കാസര്‍കോട്: 2009 നവംബര്‍ 15ന് മുസ്ലീംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍കോട് നല്കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന കലാപം ആസൂത്രിതമായിരുന്നുവെന്ന് റിട്ട.എസ്.പിയുടെയും ഡിവൈഎസ്പിയുടെയും മൊഴി. മുസ്ലീംലീഗിന്റെ ആവശ്യാനുസരണം കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷനുമുമ്പാകെ അന്നത്തെ എസ്പിയായിരുന്ന രാംദാസ് പോത്തനും ഡിവൈഎസ്പി രഘുനാഥും നല്കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പരിപാടിയുടെ മറവില്‍ ജില്ലയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് മതപരമായ വിള്ളലുണ്ടാക്കുകയും അത് വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്ന ഹീനമായ തന്ത്രമാണ് ലീഗ് നടപ്പിലാക്കാന്‍ ശ്രമിച്ചത് എന്നാണ് മൊഴിയില്‍ പറയുന്നതെന്ന് ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ വെളിപ്പെടുത്തി.
ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം നടത്തുകയും ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞ് പിടിച്ച് തകര്‍ക്കുകയും ചെയ്തത് ഇതിന്റെ ഭാഗമാണ്. പ്രകടനം തുടങ്ങിയതുമുതല്‍ വഴിനീളെ കാവി കൊടികളും ക്ഷേത്ര ബോര്‍ഡുകളും നശിപ്പിച്ചുകൊണ്ടാണ് അക്രമികള്‍ മുന്നോട്ട് നീങ്ങിയത്. എം.ജിറോഡിലെ ശ്രീകൃഷ്ണഹാര്ഡ്വെയേര്സും ബസ്സ്സ്റ്റാന്റ് പരിസരത്തെ അമേയ് കോളനിയിലുള്ള ക്ഷേത്രവും ഭജനമന്ദിരവും ഹിന്ദു ഭവനങ്ങളും അക്രമികള്‍ തകര്‍ക്കുകയുണ്ടായി. യാതൊരു പ്രകോപനവുമില്ലാതെയുള്ള അക്രമം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതേ ദിവസം തന്നെ തളിപ്പറമ്പിലും നാദാപുരത്തും ലീഗ് അക്രമം നടത്തിയത് മലബാര്‍ മേഖലയില്‍ ആകമാനം വര്‍ഗ്ഗീയ കലാപത്തിന് തിരികൊളുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് എന്നും മൊഴിയില്‍ പറയുന്നു.
അക്രമത്തിനു മാത്രമായി ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും ക്രിമിനല്‍ സംഘത്തെ ലീഗ് നേതാക്കന്മാര് കാസര്‍കോട് എത്തിച്ചിരുന്നു. കല്ലും വടിയും ഇരുമ്പ് ദണ്ഡുകളും അക്രമികളുടെ കൈകളിലുണ്ടായിരുന്നു. ഇവര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഒത്തുകൂടുകയും അക്രമം നടത്തുകയും ചെയ്യുകയായിരുന്നു. ഇത് തടയാന്‍ ചെന്ന തനിക്കും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും നേരെ അക്രമിസംഘം തിരിയുകയും ജീവനു തന്നെ ഭീഷണിയാവുകയും ചെയ്തപ്പോള്‍ ആദ്യം ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവെയ്ക്കുകയും പിരിഞ്ഞു പോകാതായപ്പോള്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് രാംദാസ് പോത്തന് മൊഴിനല്കിയിരിക്കുന്നത്.
റിട്ടയേര്‍ഡ് ജസ്റ്റിസ് നിസാര്‍ കമ്മീഷന്റെ അന്വേഷണം തങ്ങള്‍ക്ക് നേരെ തിരിയുന്നു എന്ന് മനസ്സിലാക്കിയ മുസ്ലീംലീഗ് മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അന്വേഷണ കമ്മീഷനെ പിരിച്ചുവിടാനുള്ള തീരുമാനം എടുപ്പിച്ചത്. ലീഗിന്റെ ആവശ്യപ്രകാരമായിരുന്നു അന്നത്തെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജുഡീഷ്യല്‍ കമ്മീഷന് സത്യം പുറത്ത് കൊണ്ടുവരുമെന്നായപ്പോള് ജസ്റ്റിസ് നിസാര്‍ ഇടതുപക്ഷ സഹയാത്രികനാണെന്ന് ആരോപിച്ച് കമ്മീഷനെ പിരിച്ചുവിടാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഭീകരതയെ വെള്ള പൂശാനുള്ള യുഡിഎഫ് ഭരണ കൂടത്തിന്റെ ശ്രമം പോലീസ് ഉദ്യോഗസ്ഥന്മാരുടെ മൊഴി പുറത്ത് വന്നതിലൂടെ വെളിവായിരിക്കുകയാണ്.
അതേസമയം, പ്രതികളുടെ മൊഴി മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇതിനെ ലീഗ് പുച്ഛിച്ചുതള്ളുന്നുവെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് വെടിവെയ്പ്പ് സംഭവത്തിന്റെ പേരില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച അന്നത്തെ എസ് പിക്കെതിരെ നടപടി എടുക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. കേസിന്റെ പേരില്‍ ലീഗിനെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിസാര്‍ കമ്മീഷനെ ലീഗ് അംഗീകരിക്കുന്നില്ല എന്ന നിലപാടാണ് കെ.പി.എ. മജീദ് എടുത്തത്. അദ്ദേഹം ഉറച്ച കമ്മ്യൂണിസ്റ്റുകാരനാണെന്നും അദ്ദേഹത്തെക്കാള്‍ ഭേദം പിണറായിയുടെ അന്വേഷണമായിരുന്നു നല്ലതെന്നും മജീദ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: