തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ് അന്വേഷണ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഇടതുമുന്നണി നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 23ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഇന്ന് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
കോടതി വിധിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവനയില്‍ സി.പി.ഐ അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നു മാത്രമാണു കോടിയേരി ആവശ്യപ്പെട്ടത്. കോടിയേരിയുടെ പ്രസ്താവന ദോഷം ചെയ്തുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് താനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് സി.പി.ഐയെ അനുനയിപ്പിച്ചു.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് വിമര്‍ശനം ഉന്നയിച്ചത്. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്ന പ്രസ്താവന യു.ഡി.എഫ് ആയുധമാക്കിയെന്നും ഇതോടെ പ്രതിപക്ഷത്തിന് ശബ്ദിക്കാനാകാത്ത അവസ്ഥയുണ്ടായി എന്നുമായിരുന്നു വി.എസിന്റെ വിമര്‍ശനം.
എന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം വച്ചുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞതെന്ന് കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പാര്‍ട്ടി അതൃപ്തി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: