റെയില്‍ സമയബന്ധിതമായി കമ്മീഷന് ചെയ്യാന്‍ ഇതൊന്നും തടസമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ വേളയില്‍ ഉണ്ടായേക്കാവുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ ഉള്‍ക്കൊളളാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊളിച്ച് മാറ്റിയ ചെറിയ പാലത്തിന് പകരമുളള നിര്‍മാണ പ്രവൃത്തികള്‍ നാളെത്തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. ആ വശത്തുളള ടെലിഫോണ്‍ കേബിളുകളും മറ്റും അഞ്ച് ദിവസം കൊണ്ട് മാറ്റി സ്ഥാപിക്കണം. റെയില്‍വെ അധികൃതരുമായി പാലം പൊളിക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ഏകോപനത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രോജക്ട് ഡയറക്ടര്‍ പി.ശ്രീറാമിന് അദ്ദേഹം നിര്‍ദേശം നല്കി. രണ്ടാമത്തെ ചെറിയ പാലം അടുത്ത ദിവസം തന്നെ പൊളിച്ചുതുടങ്ങുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ് വ്യക്തമാക്കി. പാലത്തോട് തൊട്ടുചേര്‍ന്ന് അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടഭാഗം കോണ്‍ക്രീറ്റ് കട്ടിംഗിലൂടെ ഒഴിവാക്കും. നിര്‍മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും എല്ലാ നടപടികളും കൈക്കൊണ്ടതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.
നോര്‍ത്ത് മേല്‍പ്പാലം നിര്‍മാണ ജോലികള്‍ വിലയിരുത്തിയതിനു പുറമെ മണപ്പാട്ടിപ്പറമ്പിലുളള മെട്രോ റെയില്‍ കമ്പനിക്കു സ്റ്റോറേജിനു നല്കിയ സ്ഥലവും ഇ.ശ്രീധരന് സന്ദര്‍ശിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം സലീം രാജന് റോഡില്‍ നിര്‍മിക്കുന്ന റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതിയും അദ്ദേഹം വിലയിരുത്തി. 15 മാസം കൊണ്ട് ഈ മേല്‍പ്പാലം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മെട്രോ കോര്പ്പറേഷന് ജോയിന്റ് ജനറല്‍ മാനേജര്‍ കെ.ജെ.ജോസഫ്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ വി.ആര്.സുധി, ജി.രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: