മോസ്‌കോ: അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്ലാഡിമര്‍ പുടിന്‍ വ്യക്തമാക്കി. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രധാനമന്ത്രി പുടിന്‍ പറഞ്ഞത്.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പുതുമ വരുത്താനും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും റഷ്യ ശ്രമിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവ് പുടിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടുണ്ട്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ മത്സരത്തിനുള്ള സാധ്യത ഇല്ലാതായി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറില്‍ നടക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ തീരുമാനം മെദ്‌വെദേവ് അംഗീകരിച്ചു. ഇതോടെ റഷ്യയിലെ പരമോന്നത അധികാരപദങ്ങള്‍ ഇരുവരും തമ്മില്‍ ഒരിക്കല്‍ കൂടി കൈമാറുകയാണ്. 2000 മുതല്‍ 2008 വരെ റഷ്യന്‍ പ്രസിഡന്റായിരുന്ന പുടിന്‍ തുടര്‍ച്ചയായി രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റായി ഇരിക്കാന്‍ പാടില്ലെന്ന റഷ്യന്‍ ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് മാറുകയായിരുന്നു.
പ്രധാനമന്ത്രിയായിരുന്നെങ്കിലും റഷ്യയുടെ അധികാരത്തിന്റെ കേന്ദ്ര സ്ഥാനം പുടിന്റെ കൈകളില്‍ തന്നെയായിരുന്നു. പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് പ്രസിഡന്റിന്റെ കാലാവധി നാല് വര്‍ഷത്തില്‍ നിന്നും ആറ് വര്‍ഷത്തേയ്‌ക്ക് നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: