കൊച്ചി: സാക്ഷരതയില്‍ രാജ്യത്ത് മുന്നിട്ടുനില്ക്കുന്ന കേരളം സ്ത്രീപീഡനങ്ങളുടെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുകയാണെന്നും ഇതിനു അറുതി വരുത്താന്‍ സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. സംസ്ഥാന വനിത കമ്മീഷന്റെയും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൈക്കോടതി ഹാളില്‍ നടത്തിയ സ്ത്രീ സംരക്ഷണ നിയമങ്ങളും മുതിര്‍ന്ന പൗരസംരക്ഷണ നിയമവും എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രായാധിക്യമുള്ളവരുടെ സംസ്ഥാനമായി കേരളം മാറുകയാണ്. പ്രായം ചെന്നവരുടെ എണ്ണം ഇന്ത്യയില്‍ ഏഴു ശതമാനമാണെങ്കില്‍ കേരളത്തിലിത് 15 ശതമാനമാണ്. ഇതില്‍ 62 ശതമാനവും സ്ത്രീകളാണ്. വയോവൃദ്ധരായ സ്ത്രീകള്‍ക്കെതിരെ മക്കള്‍ നടത്തുന്ന പീഡനത്തില്‍ നിന്നു അവരെ രക്ഷിക്കുകയെന്നതാവും ഭാവിയില്‍ വനിത കമ്മീഷന് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി സ്ത്രീയെ ശക്തമാക്കുകയാണ് പീഡനങ്ങള്‍ കുറക്കുന്നതിനുള്ള പോംവഴിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമില്ലാത്തവരാണ് കൂടുതല്‍ കഷ്ടത അനുഭവിക്കുന്നതെന്നതിനാല് വിദ്യാഭ്യാസത്തിനു മുന്‍തൂക്കം നല്‍കണമെന്നും ജോലിയെടുത്തു ജീവിക്കാന്‍ കെല്പ്പുള്ളവരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവരെ സംരക്ഷിക്കാന്‍ നിയമം ഉണ്ടെങ്കിലും ശിക്ഷയെക്കുറിച്ച് പേടിയില്ലാതായിട്ടുണ്ട്. കുറച്ചുപേര്‍ മാത്രമാണ് ഇവിടെ ശിക്ഷിക്കപ്പെടുന്നത്. സമൂഹത്തില്‍ എല്ലാവര്ക്കും സംരക്ഷണം നല്‍കുന്നതിനും സത്യസന്ധമായി അന്വേഷണം നടത്തുന്നതിനും കുറ്റമറ്റതായ ഏജന്‍സികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജസ്റ്റിസ് കെ.ടി.ശങ്കരന് മുഖ്യപ്രഭാഷണം നടത്തി.ജില്ല ജഡ്ജി പി.മോഹന്‍ദാസ്, അഡീ.അഡ്വക്കറ്റ് ജനറല്‍ കെ.എ.ജലീല്‍, ഡയറക്ടര്‍ ജനറല്‍ പ്രൊസിക്യൂഷന്‍സ് ടി.ആസഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: