അധികാരത്തിന്റെ സുഖമാണ് സുഖം. അത് അനുഭവിച്ചവര്‍ക്ക്, അനുഭവിക്കുന്നവര്‍ക്ക് അതിന്റെ സുഖശീതളാവസ്ഥയുടെ പരിരംഭണത്തില്‍നിന്ന് കുതറിമാറാന്‍ കഴിയുകയില്ലത്രേ. അധികാരം പിടിച്ചടക്കാനും പിടിച്ചു നിര്‍ത്താനും ഏതറ്റംവരെ പോകാനും ഏത് ഏടാകൂടം ഒപ്പിക്കാനും അവര്‍ തയാര്‍. അതിന് എന്തെങ്കിലും യുക്തിയോ, ന്യായീകരണമോ അവര്‍ തേടും. അതില്‍ പിഴവുകളെത്ര വന്നാലും നിസ്സാരം. അധികാരമത്രേ എല്ലാം.
അങ്ങനെയുള്ള അധികാരം എന്തിനും എവിടെയും യോജിക്കുന്ന തരത്തില്‍ പ്രയോഗിക്കുക എന്നതാണ് വിജയത്തിന്റെ മാനദണ്ഡം. ഇന്ദ്രപ്രസ്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നതൊക്കെയും അധികാരത്തിന്റെ സുഗമമായ പോക്കിന് വിഘാതം സൃഷ്ടിക്കുന്നതാണെന്ന് സോണിയ മാഡത്തിനാല്‍ നിയന്ത്രിക്കപ്പെടുന്ന സര്‍ദാര്‍ജി വ്യക്തമാക്കുന്നു. ഭരണഘടന, ക്രമസമാധാനം, പാര്ലമെന്റേറിയന്മാരുടെ ചുമതല തുടങ്ങിയ അതിഗംഭീരങ്ങളായ വാക്കുകളാല്‍ അദ്ദേഹം അതൊക്കെ വിവരിക്കുന്നു. അഴിമതി എന്നൊരുസാധനം കുമ്പളങ്ങയാണോ മച്ചിങ്ങയാണോ എന്നറിഞ്ഞുകൂടാത്ത പാവം പൈതങ്ങളാണത്രേ യുപിഎ സര്‍ക്കാരിനെ നയിക്കുന്നത്. പച്ചവെള്ളം പോലും ആ പാവങ്ങള്‍ നല്ലവണ്ണം ചവച്ചരച്ചേ കുടിക്കുകയുള്ളു. അങ്ങനെയുള്ളപ്പോഴാണ് അഴിമതി, അഴിമതി എന്നുപറഞ്ഞ് ഒരു വയസ്സന് ആളെകൂട്ടുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ പറ്റുമോ എന്നദ്ദേഹം ന്യായയുക്തം ചോദിക്കുമ്പോള്‍ സ്കൂളിന്റെ വാതിലുകാണാത്തവര്‍പോലും പറയുന്നമറുപടി എന്താവുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
ഭരണഘടനയില്‍ ചില സംഗതികള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അത് അല്പം ക്ഷമയോടെ വായിച്ചിരുന്നെങ്കില്‍ അണ്ണാഹസാരെ എന്ന വിദ്വാന് ഇമ്മാതിരി തരികിടകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുകയില്ലായിരുന്നു എന്നാണ് സര്‍ദാര്‍ജി ലോക്സഭയില്‍ നെഞ്ചത്തടിച്ച് നയം വ്യക്തമാക്കിയത്. പിന്നെ, ക്രമസമാധാനം എന്നൊരു സാധനവുമുണ്ട്. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് ഇന്ത്യ ഭരിക്കുന്ന സര്‍ദാര്‍ജിസുഹൃത്തുക്കള്‍ക്ക് അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല. അക്കാര്യം അംബികാസോണിമാഡം കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് നോക്കേണ്ട ചുമതല പൊലീസിനാണ്. അവര്‍ ആയത് ഭംഗിയായിനോക്കുന്നുണ്ട്. അണ്ണാഹസാരെ വടിയും കുത്തി റോഡിലൂടെ നടന്നാല്‍ ക്രമവും സമാധാനവും പമ്പകടക്കും. അതിനാല്‍ പൊലീസിന് അതനുവദിക്കാന്‍വയ്യ. അവര്‍ തടഞ്ഞു, വണ്ടിയില്‍കയറ്റി, ജയിലില്‍ അടച്ചു. അത്രതന്നെ. ഇത്രയും നിസ്സാര പ്രശ്നത്തിനാണ് നാട്ടുകാര്‍ വെറുതെ പ്രകോപിതരാവുന്നത്.
ഇത്രയും അറിഞ്ഞസ്ഥിതിക്ക് നിങ്ങള്‍ ചോദിക്കും രാഷ്ട്രപതിജിയും പ്രധാനമന്ത്രിജിയും സ്വാതന്ത്ര്യദിനാശംസകള്‍ക്കിടയ്ക്ക് അഴിമതിയെക്കുറിച്ച് ഏതാണ്ടെന്തൊക്കെയോ പറഞ്ഞിരുന്നല്ലോ എന്ന്. ശര്യാണ്, ശര്യാണ്. പക്ഷേ, അത് ജനങ്ങള്‍ അഴിമതി നടത്തരുതെന്നാണ്. അല്ലാതെ സര്‍ദാര്‍ജി സംഘത്തിനല്ല. അത് ശരിക്കൊന്നു തെളിയിച്ചുകൊടുക്കാനാണ് അണ്ണായെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം ചെയ്തത്. പോര, അഴിമതിയില്‍ ഡോക്ടര്‍ ബിരുദവും പ്രയോഗത്തില്‍ ബിരുദാനന്തരബിരുദവുമുള്ള കല്‍മാഡി സഹോദരന്റെ അതേ സെല്ലില്‍ത്തന്നെ വിശ്രമത്തിനയച്ചത്. ഒന്നുമില്ലെങ്കിലും നമ്മുടെ ബാപ്പുജിയുടെ എളിയ ശിഷ്യനോട് അതിന്റെയൊരു മര്യാദകാണിക്കണമല്ലോ.
രാഷ്ട്രപതിജി സ്വാതന്ത്ര്യദിനത്തലേന്ന് തന്റെ സന്ദേശത്തില്‍ അഴിമതിയെക്കുറിച്ച് ഒറ്റയക്ഷരം പറഞ്ഞിട്ടില്ലെന്നാണ് നമ്മുടെ കോത്താഴം മുത്തശ്ശി ആണയിടുന്നത്. ആഗസ്ത് 15ന്റെ മലയാള മനോരമ പത്രത്തില്‍ പ്രതിഭാപാട്ടീലിന്റെ സന്ദേശം നന്നായി അച്ചടിച്ചു വന്നിട്ടുണ്ട്. പതിനാലാം പേജില്‍ അഞ്ചുകോളത്തില്‍ (കോഴിക്കോട് എഡിഷന്) നല്കിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇങ്ങനെ: വനിതകള്‍ക്കുനേരെയുള്ള കുറ്റങ്ങളില്‍ നടപടി കര്‍ശനമാക്കണം: രാഷ്ട്രപതി. 42 വരിയുള്ള ഈ പ്രസംഗവാര്‍ത്ത വായിക്കുന്ന മനോരമ വായനക്കാര്‍ ഒരു കാര്യം ദയവായി ധരിച്ചുകൊള്ളുക: ഈ ഇന്ത്യാമഹാരാജ്യം ഒരു പെണ്ണരശ്നാടാണ്.
പെണ്ണുങ്ങളെക്കുറിച്ചു മാത്രമെ രാഷ്ട്രപതിക്ക് ഉത്കണ്ഠയുള്ളു. മറ്റ് സകലമാനപത്രങ്ങളും ഇങ്ങനെയല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നറിയുമ്പോഴാണ് അഴിമതിപ്രശ്നത്തില്‍ കോത്താഴം മാധ്യമത്തിന്റെ പ്രഭാതത്തോടൊപ്പമുള്ള സംസ്കാരത്തിന്റെ രുചി മനസ്സിലാവുക. ഇമ്മാതിരി തറപ്പണി ചെയ്യുന്നതിന്റെ പേര് പ്രഗല്ഭ പത്രപ്രവര്‍ത്തനം എന്നുതന്നെയാവാം. ഇങ്ങനെതന്നെവേണം പുതുതലമുറയെ വാര്‍ത്തെടുക്കാന്‍. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ.
അന്ധവിശ്വാസം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത സഖാവാകുന്നു വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന്. എന്നും വിശ്വാസത്തിന്റെ വേലി ചാടിയിട്ടുള്ളതുകൊണ്ട് ടിയാനെ ഔദ്യോഗികവിഭാഗത്തിന് പഥ്യമല്ലെന്നത് യാഥാര്‍ഥ്യം. എന്നാലും സമ്മതിച്ചുതന്നുകൊള്ളണമെന്നില്ല.
അന്ധവിശ്വാസത്തനെതിരെയുള്ള പോരാട്ടത്തില്‍ സക്രിയമായ ഇടപെടല്‍ തന്നെയാണ് ടിയാന് നടത്തുന്നത്. ഏറ്റവും ഒടുവില്‍, തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്ന പ്രശ്നവിധിയാണ് വിദ്വാനെ പ്രകോപിപ്പിച്ചത്. കണ്മുന്നില് കാണുന്നതുപോലും നേരെചോവ്വേ വിശ്വസിക്കാന്‍ പറ്റാത്തയാളാണ് അച്യുതാനന്ദന്. അപ്പോള്‍ പിന്നെ ജ്യോത്സ്യന്മാരുടെ ഭാവനകളെ എങ്ങനെ വിശ്വസിക്കും? ഏതായാലും മൂത്ത നേതാവ് ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനമൊന്നും നടത്താത്ത സ്ഥിതിക്ക് തല്ക്കാലം നമുക്കത് കേട്ടില്ലെന്ന് വെക്കാം. ആന പോവുമ്പോള്‍ അതിന്റെ രണ്ട് ശതമാനംപോലും ശരീര വലിപ്പമില്ലാത്ത വിദ്വാന്മാര് മാര്‍ഗതടസ്സമുണ്ടാക്കാന്‍ വരാറില്ലേ. അപ്പോള്‍ ഗജവീരന് എന്താണ് ചെയ്യാറ്, അതുതന്നെ.
മാധ്യമങ്ങള്‍ സിന്റിക്കേറ്റ് പണി തുടങ്ങിയത് സിപിഎമ്മിനെ തകര്‍ക്കാനാണോ ? ആണെന്ന് ആണയിടുന്നത് അവരുടെ സംസ്ഥാനസെക്രട്ടറിയാണ്. കാച്ചിക്കുറുക്കെഴുത്തിന്റെ നിലയാശാന്‍ പി.കെ.പാറക്കടവ് മാധ്യമം (ആഗസ്ത് 22) ആഴ്ചപ്പതിപ്പില്‍ പിണറായി വിജയനുമായി നടത്തിയ സുദീര്‍ഘ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നു: ഇപ്പോള്‍ കാണാന്‍ കഴിയുന്നത് ഇത്തരം മാധ്യമങ്ങള്‍തമ്മില്‍ ഒരു യോജിപ്പ് ഉണ്ടായിരുന്നു. ആ യോജിപ്പ് മാധ്യമരംഗത്തുള്ള ഏതാനും ആളുകള്‍ ചേര്‍ന്നുണ്ടാക്കിയതാണ്. ഇത് വന്നത് ഞങ്ങളുടെ പാര്‍ട്ടിയില്‍ പാര്‍ട്ടിക്ക് ചേരാത്ത വിഭാഗീയത കടന്നുവന്ന സമയത്താണ്. ചിലര്‍ക്ക് അതിന്റെ ഭാഗമായി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അത്തരം ചില ആളുകള്‍ കൊടുക്കുന്ന വിവരങ്ങള്‍ അതിനെ ആസ്പദമാക്കി ഒരു വിഭാഗം വാര്‍ത്തകളെഴുതുന്നു. അന്നതിനെ മാധ്യമ സിന്റിക്കേറ്റ് എന്ന് ഞാന്‍ വിളിച്ചപ്പോള്‍ വലിയ പുകിലായി. പിണറായി വിജയന് ഇങ്ങനെ പറയുമ്പോള്‍ വസ്തുതയുണ്ടാകുമെന്ന് കരുതുക. അതിന് ഏറ്റവും പറ്റിയപണി പ്രസ്ക്ലബ്ബുകളുള്‍പ്പെടെയുള്ളവ നിര്‍ത്തല്‍ ചെയ്യലാണ്. അടുത്ത ഭരണത്തില്‍ അങ്ങനെയെന്തെങ്കിലും ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏതായാലും പതിനേഴെമുക്കാല്‍ പേജ് നീളുന്ന പാറക്കടവിന്റെ സൃഷ്ടിയുടെ തലക്കെട്ട് ഇങ്ങനെയാണ്: പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല. വായിച്ചുകഴിയുമ്പോള്‍ ഇങ്ങനെയൊരു ഭേദഗതിയാവാം, എനിക്കും.
ഭരണാധികാരികള്‍ക്ക് ജനങ്ങളെയും ജനങ്ങള്‍ക്ക് ഭരണാധികാരികളെയും വിശ്വാസമില്ലെന്ന കൊളോണിയല്‍ പൊലീസിങ്ങിന്റെ പഴഞ്ചന്‍ ചട്ടം അതേപടി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭയപ്പെടുത്തി അധികാരം ഉറപ്പിക്കുക എന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമായിരുന്നു ആ ചട്ടങ്ങള്‍ . (മാതൃഭൂമി ആഴ്ചപ്പതിപ്പി (ആഗസ്ത് 21)ലെ ട്രൂകോപ്പിയിലെ വധശിക്ഷയ്ക്ക് വധംശിക്ഷയില്‍ കെ.സി.സുബി) ഉജ്വലമാതൃക ഹസാരെ പ്രശ്നത്തിലെ പൊലീസ് ഇടപെടല്‍.
തൊട്ടുകൂട്ടാന്‍
ഞാനൊളിച്ചയുണ്മനിന്നില്‍
മുളകൊണ്ടുവരുന്നെന്നോ
എനിക്കുഭീതിദമെന്തോ
നിന്നിലുമങ്കുരിക്കുന്നോ ?
-പദ്മദാസ്
കവിത:
അറിയാതെ
മലയാളം വാരിക (ആഗസ്ത് 19).
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: