തിരുവനന്തപുരം: ബംഗ്ലാദേശില്‍ അച്ചടിച്ചത് എന്ന് സംശയിക്കുന്ന ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുമായി എട്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാളിലെ മാള്‍ഡ് ഡിസ്ട്രിക്ട് താമസക്കാരായ ഇമാമുല്‍ ഹഖ് (19), റിജാവുല് കരിം (20), സിറാജുള്‍ ഹഖ് (22), സാക്കിര്‍ അലി (19), കമീറുള് ഇസ്ലാം എന്ന ഇസ്ലാം ഷേഖ് (19), ആസും അലം (21) റുഹൂല്‍ ആമീന്‍ (21), മുജീബ് റഹ്മാന് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് സ്വദേശികളുടെ ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലും വേരുകളുള്ള അന്താരാഷ്ട്ര കള്ളനോട്ട് സംഘത്തിനെ സംബന്ധിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ അടിച്ചതെന്ന് സംശയിക്കുന്ന ആയിരത്തിന്റെ 140 നോട്ടുകളും അഞ്ഞൂറിന്റെ 158 നോട്ടുകളും ഉള്‍പ്പെടെ മൊത്തം 2,19,000 രൂപ 8 പേരുടെയും കൈവശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
റിജാവുള് കരീം, ഇമാമുല്‍ ഹഖ് എന്നിവരാണ് സംഘത്തലവന്മാര്. ഇവരുടെ നേതൃത്വത്തില്‍ നാല് പേരടങ്ങുന്ന രണ്ട് സംഘമായിട്ടാണ് കള്ളനോട്ട് വിതരണം നടത്തുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കടകളില്‍ നല്കി ചെറിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിയശേഷം കള്ളനോട്ടുകള്‍ മാറ്റി യഥാര്ത്ഥനോട്ടുകളാക്കുന്നു. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് മാറി യഥാര്‍ത്ഥ നോട്ടാക്കിയതിന് ശേഷം അതില്‍ 60,000 രൂപ പശ്ചിമബംഗാളിലുള്ള സംഘത്തലവന് അയച്ചുകൊടുക്കും. ബാക്കി 40,000 രൂപ സംഘാംഗങ്ങള്‍ വീതിച്ചെടുക്കും. കഴിഞ്ഞ ദിവസത്തെ തലസ്ഥാനത്തെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം വഴി 62,000 രൂപ പശ്ചിമ ബംഗാളിലേക്ക് അയച്ചുകൊടുത്തതായി പോലീസിന് വിവരം ലഭിച്ചു. പാറശ്ശാലയിലുള്ള ഒരു ചെരുപ്പുകടയില്‍ നിന്ന് സംഘത്തിലെ രണ്ട് പേര് ചെരുപ്പ് വാങ്ങിയശേഷം നല്കിയ ആയിരം രൂപയില്‍ സംശയം തോന്നിയ കടയുടമ പോലീസിനെ അറിയിച്ചതാണ് സംഘത്തെ കുടുക്കുവാനായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഘാംഗങ്ങള്‍ തലസ്ഥാനത്തെ രണ്ട് ലോഡ്ജുകളില്‍ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതനുസരിച്ചാണ് മറ്റ് ആറ് പേരെയും അറസ്റ്റു ചെയ്യുവാനിടയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: