ചങ്ങനാശേരി: കഷ്ടപ്പാടുകള്‍ നിറഞ്ഞ് പായിപ്പാട് ഉരുളേപ്പറമ്പ് കോളനിയിലെ ഇരുപതിലധികം കുടുംബങ്ങള്‍ നടക്കാന്‍ വഴിയും കുടിക്കാന്‍ വെള്ളവുമില്ലാതെ ദുരിതത്തില്‍. കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവര്‍ സ്വകാര്യകിണറുകളില് നിന്നും വീട്ടാവശ്യത്തിനായി വെള്ളം ശേഖരിക്കുന്നത്. ദുരിതം നിറഞ്ഞ പാതയിലൂടെ വേണം ഇവര്‍ക്ക് വെള്ളത്തിനായി പോകേണ്ടുന്നത്. വെള്ളപ്പൊക്കസമയങ്ങളില്‍ കോളനിയുടെ ഏറ്റവും പിന്നിലായി താമസിക്കുന്ന കുടുംബങ്ങള്‍ പുറത്തേക്കിറങ്ങാറേയില്ല. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നാലുകോടി റയില്പാളത്തിനു പടിഞ്ഞാറുഭാഗത്തായിട്ടാണ് ഉരുളേപ്പറമ്പ് കോളനി സ്ഥിതിചെയ്യുന്നത്. ഇരുപതോളം കുടുംബങ്ങളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. കോളനിക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കൊല്ലാംപുറം-ഒട്ടത്തില്‍കടവ് റോഡുമായി ബന്ധിപ്പിച്ച് ഒരു വഴിയും നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വഴിയുടെ സമീപത്തു തോട് സ്ഥിതിചെയ്യുന്നതുമൂലം പാതയില്‍ എപ്പോഴും വെള്ളം കയറുന്നതു പതിവാകുന്നു. നേര്തതെ റയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന ഈ കുടുംബങ്ങള്‍ക്ക് പെട്ടെന്ന് അവിടെ നിന്നും ഒഴിയേണ്ടിവന്നു. ഇവര്‍ക്ക് റെയില്‍വേ പടിഞ്ഞാറുഭാഗത്തായി താഴ്ന്ന പ്രദേശമായി മുണ്ടകപ്പാടം മണ്ണടിച്ചുപൊക്കി താമസസൗകര്യമൊരുക്കുകയായിരുന്നുവെന്ന് കോളനി വാസികള്‍ പറയുന്നു. തുലാവര്ഷമാരംഭിച്ചാല് അവസ്ഥ പരിതാപകരമാകും. അനുകൂലമായ കാലാവസ്ഥയായിരുന്നിട്ടുപോലും ജനപ്രതിനിധികള്‍ കണ്ണു തുറന്നില്ലെന്നാണ് ഇവരുടെ പരാതി. വാട്ടര്‍ അതോറിട്ടിയുടെ പൊതുടാപ്പോ മറ്റോ സമീപപ്രദേശങ്ങളില്‍പ്പോലും ഇല്ലാത്തതിനാല്‍ ഇവര്‍ വെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. കോളനിയില്‍ പൊതുകിണറും ചിലവീടുകളില്‍ പ്രത്യേകമായും കിണറുകളും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതിലെ വെള്ളം മലിനപ്പെട്ടു കിടക്കുന്ന അവസ്ഥയാണുള്ളത്. കേരളാകോണ്‍ഗ്രസിലെ സാലിമ്മജോര്ജ്ജാണ് ഇപ്പോള്‍ ഇവിടുത്തെ പഞ്ചായത്തംഗം. മഞ്ഞപ്പിത്തവും, പകര്‍ച്ചപ്പനിയും അടക്കമുള്ള രോഗങ്ങള്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ ചിലകുടുംബങ്ങള്‍ ഈ കിണറിലെ വെള്ളമാണ് ഉപയോഗിച്ചുപോരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: