ആലുവ: ഭാരതത്തിന്റെ പൗരാണിക സംസ്ക്കാരവും പാരമ്പര്യവും ഉള്‍ക്കൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആര്‍എസ്എസ് കാര്യകാരി അംഗം ആര്.ഹരി അഭിപ്രായപ്പെട്ടു. നമ്മുടെ കുലമഹിമയോ തറവാടിത്തമോ പോലെയാണ് രാജ്യത്തിന്റെ സംസ്ക്കാരം.
രാജ്യത്തിന്റെ ചിരപുരാതനമായ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകള്‍ എവിടെയും ദൃശ്യമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രധാനപ്പെട്ട കവാടങ്ങളില്‍പ്പോലും ഭഗവദ്ഗീതയും ഉപനിഷത്തും വേദങ്ങളുമായി ബന്ധപ്പെട്ട ശ്ലോകങ്ങള്‍ ദൃശ്യമാണ്.
ജന്മംകൊണ്ട് വിദേശിയായ സാവിത്രി കാദേദ്കര് രൂപകല്‍പ്പന ചെയ്ത പരമവീരചക്രത്തില് ദേവേന്ദ്രന്റെ വജ്രായുധവും ശിവജിയുടെയുടെ ഖഡ്ഗവും ആലേഖനം ചെയ്തിട്ടുണ്ട്. അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ്, രജതകമലം, വിവിധ യൂണിവേഴ്സിറ്റികളുടെ ലക്ഷ്യമായി എഴുതിച്ചേര്‍ത്തിട്ടുള്ള വാക്യങ്ങള്‍ പലതും വേദങ്ങളും ഉപനിഷത്തുകളുമായി ബന്ധപ്പെട്ടതാണ്. ചിരപുരാതനമായ ഭാരതീയ സംസ്ക്കാരത്തിന്റെ സൂചകങ്ങളാണ് ഇതെല്ലാം. നവരാഷ്ട്രവാദികളും ബഹുരാഷ്ട്ര വാദികളും രാഷ്ട്രവാദികളുമാണ് നമ്മുടെ രാജ്യത്തുള്ളത്. സ്വാമി വിവേകാനന്ദന്, മഹര്‍ഷി അരവിന്ദന്, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ, മഹാത്മാഗാന്ധി തുടങ്ങിയവരെല്ലാം ശുദ്ധരാഷ്ട്രവാദത്തിന്റെ വക്താക്കളായിരുന്നു. മഹാത്മാഗാന്ധിയുടെ ഹിന്ദ് സ്വരാജ് എന്ന ആശയം ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ബഹുരാഷ്ട്രവാദികളാണ്.
ഇന്ന് പാക്കിസ്ഥാന്‍പോലും ഗംഗ സംസ്ക്കാരത്തിന്റെ പേരില്‍ അഭിമാനംകൊള്ളുന്നുണ്ട്. നമ്മുടെ രാജ്യത്തെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചും കൂടുതലായി പഠിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: