ജറുസലേം: സാമ്പത്തിക പരിഷ്ക്കരണമാവശ്യപ്പെട്ട് നാലു ലക്ഷത്തോളം പ്രക്ഷോഭകര്‍ ഇസ്രായേലില്‍ തെരുവിലിറങ്ങി. ഞായറാഴ്ച പുലര്‍ച്ചയോടുകൂടി രാജ്യത്തിലെ പ്രമുഖ നഗരങ്ങളില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനവും നടത്തി. രാജ്യത്തെ നടപ്പ് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവുംപോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അപര്യാപ്തമാണെന്നും ഇക്കാരണത്താല്‍ ഒരു സാമ്പത്തിക വിപ്ലവം ഉടനടി സാധ്യമാക്കണമെന്നതുമാണ് പ്രക്ഷോഭകരുടെ ആവശ്യം. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണിതെന്ന് കണക്കാക്കപ്പെടുന്നു.
ഇസ്രയേലിലെ മധ്യവര്‍ഗമാണ് പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ളതെന്നും വര്‍ധിച്ചുവരുന്ന ദൈനംദിന ചെലവുകള്‍ തങ്ങളെ ഞെരുക്കുന്നതായും പ്രക്ഷോഭകരുടെ നേതാക്കളിലൊരാളായ യോനാഥന്‍ ലെവി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തോളമായി തങ്ങള്‍ അധികൃതര്‍ക്ക് നിരന്തരം നിവേദനം നല്കാറുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ചതോടെയാണ് പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചത്. അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ തലസ്ഥാന നഗരമായ ജറുസലേമില്‍ അരക്ഷത്തോളം പ്രക്ഷോഭകരാണ് അണിനിരന്നത്. സാമ്പത്തിക പുനഃസംഘടന നടപ്പില്‍ വരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും, വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ടെല്‍ അവിവിലാണ് ഏറ്റവുമധികം പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. മൂന്നുലക്ഷത്തോളം പേര്. ഹാഫിസ നഗരത്തില്‍ 35,000ത്തോളം പേര് പ്രകടനം നടത്തി. മധ്യവര്‍ത്തി സമൂഹത്തില്‍നിന്നുള്ളവരെ കൂടാതെ ദരിദ്രരും പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു.
ഇതോടൊപ്പം രാജ്യത്തെ ജനങ്ങളുടെ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറാകുന്നില്ലെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ദേശീയ സ്റ്റുഡന്റ്സ് യൂണിയന് ചെയര്മാന് ഇത്സിക് ഷുമാലി കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസമോ ജീവിതസാഹചര്യങ്ങളോ രാജ്യത്ത് ലഭ്യമല്ലെന്നും ഇത്തരം അരക്ഷിതാവസ്ഥകള്‍ പരിഹരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയോട് തൊട്ടുള്ള ജറുസലേമിലെ പ്രശസ്തമായ പാരീസ് സ്ക്വയറില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ സര്‍ക്കാരിനെ പരിഹസിച്ചും ദരിദ്രരുടെ വിഷമതകള്‍ വിവരിച്ചുമുള്ള തെരുവു നാടകങ്ങള്‍ അവതരിപ്പിച്ചു. രാജ്യത്തെ സൈനികര്‍ക്കുപോലും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നും വരുന്ന വേനല്ക്കാലത്തോടുകൂടി ഇക്കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇസ്രയേലിനെ സമരങ്ങളിലൂടെ സ്തംഭിപ്പിക്കുമെന്നും പൗരപ്രതിനിധിയായ സ്റ്റാവ് ഡാവിര്‍ അറിയിച്ചു.
പ്രക്ഷോഭകരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ച് രാജ്യത്തെ സാമൂഹിക-സാമ്പത്തിക മേഖലകള്‍ പരിഷ്ക്കരിക്കാനായി ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. നികുതി കുറക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസമേകാനുള്ള നടപടികളാണ് സമിതി പരിഗണിക്കേണ്ടിയിരുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ മാനുവല്‍ ട്രാച്ചന്ബര്ഗിന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുന്നത്. യഹൂദ രാജ്യമായ ഇസ്രയേല്‍ സൈനിക നടപടികള്‍ക്കായി പൊതുമുതല്‍ വാരിക്കോരി ചെലവഴിക്കുന്നതായും ജനപ്രതിനിധികള്‍ ആശങ്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: