ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വിവിധ വേദികളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ ചില കരാറുകാരോട് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുപി) അമിതമായ പക്ഷപാതിത്വം കാട്ടിയതായി കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.
ലേല നടപടികളിലെ അപര്യാപ്തതകളും പദ്ധതികള്‍ നടപ്പാക്കുന്നതിലെ മനപ്പൂര്‍വമുള്ള കാലതാമസങ്ങളും ചെലവ് കുത്തനെ കൂടാന്‍ വഴിതെളിച്ചു. സ്റ്റേഡിയങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ യാതൊരു വൈദഗ്ധ്യവുമില്ലാത്ത കണ്‍സള്‍ട്ടിങ്ങ് എഞ്ചിനീയറിംഗ് സര്‍വീസസിനെ അഞ്ച് പ്രധാന സ്റ്റേഡിയങ്ങളുടെ മുഖ്യ ഡിസൈന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചതിനെയും സിഎജി രൂക്ഷമായി വിമര്‍ശിച്ചു.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് തുടങ്ങിയവ നിര്‍മിച്ച മോട്ട്മക് ഡൊണാള്‍സ് പോലുള്ള പരിചയസമ്പന്നരെ തഴഞ്ഞുകൊണ്ടാണ് ഈ നടപടി. സിഇഎസിന്റെ മൊത്തത്തിലുള്ള പ്രകടനം ദയനീയമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നീന്തല്‍ക്കുളം എന്നിവയുടെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് അധിക തുക ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ അനുവദിച്ചതായും കണ്ടെത്തി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ്ലിഫ്റ്റിംഗ് ഓഡിറ്റോറിയം, കദര്‍പൂര്‍ ഷൂട്ടിംഗ് റേഞ്ച് എന്നിവയുടെ നിര്‍മാണത്തിലെ തകരാറുകളും സിഎജി ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. തുക കൂട്ടിക്കിട്ടാന്‍ വളഞ്ഞ വഴികള്‍ പലതും സ്വീകരിച്ചു.
ഇന്ദിരാഗാന്ധി സ്റ്റേഡിയം കോംപ്ലക്സിലെ ജിംനാസ്റ്റിക്സ് സ്റ്റേഡിയം, ഹോസ്റ്റല്‍, മീഡിയാ സെന്റര്‍ എന്നിവയിലെ വിവിധ ജോലികള്‍ക്കായി നടത്തിയ ടെണ്ടര്‍ നടപടികളില്‍ സ്വദേശി കണ്‍സ്ട്രക്ഷന്‍ വഴിവിട്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ ഒട്ടേറെ ക്രമക്കേടുകളും ഇളവുകള്‍ അനുവദിക്കുകയും നടത്തുകയും ചെയ്തു.
ഇതിനിടെ, കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സിബിഐയെ സമീപിച്ചു.
സാമ്പത്തിക തിരിമറികളും മറ്റു ക്രമക്കേടുകളും ചൂണ്ടിക്കാട്ടുന്ന വിശദമായ പരാതി തുടര്‍നടപടികള്‍ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, സിബിഐ ഡയറക്ടര്‍ എ.പി.സിംഗ്, മുന്‍ കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വി.കെ.ഷുംഗ്ലു തുടങ്ങിയവര്‍ക്ക് ബിജെപിയുടെ ആര്‍ടിഐ സെല്‍ കൈമാറി. ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, പുറത്താക്കപ്പെട്ട സിഡബ്ല്യുജി സംഘാടകസമിതി തലവന്‍ സുരേഷ് കല്‍മാഡി, അഴിമതിയില്‍ ഉള്‍പ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ ഐപിസിയുടെയും അഴിമതി നിരോധന നിയമത്തിന്റെയും വിവിധ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ച് വേദികള്‍ക്കായി ആദ്യം അനുവദിച്ച തുകയേക്കാള്‍ കോടിക്കണക്കിന് രൂപ അധികം ചെലവായതായി ആര്‍ടിഐ സെല്‍ ദേശീയ കണ്‍വീനര്‍ വിവേക് ഗാര്‍ഗ് ചൂണ്ടിക്കാട്ടി. മറ്റ് മൂന്ന് സ്റ്റേഡിയങ്ങളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ 20 കോടിയിലേറെയും ചെലവഴിച്ചു. സിഡബ്ല്യുജിയുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകളിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഡബ്ല്യുജി അഴിമതികളില്‍ ആരോപണവിധേയയായ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പുറത്താക്കണമെന്ന് ഇന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: