എസ്. രാജന്
എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് സീസണ് ഉത്സവത്തിണ്റ്റെ പ്രധാന ഇടത്താവള കേന്ദ്രമായ എരുമേലിയുടെ വികസനത്തിനായി ദേവസ്വം ബോര്‍ഡിണ്റ്റെ പക്കല്‍ യാതൊരുവിധ വികസന പദ്ധതികളുമില്ല. സീസണില്‍ മുന്‍വര്‍ഷം ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ഈവര്‍ഷവും ചെയ്യുകയാണെന്ന് ദേവസ്വംബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥന് പറഞ്ഞു. തീര്‍ത്ഥാടന സീസണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെ മുന്‍കൂട്ടി കണ്ട് വികസന പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് കടുത്ത വീഴ്ച വരുത്തുന്നുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ശബരിമല, പമ്പ, നിലയ്ക്കല്‍, അടക്കമുള്ള ഇടത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സുരക്ഷിത തീര്‍ത്ഥാടനമൊരുക്കാന്‍ തീവ്രമായ വികസനപദ്ധതികളും മാസ്റ്റര്‍പ്ളാനുകളും ഉണ്ടാക്കിയവര്‍ എരുമേലിയെ മാത്രം ബോധപൂര്‍വ്വം അവഗണിച്ചിരിക്കുകയാണ്. തകര്‍ന്നു തരിപ്പണമായ ദേവസ്വം വക പാര്‍ക്കിംഗ് മൈതാനം കോണ്‍ക്രീറ്റ് ചെയ്യാന്‍ മാത്രമാണ് സീസണെത്തുംമുമ്പ് തീരുമാനിച്ചിരിക്കുന്നത്. അതും കോടതിയുടെ പരിഗണനയിലാണെന്നും ദേവസ്വം ബോര്‍ഡ് തന്നെ പറയുന്നു.
തീര്‍ത്ഥാടകരുടെ പണം പിഴിഞ്ഞെടുക്കുന്നു
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ദേവസ്വംബോര്‍ഡും മറ്റ് സര്‍ക്കാരിതര വകുപ്പുകളും പണം മാത്രം പിഴിഞ്ഞെടുക്കുന്ന കേന്ദ്രമായി മാത്രമാണ് എരുമേലിയെ കാണുന്നത്. തീര്‍ത്ഥാടനത്തിണ്റ്റെ വക്താക്കളായി രംഗത്തിറങ്ങിയ ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടനത്തിനായി വരുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കിക്കൊടുക്കാന്‍ കുത്തക ലേലക്കാരെ കരാര്‍ വ്യവസ്ഥയില്‍ എല്പ്പിച്ചുകൊടുത്തതാണ്. ശൗചാലയങ്ങള്‍. പാര്‍ക്കിംഗ് മൈതാനങ്ങള്‍, കൊച്ചുകൊച്ചു കടകള്‍, വിരിപന്തല് അടക്കം പേട്ട തുള്ളുന്നതിന് അകമ്പടി സേവിക്കുന്ന വാദ്യമേളക്കാരെപ്പോലും ലേലം ചെയ്ത് കരാറുകാരെ എല്പ്പിക്കുകയാണ് നടപടി. തുടര്‍ന്ന് തീര്‍ത്ഥാടകരും കച്ചവടക്കാരും തമ്മിലുള്ള തര്‍ക്കവും അടിപിടിയുമാണ് ഇടത്താവള ക്രമീകരണത്തിണ്റ്റെ അനന്തര ഫലമായി ഉണ്ടാകുക. ശൗചാലയങ്ങളില്‍ അമിതമായി തുകവാങ്ങി, വിരിപന്തലില്‍ അമിതമായി തുകവാങ്ങി, പാര്‍ക്കിംഗ് മൈതാനങ്ങളില്‍ യാതൊരുവിധ സൗകര്യവും ഒരുക്കാതെ പാര്‍ക്കിംഗ് ഫീസ് കൂട്ടി വാങ്ങി തുടങ്ങി ഒരായിരം പരാതികള്‍ ഒന്നിനുപിറകെ ഒന്നായി പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ ഏറ്റുമുട്ടുന്നത് തീര്‍ത്ഥാടകരും കച്ചവടക്കാരുമാണ്. ദേവസ്വം വക കുത്തക ലേലക്കാര്‍ പാലിക്കേണ്ട മര്യാദകളും നിബന്ധനകളുമൊക്കെ പ്രിണ്റ്റു ചെയ്ത ലേലവ്യവസ്ഥയില്‍ ഉണ്ടെങ്കിലും കച്ചവടക്കാര്‍ ഇതൊക്കെ ചെയ്യുന്നുണ്ടോ എന്നു നോക്കാനുള്ള വ്യവസ്ഥമാത്രം ബോര്‍ഡിനില്ല. ക്ഷേത്രങ്ങളും അനുബന്ധ സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ലേലഭൂമികള്‍ ലേലം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആവഴിക്ക് തിരിഞ്ഞു നോക്കാറില്ല. ശൗചാലയവും പാര്‍ക്കിംഗ് ഗ്രൗണ്ടും ലേലം ചെയ്യുന്നത് രണ്ടു തവണ മാറ്റിവച്ചു. സീസണുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഏറ്റവും കുടൂതല്‍ ഗൗരവമായി ചിന്തിച്ച് നടപ്പാക്കേണ്ടിയിരുന്ന രണ്ടു കാര്യങ്ങളാണ് ശൗചാലയവും പാര്‍ക്കിംഗ് ഗ്രൗണ്ടും. എന്നാല്‍ ഈ രണ്ടു കാര്യത്തിലും ദേവസ്വം കാട്ടിക്കൊണ്ടിരിക്കുന്ന അനാസ്ഥയാണ് രണ്ടു തവണ ലേലെ തന്നെ മാറ്റി വയ്ക്കാന്‍ കാരണമായിത്തീര്‍ന്നത്. ശൗചാലയങ്ങള്‍ സുരക്ഷിതമല്ലെന്നും ടാങ്കുകള്‍ ബലക്ഷയവും ചെറുതുമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലേലത്തിലെത്തിയവരുടെ വാദം. കക്കൂസ് മാലിന്യങ്ങള്‍ ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞാല്‍ തോട്ടിലേക്ക് പോകുന്നതായും കണ്ടെത്തിയിരുന്നു. മഴയായാല്‍ കുളമാകുന്ന പാര്‍ക്കിംഗ് മൈതാനങ്ങള്‍ സീസണില്‍ പോലും ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്‍ഷമുണ്ടായത്.
നിര്‍മ്മാണത്തിലെ വീഴ്ചകള്‍
സീസണിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷം തോറും കൂടിക്കൂടി വരുന്നതായാണ് ദേവസ്വം ബോര്‍ഡ് തന്നെ പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാത്തില്‍ ഒരുക്കിക്കൊടുക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കടുത്ത വീഴ്ചയാണ് ദേവസ്വം ബോര്‍ഡിനെ ഇന്നും വേട്ടയാടുന്നത്. അമ്പലം തോട്ടിലെ ഷട്ടര്‍ നിര്‍മ്മാണം, ഇരുമ്പു ഗേറ്റുകളുടെ നിര്‍മ്മാണം, പാര്‍ക്കിംഗ് മൈതാനങ്ങളിലെ വെളിച്ചം സ്ഥാപിക്കല്‍, ശൗചാലയങ്ങളുടെ നിര്‍മ്മാണം, പന്തലുകളുടെ നിര്‍മ്മാണം, ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മമാണം, പമ്പുഹൗസുകളുടെ നിര്‍മ്മാണം തുടങ്ങിയയെല്ലാം ഇന്നും തുടങ്ങിയിടത്തു തന്നെ നിലനില്ക്കുന്നു. റോഡിനു സമീപത്തെ കടമുറികള്‍ സാമൂഹ്യവിരുദ്ധരുടെയും മദ്യലഹരിവസ്തുവില്‍പനക്കാരുടെയും താവളമായി മാറിയിരിക്കുന്നു. പാര്‍ക്കിംഗ് മൈതാനങ്ങള്‍ കാടു പിടിച്ചു. ദേവസ്വം വക ക്ഷേത്രവും ഭൂസ്വത്തും കെട്ടിത്തിരിച്ച് സംരക്ഷിക്കേണ്ടത് അതിണ്റ്റെ ഭരണച്ചുമതലയുള്ള ദേവസ്വം ബോര്‍ഡിനു മാത്രമാണ്.
ഈവര്‍ഷം ചെയ്തത് ഇതുമാത്രം
വലിയമ്പലത്തിനു മുന്‍വശത്തുകൂടി ഒഴുകുന്ന അമ്പലം തോടിനരികില്‍ ഒരു ഷവര്‍ബാത്ത് കൂടി സ്ഥാപിച്ചു. ആലാമ്പള്ളി, സ്കൂള്‍, വലിയ സ്റ്റേഡിയം എന്നിവയില്‍ രണ്ട് ഹൈമാസ്റ്റര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. ബോര്‍ഡിണ്റ്റെ പ്രധാന വരുമാനമാര്‍ഗ്ഗമായ കുത്തക ലേലങ്ങള്‍ ഭൂരിഭാഗവും നടത്തി.
അമ്പലം തോടിണ്റ്റെ ശോചനീയാവസ്ഥ
പേട്ട തുള്ളി വരുന്ന തീര്‍ത്ഥാടകര്‍ കുളിക്കുവാനിറങ്ങുന്ന അമ്പലം തോടിണ്റ്റെ മലിനീകരണമാണ് തീര്‍ത്ഥാടന അവലോകനയോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ മലിനീകരണം പരിഹരിക്കാനായി ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന നടപിടകളെല്ലാം പരാജയപ്പെടുന്നതായാണ് സീസണില്‍ കണ്ടുവരുന്നത്. തോട് മലിനീകരണം കുറയ്ക്കാന്‍ ഷവര്‍ബാത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഫലം പഴയപഴിപോലെ മലിനീകരണംതന്നെ. മണിമലയാറ്റില്‍ ചെക്കഡാംകെട്ടി വെള്ളം അമ്പലം തോട്ടിലേക്ക് പമ്പ് ചെയ്യാനുള്ള പദ്ധതി വിജയിച്ചില്ല. ഇതിനായി ലക്ഷങ്ങള്‍ ചിലവഴിച്ചതുമാത്രം മിച്ചം.
ജനങ്ങളുടെ പരാതികള്‍
ശബരിമല സീസണുമായി ബന്ധപ്പെട്ട് എരുമേലി നിവാസികള്‍ക്ക് പരാതികള്‍ മാത്രമാണ് പറയാനുള്ളത്. സീസണ് തുടക്കം മുതല്‍ അവസാനം വരെയുള്ള ശുചീകരണം, ഒരുക്കങ്ങളിലെ കാലതാമസവും വീഴ്ചകളുമാണ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായത്. ശൗചാലയങ്ങളുടെ സുരക്ഷ, വിരിപന്തല്, പാര്‍ക്കിംഗ് മൈതാനങ്ങളുടെ സുരക്ഷിതത്വം തുടങ്ങി അടിയന്തിര കാര്യങ്ങളില്‍ പോലും ദേവസ്വം ബോര്‍ഡ് അനാസ്ഥയാണ് കാട്ടുന്നത്. അമ്പലം തോട് മലിനീകരണം, കച്ചവടക്കാരുടെ ചൂഷണം, കുടിവെള്ളമില്ലായ്മ തുടങ്ങി നിരവധി കാര്യങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. എരുമേലിയിലെ വിവിധ അടിസ്ഥാന പ്രശ്നങ്ങള്‍ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി ‘വകുപ്പുകള്‍ പറയുന്നു’ എന്ന പരമ്പരയിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. തീര്‍ത്ഥാടകരെ പിഴിയാന്‍ മാത്രം എല്ലാവരും ഒറ്റക്കെട്ടാണ് എന്ന യാഥാര്‍ത്ഥ്യവുമായാണ് ഈ അന്വേഷണം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: