ന്യൂദല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ അന്വേഷണം നടത്തിയ ദല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പോലീസ് അര്‍ധമനസ്സോടുകൂടിയാണ് അന്വേഷണം നടത്തിയതെന്നും, യുക്തിഭദ്രമായ ഒരു നിഗമനത്തിലെത്തിച്ചേരാന്‍ അന്വേഷകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്.എം. ലോധ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല്പത് ദിവസത്തെ സാവകാശം വേണമെന്നുള്ള പോലീസിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. മൂന്നാഴ്ചകള്‍ക്കുള്ളില്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പാര്‍ലമെന്റിറി കാര്യങ്ങളില്‍ തികച്ചും അനുചിതനായ ഒരു ഇടനിലക്കാരന് കൈകടത്താനിടയായത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ കരട് അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച ദല്‍ഹി പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതേ കേസില്‍ രാഷ്ട്രീയ പ്രതിനിധികളാരും ഉള്പ്പെട്ടിട്ടില്ലെന്നുള്ള പോലീസിന്റെ നിഗമനത്തില്‍ പിഴവുണ്ടെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ ദല്‍ഹി പോലീസിന് കേസന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്നും, ഏതു അന്വേഷണ ഏജന്‍സിയോടും കിടപിടിക്കത്തക്ക രീതിയിലുള്ള മികച്ച പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവെക്കുന്നതെന്നും പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ റാവല്‍ അവകാശപ്പെട്ടു. അമര്‍സിംഗ് എംപിയുടെ സഹായിയായ സഞ്ജീവ് സക്സേന, ഇടനിലക്കാരന് സുഹൈല്‍ ഹിന്ദു സ്ഥാനി എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും, അമര്‍സിംഗ്, രേവതി രമണ്‍സിംഗ്, അശോക് അര്‍ഗല്‍ എന്നിവരുടെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുള്ള കരട് റിപ്പോര്‍ട്ടാണ് പോലീസ് ഹാജരാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടികളിലുള്‍പ്പെട്ട ആരും തന്നെ ഹിന്ദുസ്ഥാനിയുമായി ബന്ധപ്പെട്ടിരുന്നില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാരണത്താല്‍ ഇതേ കേസില്‍ നിന്നും ഇരു പാര്‍ട്ടികളെയും പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കോഴ വിവാദത്തിന്റെ മുഖ്യ സൂത്രധാരനായി പോലീസ് ഉയര്‍ത്തിക്കാട്ടുന്നത് ഹിന്ദുസ്ഥാനിയേയാണ്. മുന്‍ ബീഹാര്‍ ഗവര്‍ണര്‍ ഭൂട്ടാസിംഗിന്റെ മകനായ അരവിന്ദര്‍ സിംഗിനെയും ബിജെപി എംപിമാരെയും ഇയാള്‍ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ഇതോടൊപ്പം കേസിന്റെ അന്വേഷണത്തെക്കുറിച്ച് സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ ദല്‍ഹി പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: