ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടി.
സ്ഫോടനത്തിന് മുന്നോടിയായി ഭീകരര്‍ കൈമാറിയ സന്ദേശങ്ങള്‍ സംബന്ധിച്ച സൂചനകള്‍ക്കായാണ് ദക്ഷിണ പൂര്‍വേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയിരിക്കുന്നത്. അയല്‍രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധം പുലര്‍ത്തുന്ന ഇന്ത്യയിലെ ഭീകരഗ്രൂപ്പുകളുടെ പങ്ക് നിര്‍ണയിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഏജന്‍സികളുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് എത്തിയ ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനും വിദേശ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി പി. ചിദംബരം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വാര്‍ത്താവിനിമയം, ഭീകരന്മാരുടെ നീക്കങ്ങള്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീകരരുടെ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്ത്യ തേടിയിട്ടുണ്ട്. അന്വേഷണ വിവരങ്ങളെല്ലാം വളരെ ഗൗരവത്തോടെയാണ് അന്വേഷകര്‍ കൈകാര്യം ചെയ്യുന്നതെന്നും ചിദംബരം അവകാശപ്പെട്ടു.
ഇതിനിടെ, ഭീകരാക്രമണത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും ജമ്മുകാശ്മീര്‍ പോലീസും ഏഴുപേരെ ചോദ്യംചെയ്തുവരികയാണെങ്കിലും നിഗമനങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക ഭീകരസംഘടനയായ ഹര്‍ക്കത് ഉള് ജിഹാദി ഇസ്ലാമി (ഹുജി)യാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം ജമ്മുവിന് 230 കിലോമീറ്റര്‍ വടക്ക്-കിഴക്ക് കിഷ്ഠ്വാര്‍ പട്ടണത്തിലെ ഒരു ഇന്റര്‍നെറ്റ് കഫേയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കഫേയുടെ രണ്ട് ഉടമകളടക്കം മൂന്നുപേരെ കഴിഞ്ഞ എട്ടിന് പിടികൂടുകയും കീഴടങ്ങിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ നാലുപേരെക്കൂടി തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ജമ്മു മേഖലയിലെ പര്‍വതപ്രദേശമായ കിഷ്ഠ്വാര്‍ ഏതാനും വര്‍ഷം മുമ്പുവരെ ഭീകരതയുടെ വിളഭൂമിയായിരുന്നു. ലഷ്കര്‍ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹുജി തുടങ്ങിയ ഭീകരസംഘടനകള്‍ ഇവിടെ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: