തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിന് സമീപ ഭാവിയില്‍ തന്നെ വലിയ ദോഷങ്ങള്‍ ഉണ്ടാകുമെന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തിന് ചോരഭയം (മോഷണഭീഷണി) ഉണ്ടെന്നും ദേവപ്രശ്നവിധിയില്‍ കണ്ടെത്തി. ക്ഷേത്രാചാരങ്ങള്‍ പലതും വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്നും മേല്‍ശാന്തിമാരായ നമ്പിമാര്‍ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നില്ലെന്നും ദേവപ്രശ്നത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ പ്രശ്ന ചിന്തയില്‍ തെളിഞ്ഞു
ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്കു സമാനമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തണം. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിന്നു പോയി. പത്മനാഭ ചൈതന്യത്തിനു ജീര്‍ണതയുണ്ടായി. ഇതു പരിഹരിക്കുന്നതിനുള്ള പരിഹാര പൂജകള്‍ ഉടന്‍ ചെയ്യണം. ഇതിനുള്ള നിമിത്തമാണു ദേവപ്രശ്നത്തില്‍ കണ്ടത്. ശ്രീപത്മനാഭന് ഇപ്പോള്‍ മഹാപതീയോഗമാണെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ അപമൃത്യുപോലുള്ള വലിയ ദോഷം രാജകുടുംബത്തിന് ഉണ്ടാകും. അതൊഴിവാക്കാന് പ്രായശ്ചിത്തങ്ങള്‍ ചെയ്തേ പറ്റു. ക്ഷേത്രത്തിന്റെ ഉടമസ്ഥ സ്ഥാനത്തു നില്ക്കുന്ന രാജകുടുംബത്തിലെ ആരോ ഭഗവാന്റെ സ്വത്ത് തങ്ങളുടേതെന്ന് പറഞ്ഞ വാഗ്ദോഷം ഉണ്ടായിട്ടുണ്ട്. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദാസന്മാരായി കഴിയുന്നു എന്ന് പറഞ്ഞതിനുശേഷം സ്വത്തിന് അവകാശം പറഞ്ഞത് അറിഞ്ഞോ അറിയാതെയോ ആണെങ്കില്‍ പോലും വലിയ ദോഷമാണ്. സന്താനദോഷം ഉള്‍പ്പെടെയുള്ള ദോഷഫലങ്ങള്‍ ഉണ്ട്. രാജകുടുംബത്തിലെ ദോഷങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കൊട്ടാരത്തില്‍ പ്രശ്നചിന്ത നടത്തണമെന്നും ജ്യോതിഷ പണ്ഡിതന്മാര് വിധി കല്പ്പിച്ചു.
ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ക്ക് പലപ്പോഴായി ക്ഷതം സംഭവിച്ചിട്ടുണ്ട്.ക്ഷേത്രത്തില്‍ സ്വര്‍ണമുള്‍പ്പെടെ ധാതുദ്രവ്യങ്ങളടങ്ങുന്ന സമ്പത്ത് ചൈതന്യത്തിന്റെ ദൃഷ്ടിയുണ്ടാകാന് ശേഖരിച്ചുവച്ചതാണ്. അതിനു സ്ഥാനചലനമുണ്ടാകുന്നതു ക്ഷേത്രത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ ദോഷമുണ്ടാക്കും. അമൂല്യ വസ്തുക്കള്‍ക്ക് ചലനം സംഭവിച്ചത് അനിഷ്ടത്തിന് കാരണമാകും. കള്ളന്മാര് കൊണ്ടുപോകുമെന്നുള്ള ഭയം ഇപ്പോഴുമുണ്ട്. ഭൂമിയുടെ അടിഭാഗം തുരന്നുപോലും കള്ളന്മാര് വരാം. മോഷ്ടിച്ചുകൊണ്ടുപോകാന് വിഫലശ്രമവും നടക്കും. ദേവന്റെ സമ്പത്തിന് കോട്ടം വരാതിരിക്കാന്‍ നാമജപത്തിലൂടെ ഭഗവാനോട് അപേക്ഷിക്കണം. ഭഗവാന് ഏറ്റവും ഇഷ്ടം നാമജപമാണ്. അത് മുടങ്ങിയത് തെറ്റായിപ്പോയി. പലതരത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തിയാലും സ്വത്ത് സംരക്ഷിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ഇതെന്റേതെന്ന വിശ്വാസത്തില്‍ ഈശ്വരചിന്തയോടെ ഇതിന് സംരക്ഷണമേകണം.
ക്ഷേത്രത്തിലെ മേല്ശാന്തിസ്ഥാനമുള്ള നമ്പിമാരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകള്‍ വന്നിട്ടുണ്ടെന്നും താമ്പൂല പ്രശ്ന ചിന്തയില്‍ തെളിഞ്ഞു. കര്‍മ്മത്തിലും വ്യവസ്ഥയിലും ദീക്ഷയിലുമൊക്കെ വലിയ വീഴ്ച വന്നു. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നില്ല. തന്ത്രിയുടെ ഉപദേശം സ്വീകരിച്ചുവേണം നമ്പിമാര്‍ സ്ഥാനമേല്‍ക്കേണ്ടത് എന്ന വ്യവസ്ഥയുണ്ട്. അത് നടക്കുന്നില്ല. അനുഷ്ഠാനലംഘനങ്ങള് നടത്തുന്നത് പതിവായിട്ടുണ്ട്. നമ്പിമാര്‍ക്ക് ജീവിത നിവര്‍ത്തിക്കുള്ള എല്ലാ സൗകര്യങ്ങളും നല്കി അവരെ തൃപ്തിപ്പെടുത്തുകയും വേണം. ശാന്തിക്കാര്‍ ആചാരങ്ങള്‍ പാലിക്കാത്തവരായിട്ടുണ്ട്. മരണവീട്ടില്പോയിട്ട് ക്ഷേത്രത്തില്‍ എത്തിയതും പുലവാലായ്മ അംഗീകരിക്കാതെ പൂജയ്ക്കെത്തിയതുമൊക്കെ ദോഷമാണ്.
ക്ഷേത്രത്തിലെ ജീവനക്കാര്‍ ഓരോരുത്തരും പ്രഭുക്കളാണെന്ന് സ്വയംചമഞ്ഞ് പ്രവര്‍ത്തിക്കുകയാണെന്ന് ദേവപ്രശ്നത്തില്‍ കണ്ടെത്തി. അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കേണ്ടവര്‍ പരസ്പരം വിരോധമുണ്ടാക്കാന്‍ മത്സരിക്കുകയാണ്. ക്ഷേത്രത്തിനുളളില്‍ ആയുധങ്ങള്കൊണ്ടുവരെ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകും. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും അന്യോന്യം സ്പര്‍ധ വളര്‍ത്തുകയുമാണ് ക്ഷേത്ര ജീവനക്കാരുടെ പ്രധാന ജോലിയെന്ന് പ്രശ്ന ചിന്തയില്‍ പണ്ഡിതന്മാര് പറഞ്ഞു.
നിത്യ വേദപാരായണം നടന്ന ക്ഷേത്രമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ അത് നടക്കുന്നില്ല. വേദപാരായണത്തിനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഉണ്ടാവുകയും ഭക്തജനങ്ങള്‍ അത് നടത്തുകയും വേണം.
ക്ഷേത്രത്തിന് ദോഷംവരുത്തുന്ന ഒരു രക്ഷസിന്റെ സാന്നിധ്യവും തെളിഞ്ഞു. നമ്പിമാര്‍ക്കും മേല്‍ശാന്തിമാര്‍ക്കും നിത്യശുദ്ധിയുടെ ദോഷംകണ്ടു. ക്ഷേത്ര അശുദ്ധി പലതരത്തിലുമുളളതായി താംബൂലത്തില്‍ തെളിഞ്ഞു. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തശേഷം വേണ്ടത്ര ശുദ്ധമില്ലാതെ പൂജാദികാര്യങ്ങളില്‍ ഇടപെടുന്നതായും തെളിഞ്ഞു. ബ്രാഹ്മണകോപം ക്ഷേത്രത്തിന് ഉണ്ടായിരുന്നു. അതിന് പരിഹാരമായി പല പൂജാദി കര്‍മ്മങ്ങള്‍ക്കും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഇപ്പോള്‍ നടക്കുന്നില്ല. ചക്രാബ്ജ പൂജപോലുള്ള പൂജകളും പ്രായശ്ചിത്ത പൂജകളും സമയാസമയങ്ങളില്‍ ചെയ്യാതെ ദോഷങ്ങള്‍ കുമിഞ്ഞുകൂടി. ക്ഷേത്രത്തിലെ ജീവനക്കാരെ പരസ്പരം ശത്രുക്കളായി മാറ്റുന്നതും വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതുമായ ചില ദുരാത്മാക്കള്‍ ഉണ്ട്.
ലോകക്ഷേമത്തിനും ലോകസുകൃതത്തിനുമായി ക്ഷേത്രത്തില്‍ നടന്ന പ്രധാന പൂജയായിരുന്നു ഭദ്രദീപ പൂജ. ഇതിനായി പ്രത്യേക ഭദ്രദീപപ്പുര തന്നെ ക്ഷേത്രത്തില്‍ ഉണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥം തന്ത്രിയുടെ ഭവനത്തിലുണ്ട്. എന്നാല്‍ കുറഞ്ഞത് 70 വര്‍ഷത്തിനുള്ളില്‍ ഇതേവരെ ഈ പൂജ നടന്നിട്ടില്ലെന്നും പ്രശ്നചിന്തയില്‍ സൂചിപ്പിച്ചു. ഉടന്‍ തന്നെ ഈ പൂജ പ്രായശ്ചിത്ത പരിഹാര ക്രിയകളോടുകൂടി നടത്താമെന്ന് തന്ത്രി തരണനല്ലൂര്‍ പരമേശ്വരന് തന്ത്രി സമ്മതിക്കുകയും ചെയ്തു.
നേപ്പാളുമായി അഭേദ്യബന്ധമുള്ള ക്ഷേത്രമാണിത്. അവിടത്തെ പശുപതി ഗ്രാമക്ഷേത്രവുമായും നേപ്പാള്‍ രാജവംശവുമായും ബന്ധമുണ്ട്. നേപ്പാളിലെ ദണ്ഡകി നദിയില്‍നിന്ന് കൊണ്ടുവന്ന 12008 സാളഗ്രാമം കൊണ്ടാണ് അനന്തശയന വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് അനുസ്മരിച്ച് പ്രത്യേക സ്മരണ പൂജകള്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോഴതില്ല.
ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ബ്രാഹ്മണനെ കോന്നിട്ടുണ്ട്. അതിന്റെ ദോഷകര്മ്മങ്ങള് ചെയ്യണം. ബ്രാഹ്മണഹത്യ ചെയ്തതിനുള്ള ദോഷം ഇന്ന് ഉന്മാദാവസ്ഥയിലാണ്. ഉടമസ്ഥനെപ്പോലെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന ഒരു ഉത്തമ ഭൃത്യനേയും പീഡിപ്പിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ദുരിതം ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുണ്ട്. ദേവനുമായി ബന്ധപ്പെട്ട എല്ലാവര്ക്കും അത് ബാധിക്കുന്നു. മൂന്നോളം പരമ്പരയ്ക്ക് ക്ഷേത്രവുമായി ബന്ധമുണ്ട്. ഇതില്‍ രണ്ട് പരമ്പരകള്‍ നശിച്ചുകഴിഞ്ഞു.
ക്ഷേത്രവിഗ്രഹത്തിന്റെ ചൈതന്യം നഷ്ടപ്പെടുന്ന പലകാര്യങ്ങളും ആചാരവിരുദ്ധമായി ക്ഷേത്രത്തില്‍ നടക്കുന്നു. പ്രതിമാരൂപത്തിലും ഛായാരൂപത്തിലും സൂത്രരൂപത്തിലുമൊക്കെ ഭഗവാന്റെ രൂപങ്ങള്‍ ക്ഷേത്രത്തില്‍ നിന്നുതന്നെ കൊടുക്കുന്നത് ചൈതന്യക്കെടുതിക്ക് ഇടനല്കുന്നുണ്ട്. പുസ്തകം വില്‍പ്പനയും ഫോട്ടോവില്പ്പനയുമൊക്കെ തെറ്റാണെന്നും പ്രശ്ന ചിന്തയില്‍ തെളിഞ്ഞു. ദേവചൈതന്യത്തെ പുഷ്ടിപ്പെടുത്തുന്ന നടപടികള്‍ക്കു പകരം ദോഷം വരുത്തുന്ന കര്‍മ്മങ്ങളാണ് പൊതുവേ നടക്കുന്നത്.
ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന് യാത്രാമധ്യേ വീണ് കേട് സംഭവിച്ചിട്ടുണ്ടെന്ന് താംബൂല പ്രശ്നവിധിയില്‍ തെളിഞ്ഞു. ക്ഷേത്രത്തിന്റെ ഗര്ഭഗൃഹത്തില്നിന്ന് ചൈതന്യമുളള ഒരു വസ്തു നഷ്ടമായി. ഈ ചൈതന്യത്തിന്റെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുളള നിമിത്തങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് പ്രശ്നചിന്തയില്‍ വ്യക്തമായി.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: