Categories: Ernakulam

ടാങ്കര്‍ലോറി കുടിവെള്ള വിതരണത്തില്‍ വന്‍ അഴിമതി

Published by

മട്ടാഞ്ചേരി: കൊച്ചി കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ കുടിവെള്ള പദ്ധതിയില്‍ വന്‍തോതില്‍ അഴിമതിയും ഉദ്യോഗസ്ഥ അനാസ്ഥയും വര്‍ധിച്ചതായി ആരോപണം. ടാങ്കര്‍ കുടിവെള്ള വിതരണത്തിനുള്ള ജലപരിശോധനയില്‍ മാരകമായ തോതില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയത്‌ ഏറെ വിവാദവും ആശങ്കയുമുണര്‍ത്തിയിരുന്നു.

ജില്ലയിലും നഗരപ്രദേശങ്ങളിലും വ്യാപകമായി പകര്‍ച്ചവ്യാധിയും ജലജന്യരോഗങ്ങളും പടര്‍ന്നുപിടിക്കുമ്പോള്‍ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കുമുണ്ടെന്നാണ്‌ വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്‌. ടാങ്കര്‍ വഴി കുടിവെള്ള വിതരണത്തിനുള്ള ജലം ശേഖരിക്കേണ്ടത്‌ വാട്ടര്‍ അതോറിറ്റിയില്‍നിന്നുതന്നെയാകണമെന്ന്‌ കരാര്‍ നിബന്ധനയില്ലാത്തതുമൂലം ജലവിതരണ ഏജന്‍സികള്‍ ടാങ്കര്‍വെള്ളം ശേഖരിക്കുന്നത്‌ ഏത്‌ ജലസ്രോതസില്‍നിന്നാണെന്ന്‌ വ്യക്തമാക്കുന്നില്ല.

കൂടാതെ വ്യക്തമായ നിര്‍ദേശങ്ങളോ സംവിധാനങ്ങളോ ടാങ്കര്‍ കുടിവെള്ള വിതരണത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുമില്ല. നഗരസഭയുടെ ലോക്കല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ടാങ്കര്‍ കുടിവെള്ള വിതരണത്തിനുള്ള വെള്ളം ശേഖരിക്കുന്നത്‌ സ്വകാര്യ കിണറുകളില്‍നിന്നുമാണെന്ന്‌ ചൂണ്ടിക്കാട്ടിയതായി മുന്‍ കൗണ്‍സിലര്‍ വി.ജെ.ഹൈസിന്ത്‌ പറഞ്ഞു. ജലവിതരണത്തിന്റെ മറവില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നുവരികയാണ്‌.

കഴിഞ്ഞകാലങ്ങള്‍ പ്രതിവര്‍ഷം ഒന്നരക്കോടി രൂപ നല്‍കിയിരുന്ന കുടിവെള്ള സംഭരണത്തിന്‌ കഴിഞ്ഞവര്‍ഷം നല്‍കിയത്‌ നാല്‌ കോടി രൂപയാണ്‌. ഇതിന്‌ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിട്ടും വിതരണത്തിനുള്ള ടാങ്കര്‍ കുടിവെള്ളം സംഭരിക്കേണ്ടത്‌ വാട്ടര്‍ അതോറിറ്റിയില്‍നിന്നുതന്നെയാകണമെന്ന്‌ നിര്‍ദേശിക്കാത്തത്‌ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്‌ വെളിവാക്കുന്നത്‌. മാലിന്യം കലര്‍ന്ന കുടിവെള്ളം വിതരണം ചെയ്ത കുറ്റത്തിന്‌ കരാറുകാരനെ മാത്രമല്ല, കോര്‍പ്പറേഷന്‍ സെക്രട്ടറി, ഹെല്‍ത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി, ഹെല്‍ത്ത്‌ ഓഫീസര്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ എന്നിവരെ പ്രോസിക്യൂഷന്‍ നടപടിക്ക്‌ വിധേയമാക്കണമെന്ന്‌ ജനകീയ സംഘടനകള്‍ ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by