കോട്ടയം : അംഗീകൃതയോഗ്യതകളില്ലാത്തവര്‍ ഹോമിയോ പ്രാക്ടീസ് ചെയ്തിരുന്നത് ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപത്സ് കേരള ഹൈക്കോടതിയില്‍ ചോദ്യംചെയ്തതിണ്റ്റെ വെളിച്ചത്തില്‍, നിര്‍ദ്ദിഷ്ട വിദ്യാഭ്യാസയോഗ്യതയും, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമില്ലാതെ കേരളത്തില്‍ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യാന്‍ പാടില്ല എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്ന് ഐ.എച്ച്.കെ. സംസ്ഥാനഭാരവാഹികള്‍ വ്യക്തമാക്കി. മലബാര്‍ മേഖലയിലെ പുസ്തകം വായിച്ച് പഠിച്ചവര്‍ എന്ന് അവകാശപ്പെടുന്നവരേയും, പാരമ്പര്യം എന്ന പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെയും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള മുന്സര്ക്കാരിണ്റ്റെ ഉത്തരവിനെ സ്റ്റേ ചെയ്തുകൊണ്ടുമായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ഉത്തരവിണ്റ്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യാജ ചികിത്സകരെയും ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ഐ.എച്ച്.കെ. സംസ്ഥാന പ്രസിഡണ്റ്റ് ഡോ. പ്രസാദ് ഉമ്മന്‍ ജോര്‍ജ്ജ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. അഞ്ചര വര്‍ഷം കോളജില്‍ പഠിച്ച് ബിരുദം നേടി പ്രായോഗിക പരിശീലനവും പൂര്‍ത്തിയാക്കി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ള ഡോക്ടര്‍മാരോടൊപ്പം വ്യാജന്മാരും പ്രാക്ടീസ് ചെയ്യുന്നത് സാക്ഷര കേരളത്തിന് യോജിച്ചതല്ല എന്നു മാത്രമല്ല ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുമാവാമെന്നും പ്രസിഡണ്റ്റ് പറഞ്ഞു. ൧൯൭൩ ല്‍ ഇന്ത്യന്‍ പാര്‍ലമെണ്റ്റ് പാസ്സാക്കിയ കേന്ദ്ര ഹോമിയോപ്പതി കൗണ്‍സില്‍ ആക്ട് പ്രകാരം മാത്രമേ ഹോമിയോപ്പതിയില്‍ ചികിത്സിക്കാന്‍ അര്‍ഹതയുള്ളുവെന്നും ഐ.എച്ച്.കെ. നേതാക്കള്‍ സംസാരിച്ചു. കേരളത്തിലെ വ്യാജ ഹോമിയോ ചികിത്സകരെ കണ്ടെത്താന്‍ ഐ.എച്ച്.കെ. സര്‍വ്വെ നടത്തുമെന്നും, പ്രസ്തുത സര്‍വ്വെ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതുമാണ്. പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ നടത്തുന്ന പത്രസമ്മേളനത്തിണ്റ്റെ ആധികാരികത പരിശോധിക്കണമെന്നും. കുറഞ്ഞപക്ഷം ഡോക്ടര്‍ എന്ന പദവിക്കുവേണ്ട വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉള്ളവര്‍ പറയുന്നതേ ജനങ്ങളിലെത്തിക്കാന്‍ പാടുള്ളൂ എന്നും സംഘടനാപ്രതിനിധികള്‍ മാധ്യമ പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു. കോട്ടയം പ്രസ് ക്ളബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഐ.എച്ച്.കെ. സംസ്ഥാന പ്രസിഡണ്റ്റ് ഡോ. പ്രസാദാസ് ഉമ്മന്‍ ജോര്‍ജ്ജ്, ജന. സെക്രട്ടറി ഡോ. ടി.എല്‍. സുനില്‍കുമാര്‍, മുന്‍ പ്രസിഡണ്റ്റ് ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: