കൊച്ചി: ജില്ലയില്‍ ചിലയിടങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ എല്ലാ വകുപ്പുകളേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തി പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തീരുമാനിച്ചു. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ.ഡി.എം ഇ.കെ.സുജാതയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പകര്‍ച്ചവ്യാധികളെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റു ബന്ധപ്പെട്ട എല്ലാ വകുപ്പുളുടേയും സംയോജിത ഇടപെടലിലൂടെ മാത്രമേ നിയന്ത്രിക്കാനാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്.സുധാകരന് പറഞ്ഞു. ജില്ലയില്‍ കിഴക്കന്‍ മേഖലകളിലാണ് പകര്‍ച്ചരോഗങ്ങള്‍ പ്രധാനമായും പടരുന്നത്. ഇതു തടയുന്നതിനായി പെട്ടെന്നുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. അടുത്ത കാലത്ത് ആലപ്പുഴ ജില്ലയില്‍ പടര്‍ന്ന് പിടിച്ച ജപ്പാന്‍ജ്വരത്തിനെതിരെ നാം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളും സ്വകാര്യ ആശുപത്രികളും പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡി.എം. ഓഫീസില്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അഡീഷണല്‍ ഡയറക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഹോട്ടലുകളില്‍ നടത്തിയ റെയ്ഡുകളില് കുടിവെള്ളത്തിലും ഭക്ഷണ കാര്യത്തിലും ശ്രദ്ധയില്ലാത്തതിനാല്‍ ധാരാളം രോഗങ്ങള്‍ പടരുന്നതായി കണ്ടെത്തി. ജില്ലയില്‍ അടുത്തിടെ 168 റെയഡുകള്‍ നടന്നു. ആറു കള്ള്ഷാപ്പുകള്ക്കെതിരെ നടപടി സ്വീകരിച്ചു. മഞ്ഞപ്പിത്ത ബാധിത പ്രദേശത്തെ നാല് ഹോട്ടലുകള്‍ അടച്ചു പൂട്ടാനും നിര്‍ദേശിച്ചു.
പള്ളുരുത്തി മേഖലയില്‍ നിലനില്‍ക്കുന്ന വെള്ളക്കെട്ട് കാരണവും കുടിവെള്ള പൈപ്പുകളിലൂടെ മറ്റു പൈപ്പുകള്‍ കടത്തി വെള്ളമൂറ്റുന്നത് മൂലവും മലിനജലം കുടിവെള്ള പൈപ്പുകളില്‍ കലരുന്നത് രോഗത്തിന് കാരണമാവുന്നതായി ഡി.എം.ഒ പറഞ്ഞു. സെപ്ടിക് ടാങ്ക് വൃത്തിയാക്കിയ ശേഷമുള്ള മലിന വസ്തുക്കള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന ജലസ്രോതസ്സുകളില്‍ തള്ളുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ഇത്തരം സംഭവങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുള്ളതായി ഡി.എം.ഒ അറിയിച്ചു.
പകര്‍ച്ചവ്യാധികള്‍ തടയുന്ന പ്രവര്‍ത്തനങ്ങളെ ജില്ലയില്‍ ഒരു വിഭാഗം വ്യാജ ഡോക്ടര്‍മാരും തടസ്സപ്പെടുത്തുന്നുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന്റെ സഹായം ലഭ്യമാക്കണം. സാംക്രമിക രോഗങ്ങളെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ സാക്ഷരതാ പ്രേരക്മാരിലൂടെയും തുല്യതാ പഠിതാക്കളിലൂടെയും സാക്ഷരതാ മിഷന് നടപടിയെടുക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജനുവരി മുതല്‍ സപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ 110348 പനിബാധിതകേസുകളും 14478 വയറിളക്ക രോഗങ്ങളും ജില്ലയില്‍ രേഖപ്പെടുത്തി. ഇക്കാലയളവില്‍ തന്നെ 289 ചിക്കന്‍പോക്സ്, 105 മലേറിയ, 81 എലിപ്പനി യും രേഖപ്പെടുത്തി. ജനുവരി മുതല്‍ ജൂലൈ വരെ 11 മഞ്ഞപ്പിത്ത ബാധിതരെ മാത്രം കണ്ടെത്തിയെങ്കില്‍ ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളില്‍ മാത്രം 54 പേരില്‍ മഞ്ഞപ്പിത്ത രോഗമുള്ളതായി കണ്ടെത്തി.
എഡിഎം ഇ.കെ.സുജാതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡപ്യൂട്ടി കളക്ടര്‍ പി.ഇന്ദിരാ ദേവി, അഡി. ഡിഎംഒ ഡോ.ഹസീന മുഹമ്മദ്, എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.ബീന, റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്, വിവിധ വകുപ്പു മേധാവികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: