സീതാപുരത്തില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് ഈ ഗിരികുടം. ഇതു വളരെ പവിത്രമായി കരുതപ്പെടുന്നു. ഇതിന്റെ മുകളില്‍ കയറാന്‍ പാടുള്ളതല്ല. പ്രദക്ഷിണം നടത്താനുള്ള വഴി വേണ്ടപോലെ തയ്യാര്‍ ചെയ്തിരിക്കുന്നു. പ്രദക്ഷിണം പൂര്‍ത്തിയാവാന്‍ മൂന്നുകിലോമീറ്റര്‍ നടക്കണം. ഇതില്‍ ക്രമാനുസൃതമായി മുഖാരവിന്ദം, ഹനുമാന്‍ജി, സാക്ഷീഗോപാലന്‍, ലക്ഷ്മീനാരായണന്‍, ശ്രീരാമന്, തുളസീദാസന്റെ ആസ്ഥാനം, കൈകേയീ – ഭരത ക്ഷേത്രങ്ങള്‍ ഇങ്ങനെവേണം പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍. ലക്ഷ്മണക്ഷേത്രത്തിലെത്താന്‍ പര്‍വ്വതത്തില്‍ നൂറ്റന്പതു പടികള്‍ കയറണം.
ചരണപാദുകയിലും ജാനകീകുണ്ഡത്തിലും സ്ഫടികശിലയിലും പാദചിഹ്നങ്ങള്‍ കാണാനുണ്ട്. ശ്രീരാമഭരതന്മാരുടെ സന്ദര്‍ശനാവസരം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ കല്ല് ഉരുകിപ്പോകുന്നതിനാല്‍ ഈ ചിഹ്നങ്ങള്‍ ഉണ്ടാകുന്നതാണെന്നു പറയപ്പെടുന്നു.
കോടിതീര്‍ത്ഥം – ഹനുമാന്‍ധാര – സീതാപുരത്തില്‍ നിന്നു കിഴക്കായി സങ്കര്‍ഷണപര്‍വ്വതത്തിനു മുകളിലാണ് കോടിതീര്‍ത്ഥം. അവിടെ നിന്നു കയറുകയാണെങ്കില്‍ കയറ്റം കുറവായിരിക്കും. അവിടെ നിന്ന് ഏറ്റവും മുകളില്‍ ബാങ്കാസിദ്ധാശ്രമം, പമ്പാസരസ്, യമതീര്‍ത്ഥം, സിദ്ധാശ്രമം, ഗൃധ്രാശ്രമം. ഇവയില്‍കൂടി ഇറങ്ങിയാല്‍ ആദ്യം സീതാമഹാനസം, പിന്നീടു ഹനുമാന്‍ധാരാ ഇവ കാണാം. ഇവിടെ ഹനുമാന്റെ മുന്നിലായി ഒരു ചെറിയ അരുവി കുണ്ഡത്തില്‍ പതിക്കുന്നുണ്ട്.
ജാനകികുണ്ഡം : പയസ്വിനി എന്ന തോടു കടന്ന് മന്ദാകിനീ തീരത്തുകൂടി നടന്നാല്‍ പ്രമോദവനത്തിലെത്താം. ഇതിനു ചുറ്റും ഉറപ്പുള്ള മതില് കെട്ടിയിട്ടുണ്ട്. ഉള്ളില്‍ മധ്യഭാഗത്തായി ക്ഷേത്രമുണ്ട്. അതിനു മുന്നിലാണ് ജാനകീകുണ്ഡം. അവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ ദൂരെയാണ് സ്ഫടികശില. ഇവിടെവച്ചാണ് കാകനായിവന്ന ജയന്തന്റെ നേര്‍ക്കു ശ്രീരാമചന്ദ്രന് ഒരു പുല്‍ക്കൊടി ബ്രഹ്മാസ്ത്രമായി അയച്ചത്.
അനസൂയാ (അത്ര്യാശ്രമം) : ഇവിടേക്ക് സ്ഫടികശിലയില്‍ നിന്ന് അഞ്ചും സീതാപുരത്തില്‍ നിന്ന് എട്ടും കിലോമീറ്റര്‍ ദൂരമുണ്ട്. അത്രിമഹര്‍ഷിയുടെ ആശ്രമം നിന്നിരുന്നത് ഇവിടെയാണ്. അത്രിമഹര്‍ഷിയുടെയും അനസൂയയുടെയും അവരുടെ പുത്രന്മാരായ ചന്ദ്രന്, ദുര്‍വ്വാസാവ്, ദത്താത്രേയന് എന്നിവരുടെയും ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം വനത്തിനുള്ളിലാണ്. എങ്കിലും ഇക്കാലത്തും അവിടേക്കു നല്ലവഴി ഉണ്ടായിട്ടുണ്ട്. സീതാപുരത്തില്‍ നിന്ന് ഇവിടെ ടാക്സി വരുന്നുണ്ട്. ഇവിടമാണ് മന്ദാകിനിയുടെ ഉത്ഭവസ്ഥാനം. പര്‍വ്വതത്തിന്മേല്‍ വളരെ ഉയരത്തില്‍ പടികള്‍ കയറി ചെന്നാല്‍ ഹനുമാന്റെ വിഗ്രഹം കാണാം.
ഗുപ്തഗോദാവരി : ഈ സ്ഥലം വരെ ടാക്സി വരുന്നുണ്ട്. ഒരു ഗുഹയില്‍നിന്നാണ് ഗോദാവരി പുറപ്പെടുന്നത്. ഉള്ളില്‍ പതിനഞ്ച് ഇരുപതുവാര ചെന്നാല്‍ സീതാകുണ്ഡം കാണാം. ഗുഹയ്ക്കുള്ളില്‍ മിക്കവാറും ഇരുട്ടായിരിക്കും.
ഭരതകൂപം : സീതാപുരത്തില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് ഭരതകൂപം. ഭരതന് രാമാഭിഷേകത്തിനു കൊണ്ടുവന്ന തീര്‍ത്ഥ ജലം ഈ കൂപത്തിലൊഴിക്കുകയാല്‍ ഇതു ഭരതകൂപമായിത്തീര്‍ന്നു.
രാമശയ്യ : ഭരതകൂപത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ഈ സ്ഥാനം കാണാം. ഇവിടെ ഒരു കല്ലില്‍ രണ്ടുപേര്‍ കിടന്ന അടയാളമുണ്ട്. അതിനു മദ്ധ്യത്തില്‍ വില്ലിന്റെ അടയാളവും കാണാം. ഇവിടെ ശ്രീരാമനും സീതയും രാത്രി വിശ്രമിച്ചതായി പറയപ്പെടുന്നു.
പ്രയാഗ (ഇലാഹാബാദ്)
“ഗ്രഹാണം ച യഥാ സൂര്യോ നക്ഷത്രണാം യഥാ ശശീ
തീര്‍ത്ഥാനാമുത്തമം തീര്‍ത്ഥം പ്രയാഗാഖ്യമനുത്തമം”.
നവഗ്രഹങ്ങളില്‍ പ്രാധാന്യം സൂര്യനും നക്ഷത്രങ്ങളില്‍ പ്രാധാന്യം ചന്ദ്രനുമാണ്. അതുപോലെ തീര്‍ത്ഥങ്ങളില്‍ സര്‍വ്വശ്രേഷ്ഠത്വം പ്രയാഗിനു സിദ്ധിച്ചിരിക്കുന്നു. പ്രയാഗ്രാജിനേക്കാള്‍ സ്രേഷ്ഠമായ തീര്‍ത്ഥം ഇല്ല തന്നെ.
പ്രയാഗിനെ തീര്‍ത്ഥരാജ് എന്നു പറയുന്നു. മോക്ഷദായികളായ ഏഴുപുരികളും ഇതിന്റെ റാണിമാരാണ്. യമുനയും ഗംഗയും മൂലം വേര്‍തിരിയുന്ന മൂന്നു ഭൂഭാഗങ്ങള്‍ മൂന്ന് അഗ്നികളായി കരുതപ്പെടുന്നു. ഇവ യജ്ഞവേദികളാണ്. ഗംഗാ യമുനയുടെ മദ്ധ്യഭാഗം ഗാര്‍ഹപത്യാഗ്നിയാണ്. ഗംഗ കടന്നാലുള്ള ഭാഗത്തെയാണ് ഝൂസിയെന്നു പറയുന്നത്. ഇവിടം ആഹവനീയാഗ്നിയാണ്. യമുന കടന്നാലുള്ള ഭാഗമായ അരൈല ദക്ഷിണാഗ്നിയും.
പ്രയാഗത്തില്‍ മാഘമാസത്തില്‍ താമസിക്കുന്നത് കല്‍പവാസമായി പറയപ്പെടുന്നു. ഇതിന്റെ മാഹാത്മ്യം വളരെയധികം പുരാണങ്ങളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ചില പ്രത്യേക മാഘമാസങ്ങളില്‍ ഇവിടെ ആയിരക്കണക്കിനു യാത്രക്കാര്‍ വന്നു വസിക്കുന്നു.
പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ വ്യാഴം ഇടവം രാശിയിലും സൂര്യന് മകരം രാശിയിലും വരുന്ന കാലത്ത് ഇവിടെ കുംഭമേള നടക്കുന്നു. അക്കാലത്ത് ഇവിടെ ലക്ഷക്കണക്കിന് ജനങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്നു. ആറുവര്‍ഷം കൂടുമ്പോള്‍ അര്‍ദ്ധകുംഭമേളയും ആഘോഷിക്കാറുണ്ട്.
പ്രയാഗ് സകല ദിക്കില്‍ നിന്നും വന്നുചേരുന്ന റെയില്‍വേകളുടെ കേന്ദ്രസ്ഥാനമാണ്. റോഡുകളുടെ കാര്യവും അങ്ങനെതന്നെ. പട്ടണത്തില്‍ അവിടവിടെയായി ധര്‍മ്മശാലകളുണ്ട്.
പ്രധാനതീര്‍ത്ഥം ഗംഗാ – യമുനാ സംഗമസ്ഥാനമാണ്. ഈ സ്ഥലം റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഏകദേശം അഞ്ചുകിലോ മീറ്റര്‍ അകലെയാണ്.
മുണ്ഡനാനന്തരസ്നാനം ഇവിടെ വളരെ പ്രധാനമാണ്. സംഗമത്തിനു സമീപം മുണ്ഡനത്തിനു സ്ഥലമുണ്ട്. സൗഭാഗ്യവതികളായ സ്ത്രീകള്‍ വേണീദാനം (അല്പം തലമുടി മുറിച്ചു നീക്കുക) ചെയ്യാന്‍ വിധിയുണ്ട്.
ഗംഗാജലം വെളുത്തതും യമുനാജലം നീലയും (വര്‍ഷകാലത്ത് അല്പം ചുവന്നതായിരിക്കും0 ആയിരിക്കും. രണ്ടും ചേരുന്ന ദിക്കില്‍ ഇതു സ്പഷ്ടമായി കാണാം. ഇവിടെ പ്രത്യേകമായി തയ്യാര്‍ ചെയ്തിട്ടുള്ള സ്നാനഘട്ടങ്ങളൊന്നുമില്ല. നദീതീരത്തു പണ്ഡകളിരിക്കുന്ന കൂടാരത്തിനു സമീപം ചെന്നു സ്നാനം ചെയ്യുകയാണു പതിവ്.
പ്രയാഗിലെ പ്രധാന തീര്‍ത്ഥങ്ങളില്‍ പന്ത്രണ്ടു മാധവന്മാരുള്ളതായി കരുതപ്പെടുന്നു. അതില്‍ ശംഖമാധവന്‍ ഝൂസി ഭാഗത്താണ്. അനന്ദമാധവന്‍ അക്ഷയവടത്തിനു സമീപം. ആദിമാധവന്‍ അരൈലയില്‍, വേണീമാധവന്‍ ദാരാഗഞ്ജില്‍. ഇവയെല്ലാം യാത്രക്കാര്‍ക്കു സന്ദര്‍ശിക്കുന്നതിനു സൗകര്യമുള്ള സ്ഥലത്താണ്.
പ്രയാഗ് കോട്ടയിലെ അക്ഷയവടം ദര്‍ശനീയമാണ്. അവിടെ ഭൂമിക്കടിയില്‍ അനേകം ദേവതാവിഗ്രഹങ്ങള്‍ പലടത്തായി കാണാം. എല്ലാം പുരാണകഥാസൂചകങ്ങളാണ്. പ്രയാഗിലെത്തുന്നവര്‍ ഇവിടെ സന്ദര്‍ശിക്കാതിരിക്കില്ല.
ഹനുമാന്റെ ശയനരൂപത്തിലുള്ള വളരെ ബൃഹത്തായ ഒരു വിഗ്രഹം കോട്ടയ്ക്കു സമീപമുണ്ട്. കോട്ടയില്‍ നിന്ന് അല്പമകലെ മദനകാമേശ്വരക്ഷേത്രം കാണാം.
ദാരാഗഞ്ജില്‍ ബിന്ദുമാധവദര്‍ശനം നടത്തിയിട്ട് ഒരു കിലോമീറ്റര്‍ മുന്നോട്ടുപോകുമ്പോള്‍ ഗംഗാതീരത്ത് നാഗവാസുകി ക്ഷേത്രം കാണാം. അവിടുന്ന് രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറ് ബലദേവക്ഷേത്രം നില്ക്കുന്നു. അവിടുന്നു രണ്ടു കിലോമീറ്റര്‍ അകലെ ഗംഗാതീരത്ത് കോടിതീര്‍ത്ഥമുണ്ട്. അതിപ്പോള്‍ ശിവകുടി എന്ന പേരിലാണ് അറിയപ്പെടുന്നത്.
കര്‍ണല്‍ഗഞ്ജില്‍ ഭരദ്വാജാശ്രമമുണ്ട്. അവിടെ ഭരദ്വാജേശ്വര ശിവലിംഗം കാണാം. ഒരു ക്ഷേത്രത്തില്‍ ശേഷമൂര്‍ത്തിയുമുണ്ട്. ദാരാഗഞ്ജിലെ ആദ്യത്തെ നാല്ക്കവലവഴി വരുമ്പോള്‍ അലോപീദേവി ക്ഷേത്രം കാണാം. ഇതു ലളിതാദേവിയാണ്. ഇതും അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ്. ഇവിടെ സതീദേവിയുടെ കൈവിരല്‍ വീണു. ഗംഗയ്ക്കെതിരെ ഝൂസിയില്‍ ഹംസകൂപം, സമുദ്രകൂപം, ബിന്ദുമാധവം ഈ തീര്‍ത്ഥസ്ഥാനങ്ങളുണ്ട്.
പ്രയാഗക്ഷേത്ര (ഭൂഭാഗം)ത്തിനു ചുറ്റുമായി പ്രദക്ഷിണം ചെയ്യുന്നതിനു പത്തു ദിവസമെടുക്കു. അകത്തുമാത്രം പ്രദക്ഷിണത്തിനു മൂന്നു ദിവസം മതിയാകും.
– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: