കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനില്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി. അതിന്റെ ഭാഗമായി വര്‍ഷങ്ങളായി കളക്ടറേറ്റ് പരിസരത്ത് ഉപയോഗ്യ ശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ വഴിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ നിന്നും മാറ്റാന്‍ തുടങ്ങി. നവംബര്‍ 19-ന് പരാതിക്കാരെ മുഴുവന്‍ കാണുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ കൂടി പരിഗണിച്ചാണ് നടപടി.
ജനങ്ങളുടെ പരാതികളിന്മേലുള്ള വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കാനുമായി എല്ലാ വകുപ്പുകളുടേയും പ്രത്യേക കൗണ്ടര്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പ് മേധാവികള്‍ക്ക് ചുമതലകള്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.
നവംബര്‍ 19-ന് കളക്ട്രേറ്റില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വരുന്ന മുഴുവന്‍ പരാതിക്കാരെയും മുഖ്യമന്ത്രി നേരില്‍ കാണും. മൂവായിരത്തോളം പേര് അന്ന് പരാതിപരിഹാരത്തിനായി മുഖ്യമന്ത്രിയെ കാണാനെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കളക്ട്രേറ്റിലെ പരാതിസെല്ലില്‍ ഇതിനകം 250-ലേറെ പരാതികള്‍ കിട്ടിയിട്ടുണ്ട്. താലൂക്കുകളിലും മറ്റും ലഭിക്കുന്ന പരാതികളുടെ എണ്ണം കൂട്ടാതെയാണിത്. കൂടുതലും റവന്യു, പഞ്ചായത്ത്, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളാണുള്ളത്. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍. എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റുജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ നവംബര്‍ 10 വരെ കളക്ട്രേറ്റില്‍ സ്വീകരിക്കും. താലൂക്ക് ഓഫീസുകളിലും പരാതി നല്കാന് സൗകര്യമുണ്ടായിരിക്കുമെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. പരാതിക്കും ഉളളടക്കം ചെയ്ത കവറിനും മുകളില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എന്ന് വ്യക്തമായി എഴുതണം. പരാതിക്കാരന്റെ പൂര്‍ണവിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം. കളക്ട്രേറ്റിലും താലൂക്ക് ഓഫീസിലും ലഭിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട വകുപ്പിന് കൈമാറും. നവംബര്‍ 10 വരെ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ച് നവംബര്‍ 15 നകം ജില്ലാതല പരാതി പരിഹാര സെല്ലില്‍ വിവരമറിയിക്കും.
ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് വകുപ്പുകള്‍ കളക്ട്രേറ്റിലെ പരാതി പരിഹാര സെല്ലിനു കൈമാറും. ഇതിനായി പ്രത്യേക സംവിധാനങ്ങളാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഒരുക്കുന്നത്. വകുപ്പുകള്‍ നല്കുന്ന മറുപടികള്‍ അതത് ദിവസം തന്നെ ജില്ലയുടെ വെബ് വിലാസത്തില്‍ കൈമാറും. ലഭിക്കുന്ന ഓരോ പരാതിക്കും കൈപ്പറ്റു രസീതും ടോക്കണും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ആരെ ബന്ധപ്പെടണമെന്ന കാര്യവും ടോക്കണില്‍ സൂചിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: