‘കോട്ടയം ഏറ്റുമാനൂര്‍ പാലത്തറ തങ്കച്ചന്റെയും മറിയാമ്മയുടെയും മകനാണ് കുര്യന് പാലത്തറ. ഭാര്യ…..’
ടിവിയില്‍ വാര്‍ത്ത വായിക്കുന്ന പെണ്‍കുട്ടി തുടരുകയാണ്.
കണ്ണുകള്‍ കൂര്‍ത്തു. മുഖം തെല്ലുയര്‍ന്നു. അയാള്‍ ഇമയനക്കാതെ ടിവിയിലേക്ക് തുറിച്ചുനോക്കി. ഏതാനും നിമിഷം അങ്ങനെ ഇരുന്നുപോയി. അതെ, അത് കുര്യച്ചന്റെ പടംതന്നെ. പടത്തിന് താഴെ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് അയാള്‍ ബദ്ധപ്പെട്ട് വായിച്ച് തുടങ്ങിയപ്പോഴേക്കും ടിവിയില്‍ വീണ്ടും ന്യൂസ് റീഡറുടെ മുഖം. വശത്ത് ചെറുതായി കുര്യന്റെ ചിരി മായാതെ നില്ക്കുന്നു.
തങ്കച്ചന് കൂടുതല്‍ കേട്ടിരിക്കാന്‍ മെനക്കെടാതെ നീട്ടി വിളിച്ചു:
“എടി മറിയേ…..”
ഏതോ ഹിംസ്രജന്തുവിന്റെ ഗര്‍ജനം പോലെയുള്ള ശബ്ദം ഭിത്തികള്‍ ഭേദിച്ച്, തേക്കിന്റെ ഡൈനിംഗ് ടേബിള്‍ കടന്ന്, അടുക്കളയിലേക്ക് സഞ്ചരിച്ചു. തീന്മേശയില് ഇരതേടിയിരിക്കുന്ന ഈച്ചകള്‍ ഞെട്ടിപ്പറന്നു. മറിയാമ്മ ഉള്‍ക്കിടിലത്തോടെ ഒരു കൈയില്‍ കറിയിളക്കുന്ന തവിയുമായി ഡ്രോയിങ് റൂമിലേക്കോടി.
ടിവിയുടെ ഒരു മൂലയില്‍ കാണുന്നത് കുര്യച്ചന്റെ പടമല്ലേ?
ഇപ്പോഴിതാ കവിയുമായി, അവാര്‍ഡും വാങ്ങി.
ഒരുനിമിഷംകൊണ്ട് മറിയാമ്മയുടെ മനസ്സില്‍ കുര്യച്ചന്റെ ജീവചരിത്രം ചുരുളഴിഞ്ഞു. പക്ഷേ, ഒരെഴുത്തുപോലും തെറ്റില്ലാതെ എഴുതാനറിയാത്ത അവന് എങ്ങനെയാണീ കവിത എഴുതുന്നത്? അതാണവര്‍ക്ക് മനസ്സിലാകാത്തത്. കഴിഞ്ഞ അവധിക്ക് വന്നപ്പോള്‍ മുട്ടറ്റമെത്തുന്ന ജുബ്ബയിട്ട ഒരു പുസ്തകക്കാരന് വീട്ടില്‍ വന്നതും സദ്യ കൊടുത്തതുമൊക്കെ അവര്‍ ഓര്‍ത്തു.
ഒരു കവി എങ്ങനെ ജനിക്കുന്നു എന്ന് മനസ്സിലായില്ലെങ്കിലും ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഒട്ടൊക്കെ ആ വൃദ്ധ മനസ്സില്‍നിന്ന് മാഞ്ഞുപോയി.
പക്ഷേ, എന്തിനാണീ നെറികെട്ട പണിക്കൊക്കെ പോകുന്നത്, അവര്‍ പിന്നെയും ചിന്താക്കുഴപ്പത്തിലേക്ക് വീഴുമ്പോള്‍ തങ്കച്ചന് ഓര്‍ത്തോര്‍ത്ത് ഊറിച്ചിരിക്കുന്നതാണ് കാണുന്നത്. മനസില്‍ പറഞ്ഞത് ഒട്ടൊക്കെ ആത്മഗതമായി പുറത്തേക്ക് വന്നിരുന്നുവെന്ന് മറിയാമ്മയ്ക്ക് അപ്പോഴാണ് തിരിഞ്ഞത്.
“എടീ അവന് കവിയല്ലേ ആയുള്ളൂ. കള്ളനും കൊലപാതകിയുമൊന്നുമായില്ലല്ലോ. പിന്നെ നീയെന്തിനാ അസൂയക്കാരെപ്പോലെ ഇങ്ങനെ കുറ്റം പറയുന്നത്? ഈ നാട്ടില്‍ വിവരമില്ലാത്ത എത്രയോ പേര് സര്‍വജ്ഞപീഠം കയറിയതുപോലെ നടക്കുന്നു. നമ്മുടെ മോനും ഈ നാട്ടില്‍നിന്ന് പോയതല്ലേ? ജാത്യാലുള്ളത് തൂത്താല്‍ പോകുമോ? അല്ലെങ്കിലും ഈ സാഹിത്യമെന്നു വച്ചാലെന്താ, അതൊരു അമാനുഷ സിദ്ധിയാ, എല്ലാവര്ക്കും കിട്ടില്ലത്. വായിക്കുന്നവനും വിവരമുള്ളവനുമൊക്കെ വല്ലതും മനസ്സിലാകും.”
മറിയാമ്മയെ ആശ്വസിപ്പിച്ചുകൊണ്ടും സ്വയം അഭിമാനിച്ചുകൊണ്ടും തങ്കച്ചന് എഴുന്നേറ്റ് ടിവി ഓഫ് ചെയ്ത് അകത്തേക്കുപോയി. മറിയാമ്മ പിന്നെയും അവിടെത്തന്നെ നിന്നു. തങ്കച്ചന് മിനിറ്റുകള്‍ക്കകം വേഷംമാറി പുറത്തേക്ക് വന്നു.
“എങ്ങോട്ടാ?”
“എന്റെ മോന് കവിയായത് നാല് പേരറിയണം”.
“മോനു പറ്റിയ അപ്പന് തന്നെ”.
ശ്വാസോച്ഛ്വാസം ഉയര്‍ന്നു താണു. രക്തം സിരകളില്‍ ഇരമ്പിയാര്‍ത്തു. അവന്റെ പടമെന്താ ടീവില്? അമേരിക്കയില്‍ വീണ്ടും ഭീകരന്മാരുടെ ആക്രമണം വല്ലതുമുണ്ടായോ?
എന്റെ മകന് എന്തെങ്കിലും പറ്റിയോ?
മനസില്‍ ഒരു നിമിഷംകൊണ്ടുയര്‍ന്ന ഒരായിരം ചോദ്യങ്ങളില്‍ ഒന്നു പോലും ചോദിക്കാന്‍ കരുത്തില്ലാതെ മറിയാമ്മ ഭര്‍ത്താവിന്റെ മുഖത്തേക്കു പകച്ചു നോക്കി.
ആ നോട്ടത്തില്‍ തങ്കച്ചന്റെ മുഖത്തെ സന്തോഷം ഉള്ളിലേക്കു വലിഞ്ഞു പോയി.
“യെന്തിനാ അവനെ ടീവില് കാണിച്ചേ”
മറിയാമ്മ ഒടുവില്‍ വാക്കുകള്‍ കണ്ടെത്തി
” എടീ നീ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നതെന്തിനാ? നമ്മുടെ മോന് കവിക്കുള്ള അവാര്‍ഡ് കിട്ടിയ വാര്‍ത്തയാ വന്നേ”
മറിയാമ്മയുടെ കണ്ണുകള്‍ ഇപ്പോള്‍ കൂടുതല്‍ തുറിച്ചു. ഇപ്പോ പുറത്തേക്കു ചാടുമെന്ന മട്ടില്‍.
ചെറുപ്പത്തിലേ കുറുക്കു വഴിയും കുരുട്ടു ബുദ്ധിയുമാണ് കുര്യന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍. പഠിപ്പിക്കാന്‍ വിട്ടകാലത്ത് മന്ത്രിയാകാനുള്ള തത്രപ്പാടില്‍ പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും നാട്ടുകാരുടെ തല്ലുകൊണ്ടും നടന്നു. നശിച്ചു പോകുന്നതു കണ്ടുനില്ക്കാന് വയ്യാതെ ഉള്ള വീടും പറമ്പും പണയപ്പെടുത്തി കാശുണ്ടാക്കി ഏജന്റിനു കൊടുത്ത് ഗള്‍ഫിലേക്കയച്ചു. അവിടെനിന്ന് ഒരു നഴ്സിനെയും കെട്ടിയാണ് ആദ്യത്തെ അവധിക്കു വന്നത്. ഭാഗ്യത്തിനു കത്തോലിക്കക്കാരി തന്നെ. പത്താം ക്ലാസ് തോറ്റവന് ബിഎസ്സി നഴ്സിനെ കെട്ടിക്കൊണ്ടു വരുമ്പോള്‍ ഇറക്കിവിടാന്‍ പറ്റില്ലല്ലോ.
ഏതായാലും കുര്യച്ചന്റെ രണ്ടു കുട്ടികളും ഇപ്പോള്‍ പ്രായപൂര്‍ത്തിയായി. മകനെ പഠിപ്പിക്കാന്‍ അമേരിക്കയില്‍ വിട്ടതും വെറുതെയല്ലല്ലോ. ആ വഴി അവനും കുടുംബവും അങ്ങോട്ടു വിസ സംഘടിപ്പിച്ചു. അനുജത്തിയുടെ മക്കള്‍ അമേരിക്കയില്‍ വഴി പിഴച്ചു പോയതുകൊണ്ട് അവന്റെ മകനെ പഠിപ്പിക്കാന്‍ നാട്ടിലേക്കു വിടാന്‍ പറഞ്ഞതാണ്. കേട്ടില്ല. അമേരിക്ക മാത്രമായിരുന്നു അവന്റെ സ്വപ്നത്തില്‍. അവന് ആശിച്ചതൊക്കെ നേടി. ഇപ്പോ മറിയാമ്മയുടെ ആത്മഗതം കുടയെടുക്കാന്‍ പോയ തങ്കച്ചന് കേട്ടില്ല.
” എന്താ നീ പറഞ്ഞേ”
” ഞാനൊന്നും പറഞ്ഞില്ല. അല്ല, ഈ ചെണ്ടകൊട്ടി വിളംബരം വേണോ?”
” തീര്‍ച്ചയായും വേണം എന്തൊക്കെയാ ഈ ടീവിക്കാരും പത്രക്കാരും പറയുന്നത്. അതൊക്കെ പൗരസ്വാതന്ത്ര്യമാ. നിനക്കെന്തറിയാം”
തങ്കച്ചന് ഉറച്ച ചുവടുകളോടെ മുറ്റത്തേക്കിറങ്ങി. പിന്നാലേ വീണ്ടും മറിയാമ്മയുടെ ശബ്ദം.
” പോയിട്ടേ, ഇരുട്ടുന്നതിനു മുമ്പിങ്ങെത്തണം”
തങ്കച്ചന് തിരിഞ്ഞു നിന്നു, മറുപടി പറഞ്ഞില്ല. ഒരു ചിരി മെല്ലെ തെളിഞ്ഞു. പിന്നതു പൊട്ടിച്ചിരിയായി, അട്ടഹാസമായി.
മറിയാമ്മ മിഴിച്ചു നോക്കി.
” ഇങ്ങനെ ചിരിക്കാന്‍ ഞാന്‍ തമാശ വല്ലതും പറഞ്ഞോ”
തങ്കച്ചന് മറിയാമ്മയെ ആപാദചൂഡം കണ്ണുകള്‍കൊണ്ടൊന്നുഴിഞ്ഞു.
” അല്ല, നീ വേഗം വരണമെന്നു പറഞ്ഞപ്പം പ്രായമോര്‍ത്തങ്ങു ചിരിച്ചു പോയതാണേ…”
മറിയാമ്മയുടെ വൃദ്ധനേത്രങ്ങളുടെ കോണില്‍ നാണം തുടിച്ചു.
” ഒന്നു പോ കെളവാ….”
തങ്കച്ചന് വീണ്ടും ചിരിച്ചു
” നീ കെളവിയായതിനു ഞാനെന്തു പെഴച്ചു? എന്റെയീ അറുപത്താറ് അത്ര വല്യ പ്രായമൊന്നുമല്ല”
തങ്കച്ചന് പുറത്തേക്കു നടന്നു. മറിയാമ്മ അകത്തേക്കും. പക്ഷേ, അപ്പന്റെയും മകന്റെയും സന്തോഷം മുഴുവനായങ്ങു പങ്കുവയ്ക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. അമേരിക്കയ്ക്കൊന്നു വിളിച്ചു സംസാരിച്ചാലേ ഇനി സമാധാനമുള്ളൂ. ഫോണെടുത്ത് ഡയറി തുറന്ന് നമ്പര്‍ ഒന്നൊന്നായി നോക്കി മെല്ലെ ഡയല് ചെയ്തു. ഞായറാഴ്ചയാണ്. എല്ലാവരും വീട്ടില്‍ തന്നെ കാണും.
“ഹലോ”
കുര്യന്റെ ഭാര്യയാണ് ഫോണെടുത്തത്. ക്ഷേമാന്വേഷണങ്ങള്‍ക്കു മുമ്പേ മറിയാമ്മ ചോദ്യമെറിഞ്ഞു.
” ആന്‍സി, കുര്യന്റെ പടം ടിവീല് കണ്ടല്ലോ. അവന് ഇതെങ്ങനെ ഒപ്പിച്ചു”
” അമ്മച്ചീ, കാശു കൊടുത്താല്‍ കവിയല്ല. മഹാകവിയുമാകാം. അവാര്‍ഡും കിട്ടും, അതിനൊക്കെ നമ്മുടെ നാട്ടില്‍ തന്നെയുണ്ട് ആളുകള്‍. അമ്മച്ചി മോനെ ഒന്നുപദേശിക്കണം. കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് ഇങ്ങനെ കണ്ടമാനം കളയരുതെന്നു പറയണം”
ആനിയുടെ ശബ്ദത്തില്‍ നിഴലിട്ട അതൃപ്തി മറിയാമ്മയും പങ്കുവെച്ചു.
” നീ വെഷമിക്കണ്ട. ഞാന്‍ അവനോടു പറയാം. ഫോണൊന്നു കൊട്”
താഴെ സുഹൃത്തുക്കളും പ്രവാസി പത്രക്കാരുമായി ആഘോഷിക്കുകയാണു കുര്യച്ചന്. അതിനിടെ അമ്മച്ചിയോടു സംസാരിക്കാന്‍ പറഞ്ഞാല്‍ സാഹിത്യഭാഷയിലില്ലാത്ത മുഴുത്ത തെറി തനിക്കാകും. സ്ഥലത്തില്ലെന്നൊരു കള്ളം ആന്‍സി അമ്മച്ചിയോടു പറഞ്ഞു. ഫോണ്‍ വച്ചതും ആന്‍സി വീണ്ടും താഴത്തെ സാഹിത്യ ചര്‍ച്ചകളിലേക്കു കാതോര്‍ത്തു.
” ഒരഭിപ്രായം പറഞ്ഞുകൊണ്ട് നീരസം തോന്നരുത്. കുര്യന്റെ കവിത വായിച്ചാല്‍ പദ്യത്തെക്കാള്‍ ഗദ്യമായാണ് തോന്നുക. സായിപ്പിനെപ്പോലും നാണിപ്പിക്കുന്ന വിധത്തില്‍ സെക്സെഴുതി നമ്മുടെ കുട്ടികളെ ഇങ്ങനെ വഷളാക്കണോ?”
മദ്യം അകത്തു ചെന്നാലെ പലരുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ പുറത്തുവരൂ. പക്ഷെ, അതിനോടുപ്രതികരിച്ചതു കുര്യനല്ല. മറ്റൊരു സഹൃദയനാണ്.
“അതൊക്കെ ചൂടപ്പം പോലെ വിറ്റുപോകാനുള്ള നമ്പറല്ലേ ആശാനേ…”
അതിനോടും വിയോജിക്കുന്നവരുണ്ടായിരുന്നു.
” മാനുഷിക മൂല്യങ്ങളെ തകര്‍ത്ത് ഒരു തലമുറയെ വഷളാക്കാന്‍ സാഹിത്യകാരനൊന്നും വേണ്ട. അതിനു നാട്ടില്‍ രാഷ്ട്രീയക്കാരുണ്ട്. ഭാഷയെ വാറ്റുചാരായം പോലെ വിറ്റ് കാശാക്കുന്ന നാട്ടിലെ സാംസ്കാരിക നായകന്മാരെയാണ് നിങ്ങള്‍ ക്രുശിക്കേണ്ടത്. അല്ലാതെ, കുര്യനെപ്പോലുള്ള പ്രവാസി സാഹിത്യകാരന്മാരെയല്ല. ഞാനയച്ച കവിത ആകാശവാണിയില്‍ പാടി കാശു വാങ്ങിയ ഒരു മാസികക്കാരനെ എനിക്കറിയാം…..”
അഭിപ്രായങ്ങള്‍ക്കു മീതേ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉയര്‍ന്നു കേട്ടു.
” മിസ്റ്റര്‍ കുര്യന്, നിങ്ങള്‍ എത്രാമത്തെ വയസിലാണ് എഴുതിത്തുടങ്ങിയത്? എവിടെയായിരുന്നു ആദ്യമായി കവിത അച്ചടിച്ചു വന്നത്? പുതിയ എഴുത്തുകാര്‍ക്കു കൊടുക്കാന്‍ എന്തെങ്കിലും അനുഭവപാഠം?”
ചോദ്യങ്ങള്‍ ശരമാരിയായപ്പോള്‍ കുര്യന്റെ തല പുകഞ്ഞു. കാണാതെ പഠിച്ചു വച്ചിരുന്ന ഉത്തരങ്ങള്‍ മദ്യലഹരിയില്‍ കുഴഞ്ഞു. ചിരി ഇളിയായി. മറുപടികള്‍ തൊണ്ടയില്‍ മരവിച്ചു…..
കാരൂര്‍ സോമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: