തിരുവനന്തപുരം: വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തിനു വിധേയരായ എംഎല്‍എമാരായ ടി.വി.രാജേഷിനെയും ജെയിംസ് മാത്യുവിനെയും ഇന്നലെ സ്പീക്കറെ അവഹേളിച്ചതിന് രണ്ടു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച പ്രമേയം പാസാക്കുകയായിരുന്നു. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് സഭയ്ക്കുള്ളില്‍ പ്രതിപക്ഷം സത്യഗ്രഹമിരിക്കുകയാണ്. ഇന്ന് സസ്പെന്ഷന് കാലാവധി തീരുന്ന സമയംവരെ സത്യഗ്രഹം തുടരും.
വെള്ളിയഴ്ച നടന്ന കയ്യാങ്കളിയെക്കുറിച്ച് ഭരണപ്രതിപക്ഷ അംഗങ്ങളുമായി മണിക്കൂറുകള്‍ നീണ്ട സമവായ ചര്‍ച്ചയ്ക്കൊടുവില്‍ രണ്ട് പേരുടെയും ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ റൂളിങ് നല്കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ സമയം സ്പീക്കറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ജയിംസ് മാത്യു എഴുന്നേറ്റു. തങ്ങള്‍ ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും ധാരണയ്ക്ക് വിരുദ്ധമായ കാര്യമാണ് പറയുന്നതെന്നും ജയിംസ് മാത്യു പറഞ്ഞു. സ്പീക്കര്‍ കള്ളം പറയുന്നതായി ജെയിംസ് മാത്യു രോഷാകുലനായി ആവര്‍ത്തിച്ചപ്പോള്‍ ടി.വി.രാജേഷും ഒപ്പം കൂടി.
ചേംബറിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി ജയിംസ് മാത്യു വീണ്ടും പ്രതിഷേധിക്കുന്നത് ചട്ടലംഘനമാണെന്നും കൂടുതല്‍ നടപടിക്ക് നിര്‍ബന്ധിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. റൂളിങ്ങിനിടയിലും പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രിയോട് സ്പീക്കര്‍ ആരാഞ്ഞു. തുടര്‍ന്ന് എഴുന്നേറ്റ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ രണ്ട് പേരെയും സസ്പെന്‍ഡ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു. അതോടെ പ്രതിപക്ഷം ഒന്നടങ്കം ബഹളവുമായി എഴുന്നേറ്റു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സഭയില്‍ സത്യഗ്രഹം ഇരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പ്രഖ്യാപിച്ചു. സസ്പെന്ഷന് നടപടിക്ക് വിധേയരായവരും സത്യഗ്രഹത്തില്‍ പങ്കെടുക്കുകയാണ്. ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു.
നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് വെള്ളിയാഴ്ച സഭയിലുണ്ടായതെന്ന് സ്പീക്കര്‍ പറഞ്ഞു. ‘ജയിംസ് മാത്യു കോടിയേരി ബാലകൃഷ്ണനോട് എന്തോ സംസാരിക്കുന്നത് കാണാം. തുടര്‍ന്ന് രാജേഷിനേയും കൂട്ടി ജെയിംസ് മാത്യു തള്ളിക്കയറുന്നതും ദൃശ്യത്തിലുണ്ട്. ടി.വി. രാജേഷും ജെയിംസ് മാത്യുവും വനിതയെ മനപൂര്‍വ്വം കയ്യേറ്റം ചെയ്തെന്ന് കരുതുന്നില്ല. കൂട്ടപ്പൊരിച്ചിലിനിടയില്‍ സംഭവിച്ചതാകാം. മൊത്തം നാല് പേരുടെ പരാതികള്‍ ലഭിച്ചിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡില്‍നിന്ന് ഇത് ആദ്യമായാണ് പരാതി ലഭിക്കുന്നത്. നിയമസഭയില്‍ എല്ലാ സീമകളും ലംഘിച്ച് അക്രമം നടത്തുന്ന പ്രവണത കൂടിവരുന്നു. സഭയുടെ അന്തസിന് ഇത് ചേര്‍ന്നതാണോ എന്ന് എല്ലാ അംഗങ്ങളും ചിന്തിക്കണം. ഏതായാലും രണ്ട് പേരുടെയും ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം അവസാനിപ്പിക്കുകയാണെന്ന് സ്പീക്കര്‍ പറയുമ്പോഴേക്കും ബഹളം ഉയര്‍ന്നു.
ധാരണയ്ക്ക് വിരുദ്ധമായി പ്രതിഷേധം ഉന്നയിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണ്ടിവരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്കി.
കൈയാങ്കളിയില്‍ നടപടി ഒഴിവാക്കാന്‍ മാരത്തോണ്‍ ചര്‍ച്ചയാണ് തിങ്കളാഴ്ച രാവിലെ ഏഴര മുതല്‍ നടന്നത്. എംഎല്‍എമാര്‍ക്കെതിരായ അച്ചടക്ക നടപടിയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ സ്പീക്കറുടെ ചേംബറിലെത്തി ഖേദപ്രകടനം നടത്തുന്നതിലൂടെ പ്രശ്നംപരിഹരിക്കപ്പെടുമെന്ന ഘട്ടത്തിലാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്.
രണ്ട് എംഎല്‍എമാരേയും സസ്പെന്‍ഡ് ചെയ്യണം എന്ന നിലപാടിലായിരുന്നു ഭരണപക്ഷം. സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ ആരംഭത്തിലും അവര്‍ ഈ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സസ്പെന്ഷന് ഒഴിവാക്കാം. പകരം തെറ്റ് അംഗീകരിച്ച് രണ്ട് പേരും ഖേദപ്രകടനം നടത്തണമെന്നതിലേക്ക് ഭരണപക്ഷം അയഞ്ഞു. അങ്ങനെയെങ്കില്‍ ടി.വി. രാജേഷിനും ജയിംസ് മാത്യുവിനും എതിരെ വനിതയെ അപമാനിച്ചുവെന്നുള്ള ആരോപണം ഭരണപക്ഷം പിന്‍വലിക്കണമെന്ന് പ്രതിപക്ഷവും ഉന്നയിച്ചു. ഇത് അംഗീകരിക്കപ്പെടുകയും സമവായത്തിലെത്തുന്നു എന്ന പ്രതീതിയുമുണ്ടായി.
ഖേദപ്രകടനം നടത്തിയാല്‍ അത് വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ശരിവെക്കുന്നതിന് തുല്യമാകുമെന്നതിനാല്‍ അത് വേണ്ട എന്ന നിലപാട് പിന്നീട് പ്രതിപക്ഷം സ്വീകരിക്കുകയായിരുന്നു. എംഎല്‍എമാര്‍ വനിതയെ അപമാനിച്ചുവെന്ന് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി, മന്ത്രി കെ.സി. ജോസഫ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്കാന് പ്രതിപക്ഷം തീരുമാനിച്ചു. ഒപ്പം സ്പീക്കറുടെ ചേംബറിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതില്‍ ഖേദമുണ്ടെന്നും കത്തില്‍ സൂചിപ്പിക്കാം എന്നും തീരുമാനിച്ചു.
എന്നാല്‍ ഖേദപ്രകടനം നടത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ രണ്ട് പേരെയും സസ്പെന്‍ഡ് ചെയ്യണമെന്ന നിലപാടില്‍ ഭരണപക്ഷവും ഉറച്ചുനിന്നു. മാപ്പ് പറയുന്നില്ലെങ്കില്‍ സഭ സ്തംഭിച്ചാലും കുഴപ്പമില്ലെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. ചര്‍ച്ചകള്‍ ഫലം കാണാതെ നീണ്ടുപോയ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്പീക്കറുമായി ചര്‍ച്ചനടത്തി. ഇതിന് ശേഷമാണ് ഒന്നുകില്‍ സ്പീക്കറുടെ ചേംബറിലെത്തി ഖേദപ്രകടനം നടത്തുക അല്ലെങ്കില്‍ ഒരു ദിവസത്തെ സസ്പെന്ഷന് എന്ന രണ്ട് സാധ്യകളിലേക്ക് ചര്‍ച്ചകള്‍ എത്തിയതും ഒടുവില്‍ റൂളിങ്ങിനിടെ സസ്പെന്ഷന് പ്രഖ്യാപിച്ചതും. ഉടന്‍തന്നെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്കിറങ്ങി. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് സഭയ്ക്കുള്ളില്‍ സത്യഗ്രഹമിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കുകയും ചെയ്തു. സഭാനടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം സത്യഗ്രഹം ആരംഭിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി.വി. രാജേഷും ജെയിംസ് മാത്യുവും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. സസ്പെന്ഷന് കാലാവധി തീരുന്ന ഇന്ന് സഭ അവസാനിക്കുന്ന സമയം വരെ സത്യഗ്രഹം തുടരും. നിയമസഭയ്ക്കുള്ളിലെ സത്യഗ്രഹത്തിന് സമാന്തരമായി നിയമസഭ ഉപരോധിച്ചുകൊണ്ട് സിപിഎമ്മും അനുകൂല സംഘടനകളും സമരം ആരംഭിച്ചിട്ടുണ്ട്.
സ്പീക്കറുടെ സാന്നിധ്യത്തില്‍ രാവിലെ നടത്തിയ കക്ഷി നേതാക്കളുടെ യോഗത്തിലുണ്ടാക്കിയ ധാരണ രണ്ട് എംഎല്‍എമാര്‍ തെറ്റിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറെ കണ്ട് രണ്ട് അംഗങ്ങളും ഖേദം പ്രകടിപ്പിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സഭയില്‍ രണ്ട് അംഗങ്ങളുടേയും പേരെടുത്ത് പറഞ്ഞ് പ്രസ്താവന നടത്താനും ധാരണയായി. ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളൊന്നും വേണ്ടെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ധാരണയോടെയുണ്ടാക്കിയ പൊതു തീരുമാനം സ്പീക്കര്‍ സഭയില്‍ അറിയിച്ചപ്പോള്‍ ജയിംസ് മാത്യുവും രാജേഷും പൊട്ടിത്തെറിച്ചു. സ്പീക്കറെ ചോദ്യം ചെയ്യുകയും ആക്രോശിക്കുകയും ചെയ്തു. പുറത്തുപയാന് പറ്റാത്ത വാക്കുകളാണ് അവര്‍ പറഞ്ഞത്. ആ സമയത്താണ് രണ്ട് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത് പ്രമേയം ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: