കോട്ടയം: പാചകവാതകവിതരണം കാര്യക്ഷമമായി നടത്തുന്നതിന് വിതരണ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന എല്‍പിജി ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പാചകവാതകം വീടുകളില്‍ എത്തിക്കുന്നതിനുളള ക്രമീകരണങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. സമയബന്ധിതമായി ഗ്യാസ് ലഭ്യമാകുന്നില്ല, ഗ്രാമപ്രദേശങ്ങളില്‍ ഗ്യാസ് എത്തിക്കുന്നില്ല, ഫോണില്‍ ബുക്ക് ചെയ്യാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല തുടങ്ങി നിരവധി പരാതികള്‍ ഫോറത്തില്‍ വന്നവര്‍ ഉന്നയിച്ചു. ഏജന്‍സികളില്‍ നിന്ന് മര്യാദയില്ലാത്ത പെരുമാറ്റം ഉണ്ടാകുന്നതായും പരാതി വന്നു. ഏജന്‍സികളുടെ ഓഫീസില്‍ നിന്ന് ഉപഭോക്താക്കളോട് നല്ല പെരുമാറ്റം ഉണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ബാക്കി തുക ചോദിച്ചതിന് തുക വലിച്ചെറിഞ്ഞതായും യോഗത്തില്‍ പരാതി ഉയര്‍ന്നു. ഗ്യാസ് ഏജന്‍സികളില്‍ നിന്ന് മാന്യമായ പെരുമാറ്റം ഉണ്ടായില്ലെങ്കില്‍ നടപടി എടുക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. സമയത്തിന് ഗ്യാസ് നല്കാന് കഴിയാത്തത് ഓയില്‍ കമ്പനികള്‍ ആവശ്യത്തിന് ഗ്യാസ് നല്‍കാത്തതിനാലാണെന്ന് ഏജന്‍സി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. കമ്പനിക്ക് ഈ വിവരം കാണിച്ച് കത്ത് നല്കാന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. യോഗത്തില്‍ ജില്ലാ സപ്ളൈ ഓഫീസര്‍ ശ്രീലത, സീനിയര്‍ സൂപ്രണ്ട് പി.എ. അബ്ദുല്‍ ഖാദര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃസംഘടനാ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: