ന്യൂദല്‍ഹി: അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ടീം ഹസാരെ അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത്ഭൂഷണെ ഒരു സംഘം അക്രമികള്‍ തല്ലിച്ചതച്ചു. സുപ്രീംകോടതിക്ക് സമീപമുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയ മൂന്ന് യുവാക്കള്‍ ഭൂഷണെ കടന്നാക്രമിക്കുകയും കസേരയില്‍നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടിയരക്കുകയും ചെയ്തു. സ്വകാര്യ ടിവി ചാനലുമായി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു അപ്രതീക്ഷിത ആക്രമണം.
സുപ്രീംകോടതിക്ക് എതിര്‍വശത്തെ ന്യൂ ലോയേഴ്സ് ചേംബറില്‍ ചേംബര്‍ നമ്പര്‍ 301 ല്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കാശ്മീരിനെക്കുറിച്ച് ഭൂഷണ് നടത്തിയ ചില പരാമര്‍ശങ്ങളോട് എതിര്‍പ്പുണ്ടെന്ന് പറഞ്ഞാണ് മൂന്നുപേര്‍ ഓഫീസിലേക്ക് തള്ളിക്കയറിയത്. സ്വകാര്യ ചാനലുമായി പ്രശാന്ത് ഭൂഷണ് സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ ആക്രമണം തല്‍സമയം ടിവി സ്ക്രീനുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ശക്തമായ ലോക്പാലിനുവേണ്ടി വാദിക്കുകയും യുപിഎ സര്‍ക്കാരുമായി ഇതിനുവേണ്ടി പോരടിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പൊതുസമൂഹത്തിന്റെ പ്രതിനിധിയായി ലോക്പാല്‍ സമിതിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂഷനെ മൂന്ന് യുവാക്കള്‍ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ക്ക് രാജ്യം സാക്ഷിയായത് വന്‍പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. ഭൂഷണെ രക്ഷിക്കാനെത്തിയ അസിസ്റ്റന്റിനെയും അക്രമികള്‍ അടിച്ചുവീഴ്ത്തി. പിന്നീട് കൂടുതല്‍ അഭിഭാഷകരെത്തിയാണ് ഇരുവരെയും രക്ഷിച്ചത്. ഭൂഷണ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചിലര്‍ കയ്യേറ്റം ചെയ്യുകയുണ്ടായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. നംഗ്ലോയിയിലെ കരായ് സ്വദേശിയായ ഇന്ദര്‍വര്‍മ (24) ് എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ഭൂഷണെ പിന്നീട് റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് ടി.എസ്. സിദ്ധു അറിയിച്ചു. ആക്രമണത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും കോണ്‍ഗ്രസ്, ബിജെപി, സിപിഎം തുടങ്ങിയ പാര്‍ട്ടികളും വിമര്‍ശിച്ചു. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹസാരെ പ്രതികരിച്ചു. ആക്രമണത്തിെന്റ വിശദാംശങ്ങള്‍ കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണം കിരാതമാണെന്നും അതിനെ അപലപിക്കാന്‍ കടുത്ത വാക്കുകള്‍ ഇല്ലെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടു. അക്രമികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും സംഭവം അപലപനീയമാണെന്നും ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് പറഞ്ഞു.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ. ഗുപ്തക്ക് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. വൃത്തികെട്ട കളികള്‍ക്ക് മടിക്കാത്ത കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോള്‍ ശക്തമായ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന്പിന്നിലെ സത്യം പുറത്തുവരികയുള്ളൂവെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ഡെക്കര്‍ പറഞ്ഞു. ആര്‍ക്കെതിരെ നടക്കുന്ന ഏത് അതിക്രമത്തെയും ബിജെപി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: