ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്മാരക നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ട്. അംബേദ്കര്‍, കാന്‍ഷിറാം എന്നിവരുടെ സ്മാരകമായി നിര്‍മിച്ച രണ്ട് മന്ദിരങ്ങള്‍ക്കും വേണ്ടി അറുപത്തിയാറ് കോടി രൂപയോളം അധികമായി ചെലവഴിച്ചതായും ഇതുകൂടാതെ സ്മാരകങ്ങളുടെ നിര്‍മാണത്തിലെ അശാസ്ത്രീയത സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഹാജരാക്കിയ കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സ്മാരകങ്ങള്‍ മോടിപിടിപ്പിക്കാനുള്ള ശിലാഫലകങ്ങള്‍ മിനുസപ്പെടുത്തുന്നതിനായി രാജസ്ഥാനിലേക്ക് അയച്ചതുവഴി പതിനഞ്ച് കോടി രൂപയോളം നഷ്ടമുണ്ടായി. സംസ്ഥാനത്തിനുള്ളില്‍തന്നെ ഇവ മിനുസപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇതോടൊപ്പം ഇരു മന്ദിരങ്ങളുടെയും നിര്‍മാണക്കരാര്‍ അശാസ്ത്രീയമായി പുതുക്കിയതുമൂലം 22 കോടി രൂപയോളം നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇരുമന്ദിരങ്ങള്ക്കുമായി ആദ്യം നീക്കിവെച്ചിരുന്നത് 881.22 കോടി രൂപയാണ്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതകള്‍മൂലം നിര്‍മാണച്ചെലവ് 2451.93 കോടി രൂപ ഉയര്‍ന്നുവെന്ന് 2009 ഡിസംബര്‍ 31 ന് പുറത്തിറക്കിയ നിര്മാണകണക്കുകള് വ്യക്തമാക്കുന്നുണ്ട്, റിപ്പോര്‍ട്ട് തുടരുന്നു. 2007 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ധനദുര്‍വ്യയം ശക്തമായതെന്നും മന്ദിരങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുകൂടി ഇക്കാര്യത്തിലുള്ള പണച്ചെലവ് തടയാന്‍ സര്‍ക്കാരിനായില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഇതോടൊപ്പം 2009 ഡിസംബര്‍ മുതല്‍ 2010 ഫെബ്രുവരി വരെയുള്ള കാലയളവിലുള്ള ഇരു സ്മാരക മന്ദിരങ്ങളുടെയും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്തതില്‍നിന്നും വ്യക്തമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. നിര്മാണപ്രവര്ത്തനങ്ങള്ക്കെത്തിയ തൊഴിലാളികള്‍ക്കുള്ള വേതന വ്യവസ്ഥകള്‍ അപൂര്‍ണമായിരുന്നുവെന്നും മന്ദിരങ്ങളുടെ കോണ്ട്രാക്ടുകള് അനുവദിച്ചതിലും അസ്വാഭാവികത പ്രകടമാണെന്നും സിഎജി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.
സ്മാരകമന്ദിരങ്ങളുടെ തറയിലും ഭിത്തികളിലും പതിപ്പിക്കാനുള്ള ശിലാഫലകങ്ങള്‍ സംസ്ഥാനത്തുതന്നെയുള്ള മിര്സാപൂരിലോ മുനാരിലോ മിനുസപ്പെടുത്താമായിരുന്നുവെന്നും ഈ ഫലകങ്ങള്‍ രാജസ്ഥാനിലേക്ക് മിനുസപ്പെടുത്താനായി കൊണ്ടുപോയതിലൂടെ മാത്രം 15.6 കോടി രൂപയുടെ നഷ്ടം വന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ചെലവുചുരുക്കാമായിരുന്ന പല സന്ദര്‍ഭങ്ങളും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു, സിഎജി വിമര്‍ശിച്ചു.
ഇതോടൊപ്പം മന്ദിരങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്ത്തിയായിട്ടുകൂടി ഇന്റീരിയര്‍ ജോലികള്‍ ആരംഭിച്ചിരുന്നില്ലെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി മുന്നോട്ടുപോകാനിടവന്നത് സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: