കൊച്ചി: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി മാറിയിരിക്കുന്ന ദേശീയപാതയിലെ ടോള്‍ പിരിവ് സമ്പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും ജനേച്ഛയെ സര്‍ക്കാര്‍ അവഗണിക്കരുതെന്നും ജനകീയപ്രതിരോധസമിതി ആവശ്യപ്പെട്ടു. കുമ്പളത്താരംഭിച്ചിരിക്കുന്ന ദേശീയപാതയിലെ ടോള്‍പ്ലാസയിലേക്ക് കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയമാര്‍ച്ച് പ്രമുഖ സാമൂഹിക പ്രവര്ത്തകന് അഡ്വ. മാത്യു വേളങ്ങാടന്‍ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ അറുപത്തിയഞ്ചാം വര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തുനില്ക്കുന്ന ഈ നാട്ടിലെ ജനങ്ങളുടെ വികാരത്തെ തരിമ്പും മാനിക്കാതെ, രാജ്യത്തെ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതിന്റെ പ്രത്യക്ഷതെളിവായി ദേശീയപാത വികസനത്തിന്റെ പേരിലുള്ള ഈ കടന്നുകയറ്റത്തെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
റോഡുവികസനത്തിന്റെ പേരില്‍ യാതൊരു യുക്തിക്കും നിരക്കാത്ത വാദഗതികളുമായി സാധാരണക്കാരന്റെ മണ്ണ് പിടിച്ചുപറിച്ചും ഖജനാവ് ചോര്‍ത്തിയും സ്വകാര്യകമ്പനികളെ സഹായിച്ചുകൊണ്ടാണ് ബിഒടി പദ്ധതി വരുന്നത്. നിലവിലുള്ള പൊതുവഴിയെ സ്വകാര്യവല്‍ക്കരിക്കുന്ന ഈ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജനകീയപ്രതിരോധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയും ദേശീയപാത 17 സ്റ്റേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനറുമായ ടി.കെ.സുധീര്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വിശ്വനാഥന്, കെ.ആര്, ഗോപാലകൃഷ്ണപണിക്കര്‍, ഹാഷിംചേണ്ടാമ്പിള്ളി, കെ.ബാബുരാജ്, എന്‍.ആര്.മോഹന്‍കുമാര്‍, പി.പി.അഗസ്റ്റിന്, സി.ബി. അശോകന്, ബി.പി.ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: