ഗോരഖ്പൂര്‍: അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ടീം ഹസാരെയോട് ആര്‍എസ്എസ് അഭ്യര്‍ത്ഥിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ താന്‍ നയിക്കുന്ന പ്രക്ഷോഭത്തെ ആര്‍എസ്എസിന്റെ പിന്തുണ കളങ്കപ്പെടുത്തിയെന്ന് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ അഭ്യര്‍ത്ഥന. മഹനീയമായ ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയും രാജ്യത്ത് നടക്കുന്ന അഴിമതിക്കെതിരെ വന്‍ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നയാളുമായ അണ്ണാ ഹസാരെക്ക് പിന്തുണ നല്‍കേണ്ടത് ആര്‍എസ്എസിന്റെ കടമയാണെന്ന് സര്‍കാര്യവാഹ് സുരേഷ് ജോഷി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിനയച്ച കത്തില്‍ ഹസാരെ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകള്‍ നിര്‍ഭാഗ്യകരവും അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് ഹാനികരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സങ്കുചിത രാഷ്ട്രീയ ഗൂഢാലോചനകള്‍ക്ക് ഹസാരെയേപ്പോലൊരാള് വശംവദനാകുന്നത് നിര്‍ഭാഗ്യകരമാണ്.
ഹസാരെ ഏറ്റെടുത്തിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ ആശയങ്ങളിലും താനും രാജ്യത്തെ ആയിരക്കണക്കിന് പ്രവര്‍ത്തകരും ആകൃഷ്ടരായിട്ടുള്ളതാണ്. അഴിമതിവിരുദ്ധ പ്രസ്ഥാനം നേടിയ എല്ലാ വിജയങ്ങളുടെയും മുഴുവന്‍ ബഹുമതിയും ഹസാരെക്ക് തന്നെയാണ്. അഴിമതിക്കെതിരെ രാംലീലാ മൈതാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടത്തിയ പ്രക്ഷോഭങ്ങളിലെല്ലാം ആര്‍എസ്എസ് സജീവമായി പങ്കുചേര്‍ന്നിട്ടുണ്ട്, ജോഷി വ്യക്തമാക്കി.
അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന ഹസാരെയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യയും വ്യക്തമാക്കി.
സ്റ്റേജില്‍ കയറി ഹസാരെയെ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സാധാരണക്കാരായ ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാംലീലാ മൈതാനത്തും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അഴിമതിവിരുദ്ധ പ്രസ്ഥാനത്തില്‍ സന്നിഹിതരായിരുന്നു. എന്നിട്ടും ഹസാരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല, വൈദ്യ വാര്‍ത്താലേഖകരോട് പറഞ്ഞു. സങ്കുചിതവും തരംതാണതുമായ ‘ഗൂഢാലോചന രാഷ്ട്രീയ’ത്തില്‍നിന്ന് സംരക്ഷണം തേടേണ്ട ഉത്തരവാദിത്തം അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്കുണ്ട്. ഇത്തരം വിവാദങ്ങള്‍ സാധാരണ ജനത്തെ അസ്വസ്ഥരാക്കും. അഴിമതിക്കെതിരായ എല്ലാ പ്രസ്ഥാനങ്ങളെയും ആര്‍എസ്എസ് തുടര്‍ന്നും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹസാരെ
മൗനവ്രതത്തിന്
പൂനെ: മനഃശാന്തിക്കായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഒരാഴ്ച നീളുന്ന മൗനവ്രതം ആചരിക്കുന്നു. സ്വദേശമായ റാലെഗാവ് സിദ്ധി ഗ്രാമത്തില്‍ നാളെ മുതലാണ് മൗനവ്രതം.
ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി 12 ദിവസം നടത്തിയ നിരാഹാര സത്യഗ്രഹത്തിനുശേഷവും ജനങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടിരുന്ന ഹസാരെ ഏറെ ക്ഷീണിതനായ സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ‘അഴിമതിക്കെതിരെ ഇന്ത്യ’ പ്രവര്ത്തകന് ശ്യാം അസാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: