ശിവകാശി: അന്ധകാരത്തിന് മേല്‍ പ്രകാശം നേടിയ വിജയം ദ്യോതിപ്പിക്കുന്ന ഉത്സവമായ ദീപാവലി യ്‌ക്കാവശ്യമായ വെടിക്കോപ്പുകള്‍ ഒരുക്കുന്ന തിരക്കിലാണ് ശിവകാശി. സ്വന്തം ജീവന്‍ പണയം വെച്ച് വെടിമരുന്ന് പുരകളിലിരുന്നുള്ള ശിവകാശിക്കാരായ തൊഴിലാളികളുടെ അദ്ധ്വാനഫലമാണ് ദക്ഷിണേന്ത്യ യിലൊന്നടങ്കം ദീപാവലി നാളുകളില്‍ പൊട്ടിച്ച് തീര്‍ക്കുന്നത്. പടക്കം പോലെ തന്നെ ഒരു നിമിഷം കൊണ്ട് കത്തിക്കരിഞ്ഞില്ലാതാകുന്ന നിരവധി ജീവിതങ്ങള്‍ കണ്ടിട്ടുണ്ട് ശിവകാശിക്കാര്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രണ്ടായിരത്തോളം കുട്ടികള്‍ക്കാണ് വെടിക്കെട്ട് പുര ദുരന്തങ്ങളുടെ ഫലമായി തങ്ങളുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ഇത്തരം ദുരന്തങ്ങളില്‍പ്പെട്ട് കുട്ടികളടക്കമുള്ള നൂറുകണക്കിന് തൊഴിലാളികള്‍ക്ക് അംഗഭംഗമുണ്ടായിട്ടുമുണ്ട്. ശിശുക്ഷേമ പ്രവര്‍ത്തകര്‍ ശിവകാശിയില്‍ നടത്തിയ പഠനത്തിനൊടുവില്‍ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണിവ.
ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ബാലവേല നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ശിവകാശി. മേഖലയില്‍ ഏറ്റവും ജനകീയമായ തൊഴിലെന്ന രീതിയിലാണ് ആളുകള്‍ ഇവിടെ പടക്ക നിര്‍മ്മാണം തെരഞ്ഞെടുക്കുന്നത്. പഠിക്കാന്‍ നിര്‍വ്വാഹമില്ലാത്ത ദരിദ്രയായ കുട്ടികളും ഉപജീവമാര്‍ഗ്ഗമായി തെരഞ്ഞെടുക്കുന്നതും ഇതേ തൊഴില്‍ തന്നെയാണ്. വിജയകരിസികുളം, കോതൈനാച്ചിയപുരം എന്നീ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ നിന്നുള്ള മുപ്പത് ശതമാനത്തോളം കുട്ടികളാണ് സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് ജോലിക്കിറങ്ങിയിട്ടുള്ളതെന്ന് ശിശുവികസന സമിതി ഡെപ്യൂട്ടി ഡയറക്ടര്‍ തേന്‍ പാണ്ഡ്യന്‍ വെളിപ്പെടുത്തി. പടക്കക്കമ്പനികള്‍ക്ക് പുറമേ തീപ്പെട്ടി ഫാക്ടറികളും കുട്ടികളെ ചൂഷണം ചെയ്യുകയാണ്, അതീവ ഗുരുതരമായ അരോഗ്യപ്രശ്നങ്ങളാണ് ഇത്തരം കുട്ടികള്‍ക്ക് നേരിടേണ്ടി വരിക, അദ്ദേഹം പറഞ്ഞു. ശിവകാശിക്ക് ചുറ്റുമുള്ള നാല്‍പ്പത് ഗ്രാമങ്ങളിലെ എണ്‍പത് ശതമാനം കുട്ടികളും പടക്ക വ്യവസായത്തിന്റെ ഭാഗമാണെന്നും, സ്കൂള്‍ സമയത്തിന് മുന്‍പോ പിന്‍പോ പാര്‍ട്ട് ടൈമായി ഇത്തരം തൊഴിലേര്‍പ്പെടുന്ന കുട്ടികളുമുണ്ടെന്നും ശിശു ക്ഷേമ സമിതി പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ശനി,ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍സമയ പടക്ക നിര്‍മ്മാണത്തിലേര്‍പ്പെടുന്ന കുട്ടികളുമുണ്ട്. വീട്ടിലെ ദാരിദ്ര്യം മൂലമാണ് കുട്ടികളേയും ജോലിക്ക് വിടേണ്ടി വരുന്നതെന്നാണ് ഭൂരിഭാഗം മാതാപിതാക്കളും പറയുന്നത്. പടക്കത്തിന്റെ അനുബന്ധ ഉത്പന്നങ്ങളായ പേപ്പര്‍ കോണുകള്‍, റോളുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും പ്രധാനമായും കുട്ടികളെത്തന്നെയാണ് നിയമിക്കുന്നത്, സമിതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ ദീപാവലി സീസണില്‍ ശിവകാശിയില്‍ 900 കോടി രൂപയ്‌ക്കടുത്ത് കച്ചവടം നടക്കുമെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാര്‍ അനുമതിയുള്ള എഴുനൂറോളം പടക്കശാലകള്‍ മാത്രമേ ശിവകാശിയിലുള്ളു. എന്നാല്‍ അനധികൃത പടക്കശാലകളുടെ എണ്ണമാകട്ടെ ഇതിന്റെ ഇരട്ടിയിലധികം വരും. ഇന്ത്യയിലെ പടക്ക വ്യാപാരത്തിന്റെ എണ്‍പത് ശതമാനത്തോളവും കൈകാര്യം ചെയ്യുന്ന ശിവകാശിക്കാര്‍ക്ക് ജീവിതമെന്നതേ ഒരു തീക്കളിയാണെന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: