കൊല്ലം: ഉച്ചയില്ലാത്ത ദിവസം തനിക്കുവേണ്ടി സൃഷ്ടിച്ച് കാക്കനാടന് യാത്രയായി. ഇടവഴികളും നെടുവഴികളും നിറഞ്ഞ കൊല്ലം നഗരത്തിന്റെ ഉഷ്ണ മേഖലകളില്‍ കൂടി സഞ്ചരിച്ച മലയാളത്തിന്റെ കഥാകാരന് രോഗങ്ങള്‍ പകര്‍ന്ന അനിശ്ചിതത്വങ്ങളെ ഒടുവില്‍ മരണത്തിലൂടെ അതിജീവിച്ചു.
കാക്കനാടന്റെ നാടേത് എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ കാക്കനാട് എന്നൊരു നാടുണ്ടല്ലോ എന്ന് കരുതിയിട്ടല്ലേ എന്ന് ചിരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നാടും എന്റെ നാട് എന്ന് ആലോചിക്കാതെ മറുപടി പറയുമ്പോഴും നെഞ്ചില്‍ തടവി എങ്കിലും ഇതാ കൊല്ലത്തിന്റെ ഈ ഗ്രാമമണമുള്ള നഗരമാണ് എന്റെ ഇടം എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു കാക്കനാടന്.
പുറത്തുവന്ന അവസാന നോലവായ കമ്പോളം കൊല്ലം നഗരത്തിന്റെ നേര്‍കാഴ്ചകളാണ്. ചിതലെടുക്കാത്ത ഒര്മ്മകളില് നിന്ന് താന്‍ അറിഞ്ഞു വളര്‍ന്ന ഈ നഗരത്തിന്റെ യൗവനത്തെ കാക്കനാടന് എന്നത്തെയും തലമുറയ്ക്കായി പകര്‍ത്തിയെഴുതി. ബേബിച്ചായന് എന്ന പേരില്‍ നിറഞ്ഞ വാത്സല്യമായിരുന്നു കൊല്ലം കാക്കനാടന് പകര്‍ന്നതും അദ്ദേഹം തിരിച്ചു നല്കിയതും.
പഴയകാല കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരമായ കൊല്ലത്തിന്റെ കമ്പോളത്തെ ഈ നാടിന്റെ ഭാഷയില്‍ തന്നെ കാക്കനാടന് വരച്ചുചേര്‍ത്തു. മുല്ലപ്പൂമണം പരത്തുന്ന തെരുവുകളുടെ ഇരുള് നിഴലുകളും നഗരരാവിന് ലഹരി പകരുന്ന ചെറു സങ്കേതങ്ങളും തിരയെണ്ണി പകല്‍ പോക്കുന്ന അലസയൗവനങ്ങളും വിയര്‍പ്പിറ്റിച്ച്, തല്ലിയും നേടിയും ആധിപത്യം നേടിയ കമ്പോളക്കച്ചവടങ്ങളുമെല്ലാം അദ്ദേഹം ആത്മാവിന്റെ കത്തിപ്പടര്‍ന്ന ഭാഷയിലൂടെ മലയാളത്തിന് പകര്‍ന്നു.
കാക്കനാടനെന്ന ബേബിച്ചായന് ഇന്നലെ രാവിലെ അസ്തമിക്കുമ്പോള്‍ കൊല്ലത്തിന് നഷ്ടമാകുന്നത് കൈരേഖകള്‍ പോലെ ഈ നഗരഹൃദയത്തെ അടുത്തറിഞ്ഞ എഴുത്തുകാരനെയാണ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങി ഭാവനാസമ്പന്നതയുടെ മേല്പ്പുതപ്പുകള്ക്കപ്പുറത്ത് ഈ നഗരത്തിന്റെ ചരിത്രകാരനാണ് കാലത്തോടൊപ്പം മറയുന്നത്. ഓരോ ദിവസവും പുതിയകാലത്തിന്റെ പിറവിയാണെന്നും ആയുസിന്റെ പുസ്തകത്തില്‍ നിന്ന് ഒരു താള് കൊഴിയുമ്പോള്‍ മനുഷ്യന് പുതിയ താള് മറിക്കാനൊരുങ്ങുകയാണെന്നും എന്നെങ്കിലുമൊരിക്കല്‍ കാറ്റും കാലവും നിശ്ചലമാകുന്ന മുഹൂര്‍ത്തം വരുമെന്നും പറഞ്ഞ കാക്കനാടന് അത്തരമൊരു മുഹൂര്‍ത്തത്തെ നഗരത്തിന് സമ്മാനിച്ചുകൊണ്ടാണ് അനിവാര്യമായ തീര്‍ത്ഥാടനം നടത്തുന്നത്.
ഉറച്ച നിലപാടുകള്‍ അതിനേക്കാള്‍ ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു കാക്കനാടന്. ആരുടെയെങ്കിലും ചട്ടക്കൂടിനുള്ളില്‍ നിന്നില്ല ആ പ്രകമ്പനങ്ങള്‍. തനിക്ക് ശരിയെന്ന് തോന്നുന്നത് ആര്‍ജ്ജവത്തോടെ വിളിച്ചു പറയാന്‍ അദ്ദേഹം കാട്ടിയ തന്റേടം കാക്കനാടനെ സ്വന്തം പക്ഷത്തിരുത്തി മേനി നടിക്കാന്‍ ഇറങ്ങിത്തിരിച്ച പ്രഖ്യാപിത പുരോഗമനവാദികള്‍ക്ക് എന്നും തിരിച്ചടിയായിരുന്നു.
കാക്കനാടന് വേണ്ടി ഒരിക്കല്‍ കൊല്ലം അണിഞ്ഞൊരുങ്ങി. 2008ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വ സമര്‍പ്പണമായിരുന്നു ചടങ്ങ്. തൃശൂരില്‍ നിന്ന് ബഹുമതിയുമായി അക്കാദമി ഭാരവാഹികള്‍ കൊല്ലത്തെത്തി. കാക്കനാടന് പ്രിയപ്പെട്ട നഗരത്തില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് നടുവില്വെച്ചായിരുന്നു കേരളം അദ്ദേഹത്തെ ആദരിച്ചത്. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിന് മുന്നിലെ തുറന്ന വേദിയില്‍ നടന്ന ആദ്യപരിപാടിയായിരുന്നു അത്. റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗകാല ജീവിതത്തില്‍ ദല്‍ഹിയുടെ തെരുവിലൂടെയലഞ്ഞ് നടന്ന യൗവനത്തേക്കാള്‍ തീഷ്ണവും അനുഭവപൂരിതവുമാണ് കൊല്ലത്തിന്റെ ഉഷ്ണമേഖലയിലൂടെയുള്ള സഞ്ചാരമെന്ന് ഈ നഗരത്തെ സാക്ഷി നിര്‍ത്തി കാക്കനാടന് അന്ന് പ്രഖ്യാപിച്ചു. ഇന്ന് കാക്കനാടന് വേണ്ടി കൊല്ലം വീണ്ടും ഒരുങ്ങുകയാണ്. മഹാനായ എഴുത്തുകാരന്റെ മഹാപ്രവാസത്തിനുള്ള മുന്നൊരുക്കം. ഇന്ന് പൊതുദര്‍ശനം. വൈകിട്ട് പോളയത്തോട് ശ്മശാനത്തില്‍ അന്തിമകര്‍മ്മങ്ങള്‍. കാക്കനാടന് വിശ്വാസിയായിരുന്നില്ല. വിശ്വാസത്തിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ മാനങ്ങളുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നതില്‍ വിശ്വസിക്കാനാണ് അദ്ദേഹം എന്നും തയ്യാറായത്. ജീവിത്തതിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളോട് എന്നും കലഹിച്ച കൊല്ലത്തിന്റെ കഥാകാരന് അന്ത്യവിശ്രമത്തറയൊരുങ്ങുമ്പോള് നഗരത്തില്‍ നിന്ന് മറ്റൊരു ഉച്ചയില്ലാത്ത ദിവസമാണ്.
ഇന്നലെ വസതിയിലെത്തി എന്‍. പീതാംബരക്കുറുപ്പ് എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ. പ്രകാശ് ബാബു, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ശിവജി സുദര്ശന് ജില്ലാ കളക്ടര്‍ പി.ജി. തോമസ്, അഡ്വ. ബിന്ദുകൃഷ്ണ, എന്‍. അഴകേശന്, ബിആര്‍പി ഭാസ്കര്‍, ഭാസുരചന്ദ്രബാബു, സി.ആര്. രാമചന്ദ്രന് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: