കൊല്ലം ഓച്ചിറക്കടുത്ത് തീവണ്ടി ഇടിച്ച് വാന്‍ യാത്രക്കാരായ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം ആരെയും നടുക്കുന്നതാണ്. രാവിലെ ജോലിക്കുപോയി രാത്രി അന്തിയുറങ്ങാന്‍ താമസസ്ഥലത്തേക്ക് യാത്രതിരിച്ച തൊഴിലാളികള്‍ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. കാവലില്ലാത്ത ലവല്‍ക്രോസിലാണ് അപകടം എന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയും അനാസ്ഥയുമാണ് ദുരന്തം സൃഷ്ടിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. ആയതിനാല്‍ ഇരു സര്ക്കാരുകളുടെയുംപേരില് മനഃപൂര്‍വമല്ലാത്ത കൊലക്കുറ്റത്തിന് കേസെടുത്ത് വിചാരണ ചെയ്യുകയാണ് വേണ്ടത്.
കരുനാഗപ്പള്ളിക്കും ഓച്ചിറക്കുമിടയില്‍ തയ്യില്‍മുക്ക് ലവല്‍ക്രോസില്‍ അപകടഭീഷണിയുണ്ടെന്ന പരാതികള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപകടമുണ്ടായ ലവല്‍ക്രോസിന് മുമ്പ് വളവാണ്. വളവ് തിരിഞ്ഞെത്തുന്ന വണ്ടിയുടെ എഞ്ചിന്ഡ്രൈവര്ക്ക് ലവല്‍ക്രോസ് കാണാനോ വാഹനമോടിക്കുന്നവര്‍ക്ക് തീവണ്ടി കാണാനോ കഴിയില്ല. കൊല്ലത്തുനിന്ന് വിട്ടാല്‍ കായംകുളത്ത് മാത്രം നിര്‍ത്തുന്ന എല്ലാവണ്ടികളും നല്ല വേഗത്തിലാണ് യാത്ര ചെയ്യുന്നത്. അപകടം സംഭവിച്ച മാവേലിഎക്സ്പ്രസ്സും വേഗത്തിലാണ് പോകാറ്. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്കുള്ള വണ്ടിയാണിത്. ട്രെയിനിന്റെ ആഘാതത്തില്‍ വാന്‍ 200 മീറ്ററോളം അകലെ തെറിച്ചുപോയി. മൃതദേഹങ്ങള്‍ പലഭാഗത്തായി ചിന്നിച്ചിതറി. മൃതദേഹങ്ങളില്‍ മൂന്നെണ്ണം ബംഗാളില്‍ നിന്നെത്തിയ തൊഴിലാളികളുടേതാണ്. അവിടത്തെ കൊടുംപട്ടിണിയും തൊഴിലില്ലായ്മയുമാണ് നാടുവിട്ട് ജോലിതേടി ഇവിടേക്കെത്തിച്ചത്. കെട്ടിടനിര്‍മാണ തൊഴിലാളികളാണിവര്‍.
കേരളത്തിലെ 21 റെയില്‍വേ ലവല്‍ക്രോസിംഗുകളില്‍ കാവല്‍ക്കാരില്ല. പലസ്ഥലത്തും ഇതിനുമുമ്പ് സമാനമായ അപകടകങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഭരണക്കാര്‍ അപകടംസംഭവിച്ചാല്‍ ഞെട്ടുന്നതല്ലാതെ തുടര്‍നടപടികളൊന്നും സ്വീകരിക്കുക പതിവില്ല. എന്‍ഡിഎ ഭരണകാലത്ത് ഒ.രാജഗോപാല്‍ റെയില്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കെ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ നടപടിസ്വീകരിച്ചിരുന്നു. നിരവധി ലവല്ക്രോസിംഗുകള്ക്ക് മേല്‍പ്പാലം നിര്‍മിക്കാന്‍ പദ്ധതിയിട്ടു. ചിലത് പൂര്‍ത്തിയായി. എന്‍ഡിഎ ഭരണം പോയതോടെ അന്ന് തുടങ്ങിയ മേല്‍പ്പാലങ്ങള്‍ പലതും പാതിവഴിക്ക് സര്‍ക്കാരുകളെ പഴിച്ചും പരിഹസിച്ചും ഇപ്പോഴും നില്‍ക്കുകയാണ്. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. കേരളഭരണത്തിന് നേതൃത്വം നല്‍കുന്നതും കോണ്‍ഗ്രസ്സാണ്. സംസ്ഥാനത്തിനും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിയുണ്ട്. അപകടം സംഭവിച്ചാല്‍ അനുശോചനമറിയിക്കാനും റീത്ത് സമര്‍പ്പിക്കാനും മാത്രമായി ഒരു വകുപ്പും മന്ത്രിയും ആവശ്യമില്ല. ജനങ്ങളെ അപകടത്തിലേക്കും ആപത്തിലേക്കും തള്ളിവിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള ശക്തവും ഫലപ്രദവുമായ നടപടിയാണാവശ്യം. അഞ്ചുപേരുടെ കുരുതിയാണെങ്കിലും ഓച്ചിറ തയ്യില്‍മുക്ക് ലവല്ക്രോസടക്കമുള്ള ഇമ്മാതിരി സ്ഥലങ്ങളിലെല്ലാം കാവലേര്‍പ്പെടുത്താന്‍ അധികൃതരുടെ കണ്ണുതുറക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: