നിസാമബാദ്: പുതുവര്‍ഷത്തോടെ തെലുങ്കാന സംസ്ഥാനം യാഥാര്‍ത്ഥ്യമാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2012 ഓടെ തെലുങ്കാനയിലെ ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉറച്ച നിലപാടെടുക്കുകയും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ തെലുങ്കാനക്ക് വഴിതെളിയുമെന്ന് അദ്വാനി പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നടത്തുന്ന ജനചേതന യാത്രയുമായി ഇവിടെയെത്തിയ അദ്വാനി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. തെലുങ്കാന രൂപീകരണത്തിനായി സഭാ പ്രമേയത്തിന്റെ ആവശ്യമില്ല. ശീതകാല സമ്മേളനത്തില്‍തന്നെ പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ പാര്‍ലമെന്റിന് കഴിയും. യുപിഎ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം ഏറെ അവഗണന നേരിടുന്ന മേഖലയാണ് ആന്ധ്രാപ്രദേശിലെ തെലുങ്കാന. സംസ്ഥാന പദവിയെന്ന വാഗ്ദാനത്തില്‍നിന്ന് പിന്നോട്ടുപോകുന്ന യുപിഎ തെലുങ്കാനയെ ദുരിതത്തിലേക്ക് തള്ളിയിടുകയാണെന്ന് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ അദ്വാനി കുറ്റപ്പെടുത്തി.
സംസ്ഥാന പദവിയെന്ന വാഗ്ദാനത്തില്‍നിന്ന് യുപിഎ പിന്മാറിയതോടെ കഴിഞ്ഞ 60 വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഒരു ഭാഗവും സാക്ഷ്യം വഹിക്കാത്ത ദുരവസ്ഥയിലാണ് തെലുങ്കാന. സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്തതിന്റെ പേരില്‍ യുവാക്കള്‍ ആത്മഹത്യ ചെയ്യുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. തെലുങ്കാന സംസ്ഥാനമെന്ന ആവശ്യം ന്യായമാണെന്ന നിലപാടാണ് ബിജെപിക്കെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഒരു മുറുമുറുപ്പുപോലും ഉണ്ടാക്കാതെ മൂന്ന് സംസ്ഥാനങ്ങള്‍ രൂപീകരിച്ച കാര്യം അദ്വാനി ചൂണ്ടിക്കാട്ടി. അദ്വാനി നയിക്കുന്ന ജനചേതനയാത്ര ചൊവ്വാഴ്ച വൈകിട്ടാണ് മഹാരാഷ്ട്രയില്‍നിന്ന് തെലുങ്കാനയില്‍ പ്രവേശിച്ചത്. നിസാമബാദ്, മേഡക്, രംഗറെഡ്ഡി ജില്ലകളില്‍ നടത്തിയ റോഡ്ഷോകളെ അദ്വാനി അഭിസംബോധന ചെയ്തു. ടീം ഹസാരെ അംഗം അരവിന്ദ് കേജ്രിവാളിന് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ജനാധിപത്യത്തില്‍ ഒരു തരത്തിലുമുള്ള അതിക്രമങ്ങള്‍ക്കും സ്ഥാനമില്ല. വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ എല്ലവര്‍ക്കും അവകാശമുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: