തിരുവനന്തപുരം: തിരുവനന്തപരും മംഗലാപുരം ഹൈസ്പീഡ് റെയില്‍വെ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സംരംഭമായോ സ്വകാര്യ മേഖലയുമായി ചേര്‍ന്നോ (പി.പി.പി) നടപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തെ വന്‍കിട ചരക്കുഗതാഗത തുറമുഖമായി വളര്‍ത്തിയെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടു. വലിയ കപ്പലുകള്‍ അടുക്കുന്നതിന് ആഴത്തില്‍ വെള്ളമുള്ള അപൂര്‍വ തുറമുഖമാണിത്.
കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഉടനെ നല്‍കണം. ഖരമാലിന്യ നിര്‍മാര്‍ജനം മുന്തിയ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്. ജലമാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കിയാല്‍ കുടിവെള്ള മലിനീകരണം ഒഴിവാക്കാന്‍ സാധിക്കും. 12-ാം പദ്ധതിയില്‍ ഈ വിഷയം ഗൗരമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയതലത്തില്‍ കുടിനീര് മിഷന് രൂപീകരിക്കണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുടിനീര് എത്തിക്കുന്നതിന് മുന്‍ഗണന വേണം. ഇതിന് യോജ്യമായ സങ്കേതികവിദ്യ വികസിപ്പിച്ച് ജനങ്ങളിലെത്തിക്കണം. കാര്‍ഷിക മേഖലയില്‍ ഉത്പാദനക്ഷമതയ്ക്ക് പ്രാധാന്യം കൊടുക്കണം. കേരളത്തില്‍ മണ്ണും കാലാവസ്ഥയും പരിശോധിച്ച് അഗ്രോ-ഇക്കോളജിക്കല്‍ യൂണിറ്റുകള്‍ തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും അനുയോജ്യമായ കാര്‍ഷിക പാക്കേജുകള്‍ നടപ്പാക്കി ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃഷി, മൃഗസംരക്ഷണം, പാല്, മത്സ്യം തുടങ്ങിയ വിവിധ മേഖലകളെ സയോജിപ്പിച്ച് കാര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം കര്‍ഷകരുടെ ആലംബമാണ് തെങ്ങ്. രോഗവും വാര്‍ധക്യവും ബാധിച്ച തെങ്ങിന് തോപ്പുകളാണു പലയിടത്തുമുള്ളത്. പുതിയ തെങ്ങുകള്‍ വച്ചുപിടിപ്പിക്കുന്നതിന് നാളീകേര വികസന ബോര്‍ഡിന് ആവശ്യമായ ഫണ്ട് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗവേഷണത്തിന് സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. കാര്‍ഷികോത്പന്നങ്ങളുടെ വില അസ്ഥിരതയാണ് മറ്റൊരു പ്രശ്നം. ഉത്പാദന സ്ഥലത്തുനിന്ന് ഉപഭോക്താവിനു ലഭിക്കുന്നതുവരെയുള്ള സമയപരിധി കുറച്ചു കൊണ്ടുവന്നാല്‍ തന്നെ ഉത്പാദകര്‍ക്കു മെച്ചപ്പെട്ട വില ലഭിക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില സ്ഥിരതാ ഫണ്ട് ഉടനെ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അക്കാദമിക് സ്ഥാപനങ്ങളെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും വ്യാവസായിക മുന്നേറ്റത്തില്‍ പങ്കാളിയാക്കണം. സി.എസ്.ഐ.ആര്, ഡി.ആര്.ഡി.ഒ, ഐ.സി.എം.ആര്, ഡി.എസ്.ടി തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങളുടെ പക്കലുള്ള സാങ്കേതിക വിദ്യകള്‍ വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കണം. വ്യാവസായിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കൂടുതല്‍ മുതല്‍ മുടക്ക് ആവശ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ മറ്റു സം സ്ഥാനങ്ങളെക്കാള്‍ കേരളം ഏറെ മുന്നോട്ടുപോയി. അതി ന്റെ പേരില്‍ കേരളത്തെ തഴയരുത്. വിദ്യഭ്യാസമേഖലയി ലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഓരോ പ്രാഥമികരോഗ്യകേന്ദ്രവും എല്ലാ വാര്‍ഡിലും ഓരോ സബ്സെന്ററും തുറക്കണം. കേരളത്തിന്റെ ഈ പ്രത്യേക ആവശ്യം ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഏകീകൃത ഔഷധനയം രൂപീകരിക്കണം. മരുന്നുകളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. ഇടനിലക്കാര്‍ വന്‍ലാഭമെടുക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ സ്വാസ്ത ഭീമയോജന പദ്ധതിയില്‍ എല്ലാവര്ക്കും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതു സ്വാഗതാര്‍ഹമാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് നിലവിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ പൂര്‍ണമായി വിനിയോഗിക്കണം. ശാരീരികവും മാനസികവുമായ വൈകല്യമുള്ളവര്‍ക്ക് 12-ാം പദ്ധതിയില്‍ പ്രത്യേക പദ്ധതി രൂപീകരിക്കണം.
നൈപുണ്യ വികസനമാണ് പ്രധാനപ്പെട്ട മറ്റൊരു മേഖല. ഹയര്‍ സ്കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏര്‍പ്പെടുത്താനുള്ള ആശയം സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ ആശ്രയ പദ്ധതി രാജ്യമൊട്ടാകെ നടപ്പാക്കാവുന്നതാണ്. നിലവിലുള്ള പദ്ധതികളെ സംയോജിപ്പിച്ചുതന്നെ ഇവ നടപ്പാക്കാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസത്തിന് അപാരമായ തൊഴില്‍ സാധ്യതകളാണുള്ളത്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വിപുലമായ തോതില്‍ ടൂറിസം പദ്ധതികള്‍ 12-ാം പദ്ധതിയില്‍ നടപ്പാക്കണം. 147 കേന്ദ്രാവിഷ്കൃത പദ്ധതികളാണ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളും കേന്ദ്ര ഏജന്‍സികളും നടപ്പാക്കുന്നതിനാല്‍ ജില്ലാതലത്തില്‍ പദ്ധതികള്‍ സംബന്ധിച്ച് ചില ആശയകുഴപ്പങ്ങളുണ്ട്.
മഹാത്മാഗാന്ധി തൊഴുലുറപ്പ് പദ്ധതി മറ്റ് ഉത്പാദന മേഖലകളിലേക്കും വ്യാപിപ്പിക്കണം. കൂടുതല്‍ വികസനം, സ്വത്ത് ഉത്പാദനം, തൊഴില്‍ എന്നിവയ്ക്ക് അത് വഴിയൊരുക്കും. നഗരങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കാനും 12-ാം പദ്ധതി ശ്രദ്ധ ചെലുത്തണം. പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതി പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ മാത്രമായി വിനിയോഗിക്കുന്നതിനാല്‍ പഴയ റോഡുകള്‍ ഉപയോഗശൂന്യമാകുന്ന കാലം വിദൂരമല്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എല്ലാ സംസ്ഥാനത്തും ഒരേരീതിയില്‍ നടപ്പാക്കണമെന്ന നിബന്ധന ശരിയല്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അനുവദിക്കണം. രാഷ്ട്രീയ കൃഷി വികസന യോജന പദ്ധതി ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് റോഡുകളും കെട്ടിടങ്ങളും മറ്റും നിര്‍മിച്ചു കഴിയുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണിക്കും ഫണ്ട് അനുവദിക്കണം. ദാരിദ്ര്യരേഖ പുനര്‍നിര്‍വചിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഇപ്പോള്‍ ദാരിദ്യരേഖയ്ക്കു താഴെയുള്ളവര്‍ മാത്രമാണ്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുകയും അര്‍ഹമായ എല്ലാവര്ക്കും ആനുകൂല്യം ലഭിക്കുകയും വേണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന ഗ്രാന്റ് വ്യക്തമായ ലക്ഷ്യത്തോടെ കൃത്യമായ പദ്ധതികള്‍ക്കാണ്. എന്നാല്‍ 25ശതമാനം ഗ്രാന്റ് തദ്ദേശസ്ഥാപനങ്ങള്‍ക്കു തങ്ങളുടെ മുന്‍ഗണനയുള്ള പദ്ധതികള്‍ക്കു നല്കാന് തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: