മാനവജാതിയുടെ സര്വതോന്മുഖമായ ഉന്നതിക്ക് സ്വയം സമര്‍പ്പിച്ച ഭാരതീയ ഋഷി പരമ്പരയിലെ ഉജ്ജ്വലവും തേജോമയവുമായ വ്യക്തിത്വമാണ് മഹര്‍ഷി ദയാനന്ദസരസ്വതി. അദ്ദേഹത്തിന്റെ 128-ാം ചരമവാര്‍ഷികമാണ് ഇന്ന്. 1883ലെ ദീപാവലി നാളില്‍ വിധര്‍മികളുടെ ഗൂഢാലോചനയില്‍ പെട്ട് വിഷം ഉള്ളില്‍ ചെന്ന് ആ ദിവ്യാത്മാവ് ശരീരമുപേക്ഷിച്ച് മോക്ഷം കൈവരിച്ചു. എന്നാല്‍ ദീപങ്ങളുടെ ആഘോഷമായ ദീപാവലി നാളില്‍ എത്രയെങ്കിലും മനുഷ്യരുടെ ആത്മാവില്‍ വേദദീപ്തി തെളിക്കാന്‍ തന്റെ 59 വര്‍ഷത്തെ ഇഹലോക ജീവിതം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു.
1824ല്‍ ദക്ഷിണ ഗുജറാത്തിലെ ടംകാര എന്ന ഗ്രാമത്തിലെ ഭൂവുടമയായിരുന്ന ലാല്‍ജി കര്ഷന്ജി തിവാരിയുടെ മൂത്ത പുത്രനായാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജനനം. ഉദീച്യ സാമവേദിയായിരുന്നു തിവാരിയുടെ കുടുംബം. കുഞ്ഞിന് മൂല്‍ശങ്കര്‍ എന്നു പേരിട്ടത് പിതാവിന്റെ അചഞ്ചലമായ ശിവഭക്തിയുടെ തെളിവായിരുന്നു. സാത്വികയായ മാതാവ് അമൃതാ ബായിയുടെ നിര്‍ലോപമായ മാതൃസ്നേഹം ആ കുഞ്ഞിനെ ചെറുബാല്യത്തില്‍ തന്നെ കുടുംബത്തോട് ഏറെ ഇഴുകിച്ചേര്‍ന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ഒപ്പം സാംസ്കാരികമായ ഔന്നിത്യം ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസം ഒട്ടും തന്നെ നേടാന്‍ മൂല്ശങ്കരന് സാധിച്ചിരുന്നില്ല. പക്ഷേ ഭാരതീയ പാരമ്പര്യത്തിനനുസരിച്ച് സംസ്കൃതവും വേദങ്ങളും മറ്റും ആ ബാലന് കേവലം 15 വയസിനുള്ളില്‍ തന്നെ ഹൃദിസ്ഥമാക്കി. സാമവേദിയായിരുന്നതിനാല് സാമവേദവും പിതാവിന്റെ ശൈവഭക്തി നിമിത്തം യജുര്‍വേദവും ആ കുട്ടി അണമുറിയാതെ ചൊല്ലാന്‍ വിധിപ്രകാരം പഠിച്ചു. ജീവിതസൗഭാഗ്യങ്ങള്‍ വേണ്ടുവോളം ലഭ്യമായിരുന്നെങ്കിലും ഭാവി ഭാരതത്തെ കരുപിടിപ്പിക്കാനുള്ള വിശേഷ ദൗത്യം ആ ബാലന്റെ ചുമലിലുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തും വിധമായിരുന്നു ചെറുപ്രായത്തിലെയുള്ള അനുഭവങ്ങള്‍. അക്കാലത്ത് പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ശിവരാത്രി വ്രതം നോല്ക്കവെ രാവിന്റെ മൂന്നാം യാമത്തില്‍ ക്ഷേത്രത്തിനുള്ളില്‍ കണ്ട കാഴ്ച മൂല്ശങ്കരനിലെ യുക്തിബോധത്തെയും സത്യാന്വേഷണ തത്പരതയെയും ഉണര്‍ത്തി. ഒരു എലി ശിവലിംഗത്തിനു ചുറ്റും ഓടിക്കളിക്കുകയും നിവേദ്യങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്ന കാഴ്ച ആ കുട്ടിയില്‍ വിഗ്രഹം യഥാര്‍ഥ ശിവനല്ലെന്നും തനിക്ക് യഥാര്‍ഥ ശിവനെ ദര്ശിക്കണമെന്നുമുള്ള പ്രേരണ ഉളവാക്കി.
മൂല്ശങ്കരന് 15 വയസുള്ളപ്പോള്‍ ഏറെ പ്രിയപ്പെട്ട അനുജത്തിയും ചിറ്റപ്പനും രോഗം വന്ന് മരിച്ചു. ഇത് ആ കുട്ടിയിലെ ലൗകിക സുഖങ്ങളോടുള്ള വൈരാഗ്യം ആളിക്കത്തിച്ചു. കൊട്ടാരസദൃശമായ ബംഗ്ലാവിനുള്ളില്‍ മരണം പോയിട്ട് യാതൊരു ദുഃഖങ്ങളും എത്തി നോക്കിയിരുന്നില്ല. ആ സാഹചര്യത്തില്‍ തന്റെ പ്രിയപ്പെട്ടവരുടെ വേര്‍പാട് ആ കുരുന്നു ഹൃദയത്തെ ഏറെ മഥിച്ചു. മരണത്തെ തോല്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം ആ കുട്ടിയില്‍ വേരുറച്ചു. ആധ്യാത്മിക മണ്ഡലങ്ങളില്‍ വിരാജിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് അതിനനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് വിധിയുടെ നിയോഗമാണല്ലോ. അങ്ങനെ 21-ാം വയസ്സില്‍ വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം ഉപേക്ഷിച്ച് മൂല് ശങ്കരന് നാടുവിട്ടു. കൂടുതല്‍ പഠിക്കുക, ആധ്യാത്മികജ്ഞാനം സമ്പാദിക്കുക, ലോകത്തെ ബാധിച്ചിരിക്കുന്ന എല്ലാ ദുഃഖങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നിവയായിരുന്നു ആ നവയുവാവിന്റെ ലക്ഷ്യം. അതിനുള്ള പരിശ്രമത്തിനിടെ ഉഗ്രശാസകനായ അച്ഛന് മകനെ കണ്ടെത്തി പിടികൂടി വീട്ടിലേക്കു മടക്കിക്കൊണ്ടു വരാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം മറ്റൊന്നായിരുന്നു.
പിതാവിനെയും ഭൃത്യന്മാരെയും കാവല്‍ക്കാരെയും വെട്ടിച്ചു കടന്ന മൂല്ശങ്കരന് ഏറെ വൈകാതെ ഹിമാലയപ്രാന്തങ്ങളിലെത്തിപ്പെടുകയും ഒരു ദാക്ഷിണാത്യ സന്ന്യാസിയില്‍ നിന്നും ശാങ്കരസമ്പ്രദായത്തിലെ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. അതോടെ പേരു മാറ്റി സ്വാമി ദയാനന്ദസരസ്വതി ആകുകയും ചെയ്തു. പിന്നീട് കഠിനമായ തപസ്സിന്റെ നാളുകളായിരുന്നു. വിവിധ ആശ്രമങ്ങള്‍, അനേകം ഗുരുക്കന്മാര്, പലേ സമ്പ്രദായങ്ങള്‍. പഠനത്തിനും മനനത്തിനും വേണ്ടി മാത്രം മാറ്റി വച്ച ദിനങ്ങള്‍. പഠനം മുന്നേറും തോറും ആ ബാലബ്രഹ്മചാരിയുടെ ജ്ഞാനതൃഷ്ണയും വൈരാഗ്യവും യുക്തിബോധവും വര്‍ധിച്ചു കൊണ്ടേയിരുന്നു. ഷഡ്ദര്‍ശനങ്ങളും സംസ്കൃതവ്യാകരണവും ഒപ്പം ഹഠയോഗവും പഠിച്ചെങ്കിലും ഈശ്വര ദര്‍ശനമെന്ന ലക്ഷ്യം അദ്ദേഹത്തിന് അപ്പോഴും മരുമരീചിക പോലെ അകലെയായിരുന്നു.
നാലു വേദങ്ങള്‍, ആറു ശാസ്ത്രങ്ങള്‍, ആറു ദര്‍ശനങ്ങള്‍, ആദിശങ്കരന് ഭാഷ്യം ചെയ്ത പത്ത് ഉപനിഷത്തുക്കള്‍, ബ്രാഹ്മണാരണ്യകങ്ങള്‍, നാലുപവേദങ്ങള് എന്നിങ്ങനെ വൈദിക സാഹിത്യത്തില്‍ പെട്ട ഗ്രന്ഥങ്ങള്‍ മാത്രമാണ് ശരിയെന്നും അവൈദിക ഗ്രന്ഥങ്ങള്‍ പഠിക്കാനേ പാടില്ലായിരുന്നു എന്നും അദ്ദേഹത്തിനു മനസ്സിലായി. പിന്നെ അതിനു വേണ്ടിയുള്ള ശ്രമമായി. ഏകദേശം 35 വയസുള്ളപ്പോള്‍ മഥുരയിലെ കാഴ്ചയില്ലാത്ത വിരജാനന്ദ സരസ്വതിയെന്ന ദണ്ഡി സന്ന്യാസിയെ കുറിച്ചറിഞ്ഞ ദയാനന്ദന് അദ്ദേഹത്തിന്റെ ശിഷ്യനായി. പാണിനിയുടെ അഷ്ടാധ്യായി തുടങ്ങിയ വൈദിക ഗ്രന്ഥങ്ങളുടെ യഥാതഥമായ അധ്യയനം ദയാനന്ദനെ പുതിയ മനുഷ്യനാക്കി. മൂന്നര വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം സമ്പൂര്‍ണ വിരക്തനായി അല്പമാത്രമായ വസ്ത്രം ഒഴിച്ച് മേറ്റ്ല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിലേക്കു മടങ്ങി. നീണ്ട അഞ്ചു വര്‍ഷത്തെ നിരന്തരമായ മനനവും തപസ്സും ഈശ്വരോപാസനയും അദ്ദേഹത്തെ ഋഷിപദവിക്കര്ഹനാക്കി. താന്‍ എന്താഗ്രഹിച്ചുവോ അത് ദയാനന്ദന് നേടി.
പഠനം പൂര്‍ത്തിയാക്കി പിരിയുന്ന കാലത്ത് വിരജാനന്ദ സ്വാമി ദയാനന്ദനോട് ഗുരുദക്ഷിണ ആവശ്യപ്പെട്ടിരുന്നു. ഭാരതവര്‍ഷത്തില്‍ എമ്പാടും വേദങ്ങളുടെ പ്രചരണം നടത്താന്‍ സ്വജീവിതം ഉഴിഞ്ഞു വയ്ക്കണമെന്നായിരുന്നു വിരജാനന്ദന് ആവശ്യപ്പെട്ടത്. ദയാനന്ദനാകട്ടെ തികഞ്ഞ ആനന്ദത്തോടെ വാക്കു നല്‍കുകയും ചെയ്തു. അഞ്ചു വര്‍ഷത്തെ തപസ്സു പൂര്‍ത്തിയാക്കിയ ആ നൈഷ്ഠിക ബ്രഹ്മചാരിക്കു മുന്നില്‍ തന്റെ മാര്‍ഗം എന്തായിരിക്കണമെന്ന സന്ദേഹം ഒട്ടുമുണ്ടായിരുന്നില്ല. പക്ഷേ ലോപിച്ചു പോയിരുന്ന വേദങ്ങളുടെ പഠനപാഠനം പുനഃസ്ഥാപിക്കല്‍ അത്ര എളുപ്പമായിരുന്നില്ല. സത്യത്തിന്റെ മാര്‍ഗം മൂര്‍ച്ചയേറിയ വാളിന്റെ വായ്ത്തല പോലെയാണെന്ന ഉപനിഷത് സത്യം ഉറപ്പിക്കും വിധമായിരുന്നു ഋഷിത്വം കൈവരിച്ച ആ മഹാത്മാവിന്റെ പിന്നീടുള്ള ജീവിതം. വേദങ്ങള്‍ മാനവജാതിക്ക് സൃഷ്ടിയുടെ ആദിയില്‍ തന്നെ നല്കിയ ഈശ്വരീയ ജ്ഞാനമാണെന്നും അതിന് എല്ലാവരും അവകാശികളാണെന്നുമുള്ള ദയാനന്ദന്റെ വാദം പൗരാണികരായ പണ്ഡിതന്മാര് അംഗീകരിച്ചില്ല. ജാതിബ്രാഹ്മണ്യത്തിന്റെ ശക്തമായ കോട്ടകൊത്തളങ്ങള്‍ ആര്ഷജ്ഞാനത്തിനു മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടിമത്തം അനുഗ്രഹമായിക്കണ്ട് അന്ധതയിലാണ്ടു കിടന്ന ഭാരതീയര്‍ ദയാനന്ദന്റെ വാണീസ്പര്ശമേറ്റ് സടകുടഞ്ഞുണര്‍ന്നു. അപൗരുഷേയമായ വേദജ്ഞാനത്തിനവകാശികളായവരെ തന്റെ കൂര്‍ത്ത മൂര്‍ച്ചയേറിയ ഖണ്ഡനമണ്ഡന ശൈലിയിലൂടെ വേദങ്ങളിലേക്കു മടങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം വൈദിക ഗുരുകുലങ്ങള്‍ സ്ഥാപിക്കുകയും അത് മുന്നോട്ടു കൊണ്ടുപോകാന്‍ ശിഷ്യ പരമ്പരയെ അദ്ദേഹം വാര്‍ത്തെടുക്കുകയും ചെയ്തു. ജാതിമതലിംഗ പരിഗണന കൂടാതെ എല്ലാവര്ക്കും വേദം പഠിക്കാന്‍ അദ്ദേഹം അവസരമൊരുക്കി. യാഥാസ്ഥിതിക ഹിന്ദുപണ്ഡിതന്മാര്‍ മാത്രമല്ല ഇതര മതഗ്രന്ഥങ്ങളിലെ തെറ്റുകളും അദ്ദേഹം ചൂണ്ടിക്കാട്ടിയതിനാല് അവരുടെയും ശത്രുതയ്ക്കു പാത്രമായി. എന്നാല്‍ ഇരുട്ടിലാണ്ടു കിടന്ന മാനവ സമൂഹത്തിന് യുക്തിയുടെ ഊരകല്ലില്‍ വേദജ്ഞാനത്തെ ഉരച്ച് സത്യത്തിന്റെ അര്‍ഥവും പ്രകാശവും പകര്‍ന്നു നല്കുന്നതില് അദ്ദേഹം വിജയിച്ചു. മനുഷ്യരുടെ സാമ്പത്തികവും ലൗകികവുമായ ഉന്നതിക്ക് അദ്ദേഹം മുന്നോട്ടു വച്ച മാര്‍ഗം പരിസ്ഥിതി സംരക്ഷണവും കൃഷി പ്രോത്സാഹിപ്പിക്കലും ഗോ സംരക്ഷണവുമാണ്. ഇതിലേക്കായി അദ്ദേഹം രചിച്ച പുസ്തകമാണ് ഗോ കരുണാനിധി.
മനുഷ്യര്‍ ശീലിക്കേണ്ട പഞ്ചമഹായജ്ഞങ്ങളും അതിലൂടെ നേടുന്ന ആനന്ദവും അദ്ദേഹം നമുക്കു പറഞ്ഞു തന്നു. ലോകത്തിന്റെ നന്മയ്ക്കായി വേദങ്ങളില്‍ നിന്നും നിധിയും വിധിയും കണ്ടെടുത്ത് മാനവര്‍ക്കു നല്കിയ ആ ആധുനിക ഋഷിയുടെ ബൗദ്ധിക തേജസിനു മുന്നില്‍ നമുക്ക് ശിരസു നമിക്കാം.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: