പാറ്റ്ന: രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്താല്‍ രണ്ടാം യു.പി.എ. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ജനചേതനാ യാത്രയുടെ ഭാഗമായി പാറ്റ്നയിലെത്തിയ എല്‍.കെ അദ്വാനി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ഇനിയും നാളുകളുണ്ടെങ്കിലും ഇന്നത്തെ നിലയില്‍ സര്‍ക്കാര്‍ അധികനാള്‍ മുന്നട്ടു പോകുമെന്നു കരുതാനാവില്ല. രാഷ്ട്രീയ രംഗത്ത് നിന്നുള്ള സൂചനകള്‍ ഇതാണ് നല്‍കുന്നതെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
അഴിമതിയും കള്ളപ്പണ വിഷയവും സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ കേന്ദ്രത്തിന് ആത്മാര്‍ഥ നിലപാടില്ല. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1948- 2008 കാലഘട്ടത്തില്‍ കള്ളപ്പണ നിക്ഷേപം വഴി രാജ്യത്തിന് ഇരുപത്തിമൂന്നു ലക്ഷത്തി പതിനായിരം കോടി യുടെ വരുമാന ചോര്‍ച്ചയുണ്ടായി. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 1.4 കോടി ട്രില്യണ്‍ ഡോളറാണ്. റഷ്യ, ബ്രിട്ടണ്, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ മേലെയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമെ തീരുമാനിക്കുകയുള്ളൂ. 2009ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: