ചെന്നൈ: ചെന്നൈയില്‍ കഴിഞ്ഞ ദിവസം പാരീസ് ഷോപ്പിംഗ് കോംപ്ലക്സുകളിലുണ്ടായ തീപിടിത്തത്തില്‍ 25 കടകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആര്‍ക്കും അപകടമില്ല. ബുധനാഴ്ച രാത്രി മുതല്‍ കഴിഞ്ഞ 12 മണിക്കൂറായി തീയണക്കാന്‍ അഗ്നിശമനസേന ശ്രമിക്കുകയാണ്. ഇടുങ്ങിയ തെരുവിലൂടെ സംഭവസ്ഥലത്തെത്താന്‍ അഗ്നിശമന സേനക്ക് പ്രയാസം അനുഭവപ്പെട്ടു. ദീപാവലി ആയതിനാല്‍ കടകള്‍ പൂട്ടിയിട്ടിരുന്നു. ഒരു കാവല്ക്കാരന് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഒഴിവുദിവസമായതിനാല്‍ ആളപായമുണ്ടായില്ലെന്ന് പോലീസ് അറിയിച്ചു. കൂടാതെ കഴിഞ്ഞ ദിവസം വൈകിട്ട് നഗരത്തില്‍ കനത്ത മഴ പെയ്തതും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി.
ആയിരക്കണക്കിന് മൊത്ത വ്യാപാര കടകളാണ് ദേവരാജ മുതലിയാര്‍ തെരുവിലുള്ളത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നി ശമന സേനയുടെ പ്രവര്‍ത്തനം മൂലം കഴിഞ്ഞു. തീപിടിച്ച കെട്ടിടത്തില്‍ തുണിത്തരങ്ങള്‍, സ്റ്റേഷനറി, മറ്റു കടകള്‍ എന്നിവയടക്കം 25 കടകളാണുള്ളത്. തീ കണ്ട ഉടനെ കാവല്ക്കാരന് അഗ്നിശമനസേനയേയും പോലീസിനേയും അറിയിക്കുകയായിരുന്നു. കടകളില്‍ വില്‍പ്പന സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നതിനാല്‍ അവയെ തീപിടിത്തത്തില്‍നിന്നും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും തങ്ങള്‍ നല്കിയ അഗ്നിസുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കെട്ടിടത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വാര്‍ത്താലേഖകരോട് പറഞ്ഞു.
സംഭവത്തിനുകാരണം വൈദ്യുത ഷോര്‍ട്ട്സര്‍ക്യൂട്ടോ കെട്ടിടത്തിനകത്തേക്ക് എറിയപ്പെട്ട പടക്കമോ ആകാമെന്ന് പോലീസ് കരുതുന്നു. തീ അണച്ചശേഷം അതിന്റെ കാരണങ്ങള്‍ കണ്ടെത്തുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 500 പേര് 10 ഫയര്‍ എന്‍ജിനുകളും 30 ടാങ്കറുകളുമുപയോഗിച്ചാണ് തീ നിയന്ത്രണാധീനമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: