എസ്. രാജന്
എരുമേലി: കൈവിലങ്ങണിഞ്ഞ കറണ്റ്റുമായി പ്രതിസന്ധികളില്‍ മുങ്ങിത്താഴ്ന്ന് വട്ടംകറങ്ങുന്ന വൈദ്യുതിവകുപ്പ് തീര്‍ത്ഥാടനത്തെ ഇത്തവണയും ഇരുട്ടിലാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ സീസണ് ഒരുക്കങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടുന്ന വൈദ്യുതിവകുപ്പ് വൈദ്യുതിതടസ്സം, വോള്‍ട്ടേജ് ക്ഷാമം, അമിതമായ വോള്‍ട്ടേജ് തുടങ്ങിയ പ്രതിസന്ധികളിലൂടെ സ്വയം വേട്ടയാടപ്പെടുകയെന്നത് നിത്യസംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഇരുപതിനായിരത്തിലധികം വരുന്ന ഗുണഭോക്താക്കളും നൂറുകണക്കിന് വരുന്ന സീസണ് താത്കാലിക കച്ചവടസ്ഥാപനങ്ങളുടെ കടന്നുവരവുമാണ് വൈദ്യുതി വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സീസണുമായി ബന്ധപ്പെട്ട് എരുമേലിക്കാവശ്യമായ വൈദ്യുതി യഥാസമയം എത്തിക്കാന്‍ കഴിയാതിരിക്കുന്നതിനിടെ നുറുങ്ങുവെട്ടമായി ഒളിച്ചുകളിക്കുന്ന വൈദ്യുതി നഷ്ടമാകുന്ന സ്ഥിരം കാഴ്ച എരുമേലിയുടെ മാത്രം ശാപമായിരിക്കുകയാണ്. സീസണ് അവലോകനയോഗങ്ങളില്‍ പറയുന്ന എരുമേലിയെ പ്രകാശപൂരിതമാക്കുമെന്ന പ്രഖ്യാപനം മാത്രമായി മിക്കപ്പോഴും ഇരുട്ടിലൂടെ നടക്കേണ്ടുന്ന ഗതികേടിലാണ് തീര്ത്ഥാടനകരും പൊതുജനങ്ങളും. സീസണ് വേളയില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സം മോഷണത്തിന് വഴിയൊരുക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കടുത്ത വോള്‍ട്ടേജ് ക്ഷാമമാണ് ശബരിമല തീര്‍ത്ഥാടനത്തെ തന്നെ ഇരുളിലാക്കുന്നത്. പരിഹാരമെന്നോളം മരം വെട്ടും ലൈന്‍ മാറ്റലുമെല്ലാം നടത്തി കാത്തിരുന്നാലും സ്ഥിതി മാറുന്നില്ല. എരുമേലിയിലെത്തുന്ന വൈദ്യുതിതന്നെ തീരെ കുറയുന്നതാണ് ഇതിന് കാരണമായി പറയുന്നത്. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-ഫീഡറുകളില്‍ നിന്നും വരുന്ന കുറച്ചു വൈദ്യുതിയില്‍ എരുമേലിയടക്കമുള്ള മലയോര മേഖലയില്‍ പ്രകാശം എത്തിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്.
കനകപ്പലം സബ്സ്റ്റേഷന്
ശബരിമല തീര്‍ത്ഥാടനത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ അനുമതി നല്കിയ കനകപ്പലം 110കെവി സബ് സ്റ്റേഷന് ഇരുളടയുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കനകപ്പലത്ത് എണ്‍പത്ശതമാനം സിവില്‍ ജോലികള്‍ പൂര്‍ത്തീകരിച്ച പദ്ധതിക്ക് കാഞ്ഞിരപ്പള്ളിയില്‍ നിന്നും വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെയുണ്ടായ നീക്കങ്ങളാണ് സബ് സ്റ്റേഷന് കമ്മീഷനിംഗിന് തിരിച്ചടിയായത്. 8 കേസുകളിലായി 37പേര് പരാതിക്കാരായി കോടതിയിലെത്തിയതോടെയാണ് പദ്ധതിയുടെ പ്രകാശം നിലച്ച് ഇരുളടയാന്‍ കാരണമായത്. ശബരിമല സീസണിലെ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനായി ലഭിച്ച പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള നീക്കത്തിന് ഇപ്പോള്‍ ശക്തി ഏറിവരികയാണ്. സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് അനുവദിച്ച മുപ്പത്തിയെട്ടോളം സബ് സ്റ്റേഷനുകളില്‍ മുപ്പത്തേഴ് എണ്ണവും കമ്മീഷന് ചെയ്ത് ജനങ്ങള്‍ക്കു വെളിച്ചമേകിക്കഴിഞ്ഞു. കനകപ്പലം 110കെവി സബ് സ്റ്റേഷന് മാത്രം എങ്ങുമെത്താതെ തര്‍ക്കങ്ങളും വിവാദങ്ങളുമായി കോടതിവരാന്തകള്‍ കയറിയിറങ്ങുകയാണ്.
വഴിവിളക്കുകളും വൈദ്യുതീകരണവും
തീര്‍ത്ഥാടനപാതയിലടക്കം വരുന്ന തീര്‍ത്ഥാടക വിശ്രമകേന്ദ്രങ്ങളിലും കാനനപാതകള്‍, മറ്റ് സമാന്തരപാതകള്‍ എന്നിവിടങ്ങളിലും കാര്യമായ വഴിവിളക്കുകളും വൈദ്യുതീകരണവും വേണമെന്നാണ് പോലീസിണ്റ്റെ ഒരു നിര്‍ദ്ദേശം. അപകടങ്ങളുടെ താഴ്വാരമായ എരുത്വാപ്പുഴ മുതല്‍ കണമല വരെയുളള ഭാഗം പൂര്‍ണമായും വൈദ്യുതീകരിക്കണം. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ പഞ്ചായത്ത് നല്‍കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സീസണ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എരുമേലി അടക്കമുള്ള തീര്‍ത്ഥാടന പാതകളെ ഇരുട്ടിലാക്കുമെന്നകാര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വൈദ്യുതി കമ്പികളില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതും തകരാറിലായ പോസ്റ്റുകള്‍ യഥാസമയം മാറ്റിയിടാതിരിക്കുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: