തിരുവനന്തപുരം: മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ളയ്ക്ക് അനുവദിച്ച സാധാരണ പരോളും അടിയന്തര പരോളും ശിക്ഷാകാലവധിയായി പരിഗണിക്കാന്‍ നിയമതടസ്സമുണ്ടെന്ന് റിപ്പോര്‍ട്ട്. പരോള്‍ കാലാവധി ശിക്ഷാ കാലവധിയായി കൂട്ടില്ലെന്ന നിയമപരിഷ്കരണപ്രകാരമാണ് പിള്ളയുടെ ശിക്ഷാകാലവധി നീളുന്നത്. തടവുകാരന്റെ നല്ല നടപ്പു കണക്കാക്കി ലഭിക്കുന്ന ശിക്ഷാ ഇളവോടെ ഒക്ടോബര്‍ 17നു പുറത്തിറങ്ങാമെന്ന പ്രതീക്ഷയിലിരിക്കെയാണ് ജയില്‍ നിയമങ്ങള്‍ പിള്ളക്കു തടസമാകുന്നത്.
2010 പരിഷ്കരിച്ച ജയില്‍ നിയമം 78-2 പ്രകാരം തടവുകാരന് അനുഭവിക്കുന്ന എല്ലാ പരോളുകളും ഇളവുകളും അവധിയും ചേര്‍ത്താല്‍ ശിക്ഷാ കാലാവധിയുടെ മൂന്നില്ലൊന്നു കവിയാന്‍ പാടില്ല. ഇതു പ്രകാരം പിള്ളക്കു ലഭിച്ച 75 ദിവസത്തെ പരോള്‍ കുറച്ചാല്‍ 45 ദിവസമേ ഇളവായി ലഭിക്കൂ. ആയതിനാല്‍ ഒക്ടോബര്‍ 17നു പൂര്‍ത്തിയാകേണ്ട ശിക്ഷ ജനുവരി രണ്ടിനേ അവസാനിക്കൂ. നിയമം പരിഷ്കരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് സൂചന. ഒക്ടോബറിനു മുന്‍പു പരോള്‍ കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കാന്‍ സാധിക്കും.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ഫെബ്രുവരി 18നാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ഭാര്യയുടെ ചികിത്സയ്ക്കായി വിവിധ ഘട്ടങ്ങളിലായി 45 ദിവസത്തെ അടിയന്തര പരോള്‍ ലഭിച്ചു. ഇതേ സമയം ശിക്ഷ ഇളവുചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പിള്ള സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്കി. എന്നാല്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. തുടര്‍ന്നു 30 ദിവസത്തെ സാധാരണ പരോള്‍ കൂടി ജയില്‍ വകുപ്പ് അനുവദിച്ചു.
ഇതിനിടെ അനധികൃത പരോള്‍ അനുവദിക്കുന്നതായി ആരോപണം ഉയര്‍ന്നു. പിതാവിനു വിദഗ്ധ ചികിത്സ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി മകള്‍ ഉഷയുടെ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്കു പിള്ളയെ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: