ന്യൂദല്‍ഹി: തങ്ങളുടെ നടപടികള്ക്ക്നേരെയുള്ള വിമര്‍ശനങ്ങളില്‍നിന്ന് ജഡ്ജിമാര്‍ ഒാടിയൊളിക്കേണ്ടതില്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ നിയമത്തിന്റെ വളര്‍ച്ചക്ക് വഴിവെക്കുമെന്നും ചീഫ്ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അഭിപ്രായപ്പെട്ടു. പ്രസിദ്ധ നിയമജ്ഞനായ ടി.ആര്. അന്തിയര്ജനയുടെ കേശവനാഥ ഭണ്ഡാരി കേസ് സുപ്രീംകോടതിയും പാര്‍ലമെന്റും തമ്മില്‍ മേല്‍ക്കോയ്മക്കായി നടത്തിയ സമരത്തിന്റെ അറിയാത്ത കഥ എന്ന പുസ്തകം പ്രസാധനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാര്‍ ക്രിയാത്മകമായി ബാറുകളുടെ വിമര്‍ശനത്തെ ഭയപ്പെടുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. ജഡ്ജിമാര്‍ വിവാദങ്ങളില്‍ ഉള്‍പ്പെടരുതെന്ന പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചില്ല. കേശവാനന്ദ ഭാരതി കേസിലെ വാദി പ്രതി ഭാഗങ്ങള്‍ മാത്രമല്ല ജഡ്ജിമാരിലും നിയമജ്ഞരിലും ഉണ്ടായ സംഘര്‍ഷങ്ങളെയാണ് പുസ്തകം പ്രതിപാദിക്കുന്നത്. ഇതിനെത്തുടര്‍ന്ന് അന്നത്തെ ചീഫ്ജസ്റ്റിസായിരുന്ന എസ്.എം. സിക്രി 1973 ഏപ്രില്‍ 24 ന് ഭൂരിപക്ഷത്തിന്റെ വീക്ഷണം എന്ന നിലയില്‍ ഒരു രേഖ തയ്യാറാക്കി. 9 ജഡ്ജിമാര്‍ ഇതില്‍ ഒപ്പുവെച്ചപ്പോള്‍ 4 പേര് ഒപ്പിടാതെ ഇരുന്നു. ഇതിനെയാണ് കേശവാനന്ദഭാരതി കേസിലെ ഭൂരിപക്ഷ തീരുമാനമെന്ന് വിളിക്കുന്നത്. ഈ കേസിന്റെ ഉത്ഭവവും വികാസ പരിണാമങ്ങളും അവസാനവും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസിലെ അഭിഭാഷകനെന്ന നിലയില്‍ തന്റെ അനുഭവങ്ങളും പിന്നീട് പല ജഡ്ജിമാരുമായി നടത്തിയ അഭിമുഖങ്ങളുമാണ് പുസ്തകത്തിലുള്ളത്. ഈ പുസ്കതത്തെ കേവലം വിധിക്കപ്പുറം ഉള്ള ഒരു കേസിന്റെ ചരിത്രമായി നിയമജ്ഞര്‍ കണക്കാക്കുന്നു. ഇതിലാണ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ കണ്ടെത്താന്‍ 35 മാര്‍ഗങ്ങളാണ് അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നിയമവാഴ്ച, മതേതരത്വം, പാര്‍ലമെന്റ്, ഉദ്യോഗസ്ഥര്‍, നീതിന്യായവകുപ്പ് എന്നിവയെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: