ന്യൂദല്‍ഹി: ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാളിന് ആദായനികുതി വകുപ്പിന്റെ അന്ത്യശാസനം. ഒമ്പത് ലക്ഷം രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന് പുതിയ നോട്ടീസ് നല്‍കിയിരിക്കുകയാണ്. രണ്ടുവര്‍ഷംമുമ്പ് കരാര്‍ ലംഘിച്ച് പഠനത്തിനായി അവധിയെടുത്തുവെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. എന്നാല്‍ കേജ്രിവാള് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 1995 ല്‍ ഇന്ത്യന്‍ റവന്യൂവകുപ്പില്‍ ചേര്‍ന്ന കേജ്രിവാള് ദല്‍ഹിയില്‍ ആദായനികുതി അഡീഷണല്‍ കമ്മീഷനായിരിക്കെ 2006 ഫെബ്രുവരിയില്‍ സര്‍വീസില്‍നിന്നും രാജിവെച്ചു. എന്നാല്‍ നികുതി കുടിശിക നല്‍കുന്നതുവരെ രാജി സ്വീകരിക്കുകയില്ലെന്നാണ് അധികൃതരുടെ നിലപാട്. ആഗസ്റ്റ് അഞ്ചിന് ഈ കേസില്‍ ആദായനികുതി ചീഫ് കമ്മീഷണര്‍ ഒരു നോട്ടീസ് അയച്ചിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വീസസ് ഉദ്യോഗസ്ഥനായിരിക്കെ നവംബര്‍ 2000 നും 2002 നും ഇടക്ക് അദ്ദേഹം പഠനത്തിനായി അവധിയെടുത്ത് വിദേശത്ത് പോയിരുന്നു. ഈ സമയത്താണ് അദ്ദേഹത്തിന് ആദായനികുതി കുടിശിക വന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. പഠനത്തിനായുള്ള അവധി വകുപ്പുമായുള്ള കരാറിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തുടര്‍ന്ന് 2007 ലും 2008 ലും മുഖ്യ ഇന്‍കംടാക്സ് കമ്മീഷണര്‍ കുടിശിക അടക്കാന്‍ കേജ്രിവാളിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉപേക്ഷിക്കാനാണ് കേജ്രിവാള് മറുപടി നല്‍കിയത്.
ഈ നടപടി അണ്ണാ ഹസാരെയുടെ സംഘത്തില്‍പ്പെടുന്ന തനിക്കെതിരെ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ് നടത്തുന്ന നീക്കങ്ങളാണെന്ന് കേജ്രിവാളും ഹസാരെ ടീമിലെ മറ്റ് പ്രമുഖരും ആക്ഷേപിക്കുന്നു. താന്‍ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും പഠന അവധിക്കുശേഷം ജോലിയില്‍ പ്രവേശിച്ച താന്‍ മൂന്നുവര്‍ഷത്തിനുശേഷമാണ് രാജിവെച്ചതെന്നും കേജ്രിവാള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: