മോക്ഷദായികളായ മറ്റു പുരികളില്‍ മരിച്ച് കാശിയില്‍ ജനിച്ചാല്‍ മുക്തി ലഭിക്കുമെന്നു പറയപ്പെടുന്നു. കാശിയില്‍ മരിച്ചാലും മുക്തി ലഭിക്കും.
വരുണയുടെയും അസിയുടെയും മദ്ധ്യത്തില്‍ ഈ നഗരം നിര്‍മ്മിച്ചിരിക്കുകയാല്‍ ഇതിനു വാരാണസിയെന്നു പേരുണ്ടായതായി പറയപ്പെടുന്നു. ഇവിടെ ഭഗവാന് മഹാദേവന് ഏറ്റവും പ്രിയപ്പെട്ട വസതിയാണ്. ആസന്നമരണന് ഇവിടെ ഭഗവാന് ശ്രീശങ്കരന് താരകമന്ത്രം ഉപദേശിച്ചുകൊടുത്തു മോക്ഷം നല്കുന്നു.
ഇവിടം ഭാരതത്തിലെ അതിപ്രാചീനമായ വിദ്യാകേന്ദ്രമാണ്. ഈ നഗരം ഭാരതത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതാണ്. ഇവിടത്തെ പ്രത്യേക തെരുവുകളില്‍ ഭാരതത്തിലെ ഓരോ സംസ്ഥാനത്തിലെയും ആളുകള്‍ വസിക്കുന്നുണ്ട്. അവിടെ അവര്‍ക്ക് അവരുടെ ഭാഷയും ആചാരങ്ങളും സംരക്ഷിക്കാന്‍ കഴിയും. ഭാരതത്തിലെ സകല തീര്‍ത്ഥങ്ങളും കാശിയിലെത്തുന്നുണ്ട്. സകല മത സമ്പ്രദായങ്ങളിലെ മഠങ്ങളും കാശിയില്‍ കാണാം.
ശ്രീമഹാദേവന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണല്ലോ. അതുപോലെ അമ്പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നും ഇവിടെയുണ്ട്. ഗണപതിയുടെ പ്രധാനക്ഷേത്രങ്ങളില്‍ ഒന്നും സൂക്ഷ്മക്ഷേത്രങ്ങളില് പ്രാധാന്യമുള്ള ഒന്നും ഇവിടെ സ്ഥിതി ചെയ്യുന്നു.
ഉത്തരപ്രദേശിലെ വലിയ പട്ടമത്തില്‍ ഒന്ന് കാശി (വാരാണസി) ആണ്. റെയില്‍വേയും റോഡും സകല ദിക്കുകളില്‍ നിന്നും ഇവിടെ വന്നു ചേരുന്നുണ്ട്. പട്ടണത്തില്‍ രണ്ടു ഡസനിലധികം ധര്‍മ്മശാലകളുണ്ട്. പണ്ഡകളുടെ വസതികളിലും ഹോട്ടലുകളിലും യാത്രക്കാര്‍ വസിക്കാറുണ്ട്.
കാശിയില്‍ ഗംഗാതീരത്തു നാല്പത്തൊന്നു കടവുകളുണ്ട്. ഇതില്‍ ചിലത് പ്രാധാന്യമേറിയവയാണ്. ഗായ്ഘട്ടം പഞ്ചഗംഗാഘട്ടം, മണികര്‍ണികാഘട്ടം, ദശാശ്വമേധഘട്ടം തുടങ്ങിയവ അവയില്‍ ചിലതാണ്.
ഈ നാല്പത്തൊന്നു കടവുകളിലും ക്ഷേത്രങ്ങളുണ്ട്. അതുപോലെ കുണ്ഡങ്ങളും തീര്‍ത്ഥങ്ങളുമുണ്ട്. എല്ലാം വിവരിക്കുക ബഹുപ്രയാസമാണ്.
ക്ഷേത്രങ്ങളില്‍ ഏറ്റഴും കൂടുതല്‍ പ്രാധാന്യം വിശ്വനാഥക്ഷേത്രത്തിനാണ്. ഈ ക്ഷേത്രത്തില്‍ വിശ്വനാഥനെ കൂടാതെ ദണ്ഡപാണീശ്വരന്‍, സൗഭാഗ്യഗൗരി, ശൃംഗാരഗൗരി, അവിമുക്തേശ്വരന്, സത്യനാരായണന് ഇവരുടെ വിഗ്രഹങ്ങളും കാണാം. വിശ്വനാഥന്റേത് ജ്യോതിര്‍ലിംഗമാണ്.
വിശ്വനാഥക്ഷേത്രസമീപം ഒരു കൂപമുണ്ട്. ഇത് ജ്ഞാനവാപി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് ഏഴടി മുകള്‍ ഭാഗത്തായി നന്ദിയെ ദര്‍ശിക്കാം.
വിശ്വനാഥക്ഷേത്രസമീപം തന്നെ മറ്റൊരു ക്ഷേത്രത്തില്‍ ശനൈശ്ചരനും അക്ഷയവടവുമുണ്ട്.
വിശ്വനാഥക്ഷേത്രത്തിലേക്കുള്ള തെരുവിലാണ് സുപ്രസിദ്ധമായ അന്നപൂര്‍ണ്ണക്ഷേത്രം. ഇതു കാശിയിലെ മഹാശക്തിയാണ്. ഈ ക്ഷേത്രത്തില്‍ കുബേരന്, സൂര്യന്, ഗണേശന്, വിഷ്ണു, ഹനുമാന് മുതലായ ദേവന്മാരുടെ വിഗ്രഹങ്ങളുമുണ്ട്. കൂടാതെ ഭാസ്കരരായര്‍ സ്ഥാപിച്ച മന്ത്രേശ്വരലിംഗവും ഉണ്ട്.
അന്നപൂര്‍ണ്ണക്ഷേത്രം വഴിക്ക് സത്യനാരായണക്ഷേത്രത്തിലെത്താം. ഇവിടെ മഹാകാളി, ശിവകുടുംബം, ഗംഗാവതരണം, ലക്ഷ്മീ നാരായണം, ശ്രീരാമദര്‍ബാര്‍, രാധ – കൃഷ്ണന്, ഉമാ-മഹേശ്വരന്, നരസിംഹം ഈ ദേവന്മാരുടെ വിഗ്രഹങ്ങളുണ്ട്.
വിശ്വനാഥക്ഷേത്രത്തിലേക്കുള്ള വഴിയരുകിലാണ് ഡുംണ്ഡിരാജക്ഷേത്രം. ഡുംണ്ഡിരാജനും ഗണപതി തന്നെയാണ്. ഇതിനടുത്തുതന്നെ പടികള്‍ കയറി ചെന്നാല്‍ പഞ്ചമുഖ ഗണപതിയെ ദര്‍ശിക്കാം.
ജ്ഞാനവാപിക്കു മുന്നിലുള്ള വഴിയരുകിലാണ് ആദിവിശ്വേശ്വര ക്ഷേത്രം.
ആദിവിശ്വേശ്വരക്ഷേത്രത്തിനു സമീപം പഞ്ചപാണ്ഡവരുടെ മുന്നിലായി ഒരു ക്ഷേത്രത്തില്‍ ലാംഗലീശ്വരന്റെ ഗംഭീരമായ ശിവലിംഗം ദര്‍ശിക്കാം. ഇതിനു മുന്നില്‍ വഴിയരുകിലായി സത്യനാരായണക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ജ്ഞാനവാപിയില്‍ മുസ്ലീം പള്ളിക്കടുത്തായി വഴിയരുകിലാണ് കാശികര്വത് എന്ന സ്ഥലം. ഇവിടെ ഒരു കുഴിയില്‍ ഒരു ശിവലിംഗമുണ്ട്. ഇതില്‍ ആളുകല്‍ മുകളില്‍ നിന്ന് പുഷ്പം മുതലായവ അര്‍പ്പിച്ചു വണങ്ങുന്നു.
ചൗഖംഭാ തെരുവില്‍ ഗോപാലക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം വല്ലഭസമ്പ്രദായത്തിലുള്ള മനോഹരമായ സൗധമാണ്.
ഗോപാലക്ഷേത്രത്തില്‍ നിന്ന് അല്പം അകലെയായി സിദ്ധദാദുര്ഗാക്ഷേത്രം കാണാം. ഭൈരവനാഥതെരുവില് കാശീ നഗരത്തിന്റെ രക്ഷകനായ കാലഭൈരവക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ദുര്‍ഗാകുണ്ഡം എന്ന തടാകത്തിനു സമീപത്തായി ദുര്ഗാക്ഷേത്രവുമുണ്ട്. ദുര്‍ഗാക്ഷേത്രത്തിനു സമീപമാണ് തുളസീ-മാനസക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ രാമചരിതമാനസം മുഴുവന്‍ മാര്‍ബിളില്‍ എഴുതിവച്ചിട്ടുണ്ട്. ഈ ക്ഷേത്രം വളരെ കമനീയമാണ്.
കാശിഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിശ്വനാഥക്ഷേത്രമുണ്ട്. ഇതും ഭാരതത്തിലെ അതിശ്രേഷ്ഠമായ ക്ഷേത്രങ്ങളിലൊന്നാണ്. ഇതുകൂടാതെ കാശിയില്‍ ഇതുവരെ പറഞ്ഞതിലും അധികം ക്ഷേത്രങ്ങളും തീര്‍ത്ഥങ്ങളുമുണ്ട്. അവയുടെയെല്ലാം പേരു പറഞ്ഞാല്‍ത്തന്നെ വളരെയേറെയുണ്ട്. അവയില്‍ പ്രധാനങ്ങളാണ് കുരുക്ഷേത്രതീര്ത്ഥം, പിശാചമോചനതീര്ത്ഥം, ലക്ഷ്മീകുണ്ഡം, മന്ദാകിനീ, ഗോരഖ്നാഥക്ഷേത്രം, ഭാരതമാതാക്ഷേത്രം, കാശീദേവി, കബീര്‍ ചൗരാ, ധൂപചണ്ഡി, കപാലമോചനം, വടുകഭൈരവന്, തിലഭാണ്ഡേശ്വരം മുതലായവ.
മണികര്ണ്ണികാഘട്ടത്തിലെ വിശാലാക്ഷീക്ഷേത്രം അമ്പത്തൊന്നു ശക്തിപീഠങ്ങളിലൊന്നാണ്. ഇവിടെ സതിയുടെ കര്‍ണ്ണാഭരണങ്ങള്‍ വീണു.
കാശിയില്‍ ദര്‍ശനം നടത്തേണഅടത് ചുവടെ ചേര്‍ക്കും പ്രകാരമാണ്: – മണികര്‍ണ്ണികാ സ്നാനം കഴിഞ്ഞ് ഭഗവാന് വിഷ്ണു, ദണ്ഡപാണി, ഭൈരവന്, മഹേശ്വരം, ഡുംണ്ഡിരാജന്, ജ്ഞാനവാഹി, നന്ദികേശ്വരം, പിന്നീടു താരകേശ്വരദര്ശനം വീണ്ടും ദണ്ഡപാണിദര്ശനം വിശ്വനാഥദര്‍ശനം, അന്നപൂര്ണാദര്ശനം ഇത്രയും കാശിയിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ക്ഷേത്രദര്‍ശനങ്ങളാണ്.
കാശീനഗരപ്രദക്ഷിണത്തില് അറുപത്തെട്ടു സ്ഥലങ്ങള്‍ ദര്ശിക്കേണ്ടതായുണ്ട്. ഈ പ്രദക്ഷിണം ഒരു സാധകന് ഒരു ദിവസം നിര്‍വ്വഹിക്കാന്‍ കഴിയും. വാരാണസീക്ഷേത്രങ്ങള് മുഴുവന്‍ ഉള്‍പ്പെട്ട അഞ്ചുക്രോശ പ്രദക്ഷിണത്തിന് നാല്പത്തെട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇതില്‍ പ്രധാനസ്ഥലങ്ങളിലെല്ലാം ധര്‍മ്മശാലകളുണ്ട്. കച്ചവടസ്ഥലങ്ങളുമുണ്ട്.
വൈശാഖമാസമാവുമ്പോള് ഈ പഞ്ചക്രോശീയാത്ര അനേകായിരമാളുകള്‍ നിര്‍വ്വഹിക്കു. ഇതു പത്തു ദിവസം കൊണ്ടാണു നടത്തുക.
കാശി ഇക്കാലത്തും വിജ്ഞാനകേന്ദ്രമാണ്. ഹിന്ദു യൂണിവേഴ്സിറ്റി, ഭാരതത്തിലെ യൂണിവേഴ്സിറ്റികളില്‍ ഏറ്റവും വലുതാണ്. ഇതു കൂടാതെ സംസ്കൃതയൂണിവേഴ്സിറ്റി, രാഷ്ട്രീയ വിദ്യാപീഠം, മറ്റുപലതരം കോളേജുകള്‍, സ്ക്കൂഉളകള്, അനേകം സംസ്കൃത സ്ക്കൂളുകള്‍ ഇവയെല്ലാം ഇവിടുണ്ട്. എല്ലാംകൊണ്ടും ആദ്ധ്യാത്മികമായും ഭൗതികമായും വ്യാവസായികമായും കാശി മുന്‍പന്തിയില്‍ നില്ക്കുന്ന ദിവ്യനഗരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: