തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി വിവാദത്തില്‍ പ്രശ്ന പരിഹാരത്തിനായുള്ള ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ പാളി. രണ്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണ പക്ഷവും തങ്ങളെ ആക്ഷേപിച്ചവര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷവും ഉറച്ച് നില്ക്കുന്നു.
വീഡിയോ ദൃശ്യ പരിശോധനയ്ക്ക് ശേഷം സ്പീക്കര്‍ ജി.കാര്ത്തികേയന് ഭരണ, പ്രതിപക്ഷ അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച ചെയ്ത് അനുരഞ്ജന നീക്കങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുകൂട്ടരും അവരവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ജെയിംസ് മാത്യു, ടി.വി രാജേഷ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ ഭരണ പക്ഷം ഉറച്ച നിലപാടിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി ജോസഫ്, ചീഫ് വിപ്പ് പി.സി ജോര്‍ജ് എന്നിവര്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് സഭയില്‍ പ്രതിഫലിച്ചതെന്ന് സി.പി.എം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. അച്ചടക്ക നടപടികള്‍ ഒരു കാരണവശാലും അംഗീകരിക്കേണ്ടെന്നും വിട്ടു വീഴ്ചയില്ലാതെ പൊരുതണമെന്നുമാണ് സി.പി.എമ്മിന്റെ ആഹ്വാനം. ഇതോടെ കോടിയേരി ബാലകൃഷ്ണന് അനുരഞ്ജന ചര്‍ച്ചകളില്‍ നിന്നും പിന്മാറി.
തിങ്കളാഴ്ച ചോദ്യോത്തരവേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുമായി സ്പീക്കര്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതിന് മുമ്പ് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: