ന്യൂദല്‍ഹി: നടന് ഓംപുരിക്കും മനുഷ്യാവകാശ പ്രവര്‍ത്തക കിരണ്‍ബേദിക്കുമെതിരെ പാര്‍ലമെന്റിന്റെ ഇരുവശങ്ങളിലെയും അംഗങ്ങള്‍ അവകാശലംഘനത്തിന് നോട്ടീസ് നല്കി. രാഷ്ട്രീയക്കാരെ മോശമായി ചിത്രീകരിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സഭാധ്യക്ഷന്മാരുടെ പരിഗണനയിലാണ്. കൈക്കൂലി വാങ്ങിയാണ് പാര്ലമെന്റുകള് നിയമനിര്‍മാണം നടത്തുന്നതെന്ന അഭിഭാഷകനും പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം രാജ്യസഭയില്‍ ഒരംഗം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഒരു പ്രമേയത്തിന് നോട്ടീസ് ലഭിച്ചതായി ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ സഭയില്‍ അറിയിച്ചു. വിഷയം തന്റെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അണ്ണാ ഹസാരെയുടെ സത്യഗ്രഹം നടക്കുമ്പോഴാണ് രാഷ്ട്രീയക്കാരെ ബേദികും പുരിയും ആക്ഷേപിച്ചത്. അവകാശലംഘന പ്രമേയം സഭയുടെ പരിഗണനയിലാണെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് കെ.റഹ്മാന് ഖാന് ആരോപണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ അംഗങ്ങളെ അറിയിച്ചു. ഈ വിഷയത്തില്‍ സമാജ്വാദി പാര്‍ട്ടിയിലെ രാംഗോപാല്‍ യാദവും എംഡി അഡീബും നല്കിയ നോട്ടീസുകള്‍ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓംപുരി പാര്‍ലമെന്റംഗങ്ങളെ കള്ളന്മാരെന്നും കഴിവുകെട്ടവരെന്നും ഹസാരെയുടെ സമരവേദിയില്‍ ആക്ഷേപിച്ചതായി ശൂന്യവേളയില്‍ യാദവ് ചൂണ്ടിക്കാട്ടി. ഇത് അംഗങ്ങളുടെ അവകാശ ലംഘനമാണെന്നും പ്രിവിലേജ് കമ്മറ്റിയുടെ പരിഗണനക്ക് സംഭവം വിടേണ്ടതാണെന്നും എല്ലാ അംഗങ്ങളും ഡെസ്കില്‍ താളമടിച്ചു പ്രോത്സാഹിപ്പിക്കെ അദ്ദേഹം പറഞ്ഞു.
തന്റെ വാക്കുകള്‍ തെറ്റിപ്പോയതായി നടന് ഓംപുരി സമ്മതിച്ചു. താന്‍ ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെങ്കിലും പരാമര്‍ശം നിര്‍ഭാഗ്യകരമായിയെന്ന് കിരണ്‍ ബേദിയും പ്രതികരിച്ചു. ആഗസ്റ്റ് 24-ാം തീയതി മുതല്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം എംപിമാരെ ബേദി ആക്ഷേപിച്ചതായി എംഡി അഡീബ് വെളിപ്പെടുത്തി.
കിരണ്‍ബേദിയുടെ പരാമര്‍ശങ്ങള്‍ സഭയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാര്‍ നിരക്ഷര കുക്ഷികള്‍ എന്ന കിരണ്‍ബേദിയുടെ പരാമര്‍ശം സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് യാദവ് വ്യക്തമാക്കി. സഭയില്‍ 80 ശതമാനം അംഗങ്ങളും ബിരുദധാരികളാണ് വിദ്യാഭ്യാസമില്ലാത്തവര്‍ അതുള്ളവരേക്കാള്‍ കൂടുതല്‍ കഴിവുള്ളവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: