ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിനായി നിരാഹാരസത്യഗ്രഹം നടത്തിയ അണ്ണാ ഹസാരെക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ താന്‍ ഫോണിലൂടെ ആവശ്യപ്പെടുന്നതായുള്ള വീഡിയോ ദൃശ്യം വ്യാജമാണെന്ന് സ്വാമി അഗ്നിവേശ് അവകാശപ്പെട്ടു. അഗ്നിവേശും കേന്ദ്രമന്ത്രി കപില്‍ സിബലും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമെന്ന പേരില്‍ യു ടൂബില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം വിവാദമായതിനെത്തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹസാരെ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്ന സ്വാമി അഗ്നിവേശ് മറ്റ് സംഘാംഗങ്ങളുമായി തെറ്റിപ്പിരിഞ്ഞെന്ന വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് യൂ ടൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് കിരണ്ബേദിയടക്കമുള്ള മറ്റ് ഹസാരെ സംഘാംഗങ്ങള്‍ അഗ്നിവേശിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഫോണില്‍ കപില്‍ എന്ന വ്യക്തിയെ അഭിസംബോധന ചെയ്ത് ഹസാരെക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഗ്നിവേശ് ഒരു കെട്ടിടത്തില്‍നിന്നും ഇറങ്ങിവരുന്നതാണ് ദൃശ്യം. കപില്‍ എന്ന വ്യക്തി കേന്ദ്രമന്ത്രി കപില്‍ സിബലാണെന്നാണ് ഹസാരെ അനുകൂലികളുടെ വിശദീകരണം. ‘കപില്‍ മഹാരാജ് എന്തിനാണ് അവര്ക്കിത്രയും നല്‍കുന്നത്?’ എന്നാണ് അഗ്നിവേശ് ചോദിക്കുന്നത്.
ഇതോടൊപ്പം ഹസാരെയോട് സത്യഗ്രഹം നിര്‍ത്താന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടതിനെക്കുറിച്ചും ദൃശ്യങ്ങളില്‍ അഗ്നിവേശ് പറയുന്നുണ്ട്. പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടും ഹസാരെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അത് നല്ലതിനല്ലെന്നും അഗ്നിവേശ് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലുള്ളതെന്നുമാണ് അഗ്നിവേശിന്റെ വിശദീകരണം. അഗ്നിവേശ് സംസാരിച്ചത് കപില്‍ സിബലുമായിട്ടാണെന്നത് വ്യക്തമാണെന്നും ഈ സംഭാഷണം താന്‍ കേട്ടതാണെന്നും കിരണ്‍ബേദി ആരോപിച്ചു. സ്വാമി അഗ്നിവേശ് പൂര്‍ണമായും അധാര്മികനാണ്, ഈ ദൃശ്യങ്ങള്‍ക്ക് അഗ്നിവേശ് മറുപടി പറയാന്‍ ബാധ്യസ്ഥാനാണ്, അവര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ താന്‍ കപില്‍ സിബലുമായി സംസാരിച്ചിട്ടില്ലെന്നും കപില്‍ എന്ന ഒട്ടനവധിപേര്‍ തന്റെ സുഹൃദ്വലയത്തിലുണ്ടെന്നുമാണ് അഗ്നിവേശിന്റെ വാദം. രാഷ്ട്രീയ നേതാക്കളെ താന്‍ മഹാരാജ് എന്ന് സംബോധന ചെയ്യാറില്ല. കപില്‍ മഹാരാജ് ആരുമാകാം. ആരോടാണ് താന്‍ ഫോണില്‍ സംസാരിച്ചതെന്ന് വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: