ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള സൂചനകള്‍ ആശങ്കാജനകമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
സാമ്പത്തിക രംഗത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ (എസ് ആന്റ് പി) അമേരിക്കയുടെ ട്രിപ്പിള്‍ എ (എഎഎ) നിലവാരം എഎ പ്ലസ് ആയി തരം താഴ്ത്തിയതാണ് ലോകമാകെ ചലനമുണ്ടാക്കിയിരിക്കുന്നത്. അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള സൂചനയാണ് ഇത് നല്‍കുന്നത്. ലോകവ്യാപകമായി സാമ്പത്തിക സംവിധാനത്തെ ഇത് തകിടം മറിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ഇത് താല്‍ക്കാലിക പ്രതിഭാസമാണെങ്കിലും ആശങ്കാജനകമാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപ സംവിധാനമായി ഇനി യുഎസ് ട്രഷറി ബോണ്ടുകളെ കണക്കാക്കേണ്ടതില്ലെന്ന എസ് ആന്റ് പിയുടെ പ്രഖ്യാപനമാണ് അമേരിക്കയെയും തൊട്ടുപിന്നാലെ മറ്റു രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. യുഎസ് ബജറ്റ് വിഹിതത്തെക്കാള്‍ ചെലവുകള്‍ മറികടന്ന പശ്ചാത്തലത്തിലാണ് ക്രെഡിറ്റ് നിലവാരം താഴ്ത്താന്‍ റേറ്റിങ്ങ് ഏജന്‍സി തീരുമാനിച്ചത്. ചില വ്യവസ്ഥകളോടെ പദ്ധതി വിഹിതം കൂട്ടാന്‍ യുഎസ് സെനറ്റും ജനപ്രതിനിധിസഭയും പ്രസിഡന്റ് ബരാക് ഒബാമക്ക് അനുമതി നല്‍കിയെങ്കിലും ട്രിപ്പിള്‍ എ പദവി നഷ്ടപ്പെട്ടതിന്റെ ആഘാതം പ്രവചനാതീതമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ കടബാധ്യത കുറയ്ക്കാന്‍ ചെലവ് ചുരുക്കുകയും നികുതി കൂട്ടുകയും ചെയ്യാനുള്ള നീക്കത്തിനെതിരെ യുഎസ് കോണ്‍ഗ്രസില്‍ കലാപം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് എസ് ആന്റ് പിയുടെ നടപടി. അമേരിക്കയെ തരംതാഴ്ത്തുമെന്ന് കഴിഞ്ഞ മാസം 14ന് എസ് ആന്റ് പി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ബ്രിട്ടണ്, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുള്ള ബോണ്ടുകളെക്കാള്‍ താഴെയാണ് യുഎസ് ട്രഷറി ബോണ്ടുകളുടെ നിലവാരം.
യുഎസില്‍ നിന്നുള്ള റിപ്പോര്ട്ടുകളെത്തുടര്ന്ന്ഇന്ത്യന് ഓഹരി വിപണിയില്‍ കറുത്ത വെള്ളി അനുഭവപ്പെട്ടു. മുംബൈ ഓഹരി വില സൂചികയും ദേശീയ ഓഹരി വില സൂചികയും കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഒരവസരത്തില്‍ 700 പോയിന്റിലേറെ ഇടിഞ്ഞ സെന്‍സെക്സ് നിര്‍ണ്ണായകമായ 17,000 പോയിന്റിലും താഴെയെത്തി. 2010 ജൂണിനുശേഷം ആദ്യമായാണ് സെന്‍സെക്സ് ഈ നിലവാരത്തിലെത്തുന്നത്. രാജ്യാന്തര വിപണികളിലെ പ്രതിസന്ധിയാണ് തകര്‍ച്ചക്ക് കാരണമെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ‘സെബി’ ചെയര്മാന് യു.കെ. സിന്‍ഹ പറഞ്ഞു.
അമേരിക്കയുടെ സാമ്പത്തിക നിലവാരത്തിലുണ്ടായ ഇടിവ് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. കുറച്ച് സമയമെടുത്ത് അത് വിലയിരുത്തേണ്ടി വരുമെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ബാഹ്യകാരണങ്ങള്‍ മൂലമാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതേസമയം, ആഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങള്‍ തുടരാനിടയുള്ളതിനാല്‍ അതിനനുസരിച്ച് ജീവിക്കാന്‍ ഇന്ത്യ പഠിക്കണമെന്നാണ് റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ കെ.സി. ചക്രവര്‍ത്തി മുംബൈയില്‍ പറഞ്ഞത്. ഒാഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ റിസര്‍ച്ച് ബാങ്കിനെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: