ഐഎല്‍ഒയുടെ ആറാമത് തൊഴില്സമ്മേളനത്തിലെ ആദരണീയ അദ്ധ്യക്ഷന്‍, ബഹുമാന്യരായ പ്രതിനിധി സുഹൃത്തുക്കളെ,
എല്ലാവര്ക്കും എന്റെ അഭിവാദ്യങ്ങള്‍. ഉജ്ജ്വലമായ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ച ആദരണീയ ഐഎല്‍ഒ ഡയറക്ടര്‍ ജനറലിന് എന്റെ പ്രത്യേകമായ വന്ദനം. ആഗോളതൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ഐഎല്‍ഒക്ക് ഇന്ത്യന്‍ തൊഴിലാളിസമൂഹത്തിന്റെ പേരില്‍ നന്ദി പറയുന്നു. ഈ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനവും സന്തോഷവുമുണ്ട്. പരുക്കന്‍ ആഗോളപരിതസ്ഥിതികളെ കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ മികവാണ് ഐഎല്‍ഒ പുലര്‍ത്തിയിട്ടുള്ളത്.
എല്ലാവര്ക്കും ശാന്തിയും സമാധാനവും പുരോഗതിയും ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും എന്നത് അവിതര്‍ക്കിതമാണ്. സന്തുഷ്ടിയും സമാധാനവും സമ്പത്തിനെ മാത്രം ആശ്രയിച്ചല്ല ഉണ്ടാവുന്നത്. ഹൃദയവും ഹൃദയവും തമ്മില്‍ സഹവര്‍ത്തിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാവുന്നത്. നിര്‍ഭാഗ്യവശാല്‍ ആഗോളീകരണം ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. ഐഎല്‍ഒ ഇക്കാര്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തു എന്നത് ആശ്വാസകരമാണ്. അതുകൊണ്ടാണല്ലോ നീതിപുര്വ്വകമായ ആഗോളീകരണത്തിനും സാമൂഹ്യസംരക്ഷണത്തിനും തൊഴിലിന്റെ അന്തസ്സിനും ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഖേദകരമായ വസ്തുത ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും ഈ സിദ്ധാന്തത്തിന്റെ അന്തസ്സത്തയെ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്നുള്ളതാണ്. വേതനവും മറ്റാനുകൂല്യങ്ങളും മരവിപ്പിക്കലും ചൂഷണവും സാമൂഹ്യസംരക്ഷണ സുരക്ഷാപദ്ധതികളെ നിര്‍വീര്യമാക്കലും ലോകത്ത് നിരവധി രാജ്യങ്ങളില്‍ നടന്നുവരുന്നു. വികസനത്തിന്റെ മറവില്‍ ചൂഷണവും അഴിമതിയും ലോകത്ത് പലരാജ്യങ്ങളിലും പെരുകുന്നുണ്ട്. തൊഴില്‍ നല്കുന്ന വികസനമാണ് ലോകത്ത് ഉണ്ടാവേണ്ടത് എന്ന് ഞങ്ങള്‍ കരുതുന്നു. ഈ പരിതസ്ഥിതിയില്‍ ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്ന സാമൂഹ്യസംരക്ഷണം, ഗാര്‍ഹികത്തൊഴിലാളികള്‍, തൊഴില്‍ സ്ഥലത്തെ ഭരണവും പരിശോധനയും, അനിവാര്യമായ ഏകീകൃത നിലവാരസജ്ജീകരണം എന്നീ വിഷയങ്ങള്‍ അത്യന്തം സ്വഗാതാര്‍ഹമാണ്.
സമതുലിതമല്ലാത്ത ആഗോള സാമ്പത്തിക വിതരണം മൂലമുണ്ടാവുന്ന അസമത്വങ്ങള്‍ക്ക് അല്പമെങ്കിലും പരിഹാരം കണാന്‍ ഐഎല്‍ഒയുടെ സജീവ ഇടപെടലുകള്‍ക്ക് കഴിയുന്നുണ്ട്. ആഗോളസാമ്പത്തിക നയപരിപാടികളുടെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നാണയങ്ങളുടെ മൂല്യശോഷണം, വ്യാപാരചുങ്കത്തിലെ ഇടിവ്, ലോകബാങ്കും അന്താരാഷ്ട്രനാണയനിധിയും മറ്റും സര്‍ക്കാരുകളെ കൂച്ചുവിലങ്ങിടുന്നത്, വിഭാഗീയതയും തീവ്രവാദവും എല്ലാം ആഗോള തൊഴിലാളിസമൂഹത്തെ ആശങ്കാകുലരാക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം തൃപ്തികരമായിട്ടുപോലും ഭക്ഷ്യവസ്തുക്കളിന്മേല് നടക്കുന്ന ഊഹക്കച്ചവടം മൂലം ഇന്ത്യയിലും മറ്റും ഭക്ഷ്യവസ്തുക്കള്‍ക്ക് നീതീകരിക്കാനാവാത്ത വിലവര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഇതിന്റെ ദുഷ്ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് തൊഴിലാളികളാണ്.
ദക്ഷിണാര്‍ദ്ധഗോളത്തിലെ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ പെരുകിയിരിക്കുന്നു. മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യവും ഇല്ലാത്തതുമൂലം മാന്യമായ തൊഴില്‍ എന്ന സങ്കല്പത്തിന് ഇടിവ് തട്ടിയിരിക്കുന്നു. ഒരു ചെറിയ വിഭാഗത്തിന്റെ കൈയില്‍ സമ്പത്ത് കുമിഞ്ഞുകൂടുന്നുണ്ട്. വ്യത്യസ്തമേഖലയിലെ വേതനത്തില്‍ ന്യായീകരിക്കാന്‍ കഴിയാത്ത അന്തരമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ തൊഴില്‍മേഖലയിലെ ത്രികക്ഷിസംവിധാനങ്ങള് തുലോം അപര്യാപ്തമാണ്. തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടുന്ന സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമം അല്ല. ട്രേഡ്യൂണിയനുകള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതുമൂലം അല്പമാത്രമായെങ്കിലും കാര്യങ്ങള്‍ നന്നായി നടക്കുന്നുണ്ട്. ചൂഷണം കുറയ്ക്കുന്നതിനുവേണ്ടി മൂലധനത്തേയും തൊഴിലാളിയേയും സമമായി കണക്കാക്കുകയും ലാഭം തുല്യമായി വിതരണം ചെയ്യുകയും വേണം.
ഗാര്‍ഹികത്തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥയില്‍ ലോകതൊഴിലാളി സമൂഹം ദുഃഖാകുലരാണ്.എല്ലാ സാമൂഹ്യസുരക്ഷാപദ്ധതികള്ക്കും പുറത്താണ് ലക്ഷക്കണക്കിന് വരുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ എന്ന് ഇന്ത്യയില്‍ അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പദ്ധതിക്ക് കീഴില്‍ വരുന്നുള്ളൂ. ട്രേഡ് യൂണിയനുകള്‍ ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ തയ്യാറായി രംഗത്ത് വരേണ്ടതായിട്ടുണ്ട്. സര്‍ക്കാരേതര സംഘടനകള്‍ക്ക് തൊഴിലാളി സംഘനകളേക്കാള് പ്രാധാന്യം നല്‍കരുത്. തൊഴിലാളി തൊഴില്‍കമ്പോളത്തിലെ ഒരു വ്യാപാരച്ചരക്ക് മാത്രം ആണെന്ന പ്രചാരണം വിലപ്പോവില്ലെന്ന് ലോകം തിരിച്ചറിയണം. സമൂഹത്തിലെ സുപ്രധാന ഘടകവും വികസനത്തിലെ തുല്യപങ്കാളിയുമാണ് തൊഴിലാളി എന്ന് ലോകം തിരിച്ചറിയുകയും തുറന്ന് അംഗീകരിക്കുകയും വേണം.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യഥാസമയം ശബ്ദമുയര്‍ത്തുന്ന ഐഎല്‍ഒയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം നല്കുന്ന ഐഎല്‍ഒ കണ്വെന്ഷന് എല്ലാ അംഗരാജ്യങ്ങളിലും നിയമമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ് ഇതെന്ന് ഞങ്ങള്‍ കരുതുന്നു. ലോകമെമ്പാടും ഇത് തൊഴിലാളികള്‍ക്ക് മാന്യത ലഭിക്കാന്‍ ഇടയാക്കും.
ഐഎല്‍ഒയുടെ ഈ ആറാമത് സമ്മേളനം നല്കിയ ഊര്‍ജ്ജം ലോകതൊഴിലാളി സമൂഹത്തിന് കുടുതല്‍ നന്മകളും നവോന്മേഷവും നല്കാന് കാരണമായിത്തീരും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. തൊഴിലാളികള്‍ക്ക് ലോകത്തെ ഒന്നാക്കാന്‍ കഴിയും എന്ന ദര്‍ശനത്തില്‍ ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഐഎല്‍ഒയും ഈ ദൗത്യവുമായി മുന്നേറുന്നു എന്നത് ആനന്ദകരമാണ്. എല്ലാ വിജയാശംസകളും നേരുന്നു. ഒരായിരം നന്ദി.
(ജനീവയില്‍ നടന്ന ഐഎല്‍ഒവിന്റെ ആറാമത് അന്താരാഷ്ട്രതൊഴില്‍ സമ്മേളനവേദിയില്‍ 2011 ജൂണ്‍ 10ന് ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയും ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ലേഖകന്‍ ചെയ്ത പ്രസംഗം)
-ബൈജ്നാഥ് റായ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: