കൊച്ചി: ശുചിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമം താമസിയാതെ കൊണ്ടുവരുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ സമ്മേളന കാലത്തോ അതല്ലെങ്കില്‍ താമസിയാതെ തന്നെ പ്രയോഗത്തില്‍ വരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ് കേന്ദ്രീകരിച്ച് ആരംഭിച്ച റോഡ് സുരക്ഷ- ശുചിത്വ പരിപാലന ബോധവല്‍ക്കരണ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ അഭിമാനകേന്ദ്രമായി മാറിയ വൈറ്റില മൊബിലിറ്റി ഹബില്‍ കെ.എസ്.ആര്.ടി.സി. ബസുകളുടെ സര്‍വീസ് സംബന്ധിച്ച പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഈ മാസം 31-നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രി യോഗം വിളിച്ചതായി അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കുന്നതിന്റെ ഭാഗമായാണ് മൊബിലിറ്റി ഹബിനു രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി നിര്‍മിക്കുന്ന കൊച്ചി മെട്രോ റയിലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഗതാഗതക്കുരുക്ക് കാര്യമായി അനുഭവപ്പെട്ടില്ലെന്നത് പൊലീസിന്റെ നിസ്തുലമായ സേവനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷയും ശുചിത്വവും നിയമം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല. ജനകീയപങ്കാളിത്തമില്ലാത്തതാണ് പലപ്പോഴും നമ്മുടെ നിയമങ്ങള്‍ പരാജയപ്പെടുന്നതിനു കാരണമാകുന്നത്. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകു-മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്ത് നാമുണ്ടാക്കിയ നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലാണിന്ന് പകര്‍ച്ചവ്യാധികള്‍ പെരുകുന്നത്. സാമാന്യേന ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍ പോലും പൊതുസ്ഥലങ്ങളില്‍ നിന്ന് അന്യമാകുന്നു. ഹബ് ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ ഇവിടെ വന്നുപോകുന്ന 12000 യാത്രക്കാര്‍ക്ക് ദുരിതമായിരിക്കും ഫലം. സംസ്ഥാന നിയമത്തിന്റെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ടു നല്‍കാനും ശുചിത്വപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി പ്രത്യേക ഗ്രാമസഭകള്‍ വിളിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബെന്നി ബഹനാന് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.രാജീവ് എം.പി. റോഡ് സുരക്ഷ സന്ദേശം നല്കി. സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ ആമുഖപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സുനിത ഡിക്സണ്‍, എന്‍.എസ്. സൗമ്യ, മെഴ്സി ടീച്ചര്‍, രത്നമ്മ രാജു, കെ.വി.മനോജ്, പദ്മദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. മൊബിലിറ്റി ഹബ് എം.ഡി. ഡോ. എം.ബീന സ്വാഗതവും ജോയിന്റ് എം.ഡി. അജിത് പാട്ടീല്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: