കൊച്ചി: ഐസ്ക്രീം കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിയമോപദേശം നല്കാന് ഇ.കെ നായനാരുടെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്‍ കോഴ വാങ്ങിയതിന്റെ തെളിവുകള്‍ ഇന്ത്യാ വിഷന്‍ പുറത്തുവിട്ടു. നിയമോപദേശത്തിന് പ്രത്യുപകാരമായി 32.5 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 15 ലക്ഷം രൂപ എറണാകുളം എം.ജി റോഡിലുള്ള എസ്.ബി.ഐ ശാഖയില്‍ അടച്ചെന്നുമുള്ള കെ.എ റൗഫിന്റെ ആരോപണം എം.കെ ദാമോദരനും ജൂനിയര്‍ അഭിഭാഷകനും അക്കാലത്തെ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറും റൗഫുമായുള്ള സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നു.
കേസ് പുറത്തുവന്ന കാലത്ത് കുഞ്ഞാലിക്കുട്ടി റൗഫിനൊപ്പം പലതവണ ദാമോദരനെ കണ്ടുവെന്നും ഇന്ത്യാ വിഷന്‍ പുറത്തുവിട്ട വീഡിയോ ടേപ്പുകളില്‍ വ്യക്തമാണ്. ദാമോദരനും ഭാര്യയും ചേര്‍ന്ന് കാസര്‍കോട്ടെ മഞ്ചേശ്വരത്ത് നടത്തുന്ന അക്വാ ഫാമിന്റെ ലോണ്‍ കുടിശിക തീര്‍ക്കാനാണ് പണം ഉപയോഗപ്പെടുത്തിയതെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു. മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി. അഹമ്മദ് കുഞ്ഞിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
തങ്ങള്‍ക്ക് അനുകൂലമായി നിയമോപദേശം നല്കാന് നല്കിയ കോഴയ്ക്ക് തെളിവ് തേടിയാണ് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ കെ.എ റൗഫ്, ഈ വര്‍ഷം ജനുവരി ആദ്യം എം.കെ ദാമോദരന്റെ ജൂനിയര്‍ അഭിഭാഷകന് അഡ്വ. പി.സി ശശിധരനെ കാണാനെത്തുന്നത്. 15 ലക്ഷം രൂപ ദാമോദരന്റെ കമ്പനി അക്കൗണ്ടില്‍ അടയ്ക്കാന്‍ ഓഫീസില്‍ നിന്ന് കൂടെപ്പോയ ഗുമസ്തന്റെ പേരും ടെലഫോണ്‍ നമ്പറും റൗഫ് അന്വേഷിച്ചറിയുന്നു. സംഭാഷണത്തിനിടയില്‍ കുഞ്ഞാലിക്കുട്ടിയും ദാമോദരനും തമ്മിലുള്ള അവിഹിത ഇടപാടുകള്‍ ശശിധരന് തുറന്നുപറയുന്നു. കുഞ്ഞാലിക്കുട്ടി പണം നല്കിയിരുന്നില്ലെങ്കില് ദാമോദരന്റെ വീട് ജപ്തി ചെയ്തുപോകുമായിരുന്നുവെന്നും അഡ്വ. ശശിധരന് പറയുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മുന്‍ സ്റ്റാന്റിംഗ് കൗണ്സില്കൂടിയാണ് അഡ്വ. ശശിധരന്.
എറണാകുളം എം.ജി റോഡിലുള്ള എസ്ബിഐ ശാഖയില്‍ ദാമോദരന്റെ കമ്പനി അക്കൗണ്ടില്‍ പണം അടയ്ക്കാന്‍ തന്നോടൊപ്പം വന്നുവെന്ന് കെ.എ റൗഫ് അവകാശപ്പെടുന്ന സതീഷ് വര്‍മ്മയെ റൗഫ് കണ്ടുമുട്ടുന്നത് തന്റെ ബി.എം.ഡബ്ല്യു കാറില്‍ വച്ചാണ്. ബാങ്കില്‍ പോയ കാര്യവും അക്കൗണ്ടിന്റെ പേരും സതീഷ് ഓര്‍മ്മിച്ചെടുക്കുന്നു. 15 ലക്ഷം രൂപ നല്കിയ ശേഷം എണ്ണിത്തീര്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ റസീപ്റ്റ് പിന്നീട് പോയി വാങ്ങുകയായിരുന്നുവെന്നും സതീഷ് വര്‍മ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: