ന്യൂദല്‍ഹി: ജമ്മുകാശ്മീരിന്റെ പേരില്‍ വളഞ്ഞ വഴിയിലൂടെ പാക്കിസ്ഥാനുമായി കരാറുണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ശ്രമിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. സ്വതന്ത്ര വ്യാപാരം, നിയന്ത്രണരേഖ വഴിയുള്ള സഞ്ചാരം തുടങ്ങിയ വാഗ്ദാനങ്ങളുമായി മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫുമായാണ് മന്‍മോഹന്‍സിംഗ് കരാറുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് 2009 ഏപ്രില്‍ 21 ലെ യുഎസ് എംബസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിക്കിലീക്സ് വെളിപ്പെടുത്തി.
മുഷറഫുമായി ഇത്തരമൊരു കരാറിന് ശ്രമിച്ചിരുന്നതായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അന്നത്തെ വിദേശകാര്യ കമ്മറ്റി ചെയര്മാന് ഹൊവാര്‍ഡ് ബര്‍മന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധിസംഘത്തോട് പ്രധാനമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്രെ. പ്രസിഡന്റ് മുഷറഫിന്റെ നിലനില്‍പ്പ്തന്നെ പ്രതിസന്ധിയിലായ 2007 ഫെബ്രുവരിക്കു മുമ്പുതന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നുവെന്നും സിംഗ് പറഞ്ഞിരുന്നു. ‘പിന്‍വാതിലിലൂടെ തങ്ങള്‍ ധാരണയിലെത്തി’ എന്നായിരുന്നു സിംഗിന്റെ പ്രഖ്യാപനം. ജനാധിപത്യപരമായ ശക്തവും സുസ്ഥിരവും സമാധാനപരവുമായ ഒരു പാക്കിസ്ഥാനാണ് ഇന്ത്യയുടെ ആഗ്രഹമെന്നും പാക് ഭൂപ്രദേശത്തിന്റെ ഒരിഞ്ചുപോലും ഇന്ത്യ ആവശ്യപ്പെടുന്നില്ലെന്നും സിംഗ് പറഞ്ഞുവത്രെ.
ഇന്തോ-പാക് പ്രമേയത്തിന്റെ അന്തിമ കരടിന് ഇരുരാജ്യങ്ങളും അവസാനരൂപം നല്‍കിവരികയാണെന്ന് കഴിഞ്ഞ വര്‍ഷം മുഷറഫ് നടത്തിയ പ്രസ്താവനന സിംഗിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ്. പിന്‍വാതിലിലൂടെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതെന്നും മുഷറഫ് പറഞ്ഞിരുന്നു. കാശ്മീര്‍പ്രശ്നം പരിഹരിക്കാന്‍ മുഷറഫ് വിഭാവനംചെയ്ത നാലിന പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും പിന്‍വാതില്‍ കരാറിന് ശ്രമിച്ചതത്രെ.
കാശ്മീരില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, പരമാവധി സ്വയംഭരണാധികാരം, അതിര്‍ത്തി അപ്രസക്തമാക്കി മേഖലയുടെ സംയുക്ത മാനേജ്മെന്റ് എന്നിവയാണ് മുഷറഫ് വിഭാവനം ചെയ്ത നാലിന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, ഇത് മുഷറഫിന്റെ വ്യക്തിപരമായ ചിന്തയില്‍നിന്ന് ഉടല്ടത്തതാണെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് സര്‍ക്കാര്‍ തള്ളിയിരുന്നു. പാക്കിസ്ഥാന് പാര്‍ലമെന്റും മന്ത്രിസഭയും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, മുഷറഫിന്റെ ആശയം അടിസ്ഥാനമാക്കിയാണ് പിന്‍വാതില്‍ നീക്കം നടത്തിയതെന്ന കാര്യം മന്‍മോഹന്‍സിംഗ് നേരിട്ട് പറഞ്ഞിട്ടില്ലെന്നും വിക്കിലീക്സ് ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെ അപേക്ഷിച്ച് കാശ്മീര്‍ പ്രശ്നപരിഹാര കരാറിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ മന്മോഹന്സിംഗിന് സാധിക്കുന്നതായും മുഷറഫ് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ (26/11) ഇന്ത്യക്ക് 150 ലേറെ പൗരന്മാരെ നഷ്ടപ്പെട്ടതായി ബര്‍മനെയും മറ്റ് യുഎസ് പ്രതിനിധികളെയും ഓര്‍മിപ്പിച്ച സിംഗ്, പാക്കിസ്ഥാന് പരിഷ്കൃത രാജ്യത്തെപ്പോലെ പെരുമാറുകയും 26/11 ന്റെ ആസൂത്രകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്താല്‍ മാത്രമേ സംഭാഷണം പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞു. പാക് മണ്ണില്‍നിന്ന് ഇന്ത്യക്കുനേരെ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്ന് വാജ്പേയിക്കും പിന്നീട് തനിക്കും പാക് നേതാക്കള്‍ തന്ന ഉറപ്പ് പാലിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു. അങ്ങിനെയെങ്കില്‍ വന്‍ വ്യാപാര അവസരങ്ങളാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നതെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു.
2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം പരാമര്‍ശിക്കവെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സജീവ പിന്തുണയോടെയാണ് അത് നടപ്പാക്കിയതെന്നും അക്കാര്യം പ്രസിഡന്റ് സര്‍ദാരിയെയും പ്രധാനമന്ത്രി ഗീലാനിയെയും അറിയിച്ചിരുന്നതായും സിംഗ് അവകാശപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: